കോഴിക്കോട്: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിലുണ്ടായ പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്ന് സി.പി.ഐ.എം. കുറ്റ്യാടി മണ്ഡലം ഉള്‍പ്പെടുന്ന കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
മാര്‍ച്ച് 14 ന് കുറ്റ്യാടിയില്‍ വിശദീകരണയോഗം സംഘടിപ്പിക്കാനും തീരുമാനമായി. ഏരിയാ കമ്മിറ്റി യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് തന്നെ മണ്ഡലത്തില്‍ മത്സരിക്കട്ടെ എന്ന് ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നു.
മുതിര്‍ന്ന നേതാക്കളായ എളമരം കരീം, ജില്ലാ സെക്രട്ടറി പി. മോഹനന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വടകര ഏരിയാ കമ്മിറ്റി യോഗവും ചേര്‍ന്നിരുന്നു.
അതേസമയം കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം കുറ്റ്യാടി സീറ്റ് ഒഴിച്ചിട്ടാണ് ബുധനാഴ്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
നേരത്തെ സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും കുറ്റ്യാടിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന് സീറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് കുറ്റ്യാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയത്.
മണ്ഡലം വിട്ടുകൊടുക്കരുതെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.കേരള കോണ്‍ഗ്രസിന്റെ കൊടി പോലും കുറ്റ്യാടി മണ്ഡലത്തിലെ പലയിടത്തെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അറിയുക പോലുമില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്നത് സി.പി.ഐ.എമ്മില്‍ പതിവില്ലാത്ത കാഴ്ചയാണ്. ചെങ്കൊടിയുടെ മാനം കാക്കാന്‍ എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങിയിരിക്കുന്നത്.
അതേസമയം, കുറ്റ്യാടിയിലെയും പൊന്നാനിയിലെയും പ്രതിഷേധങ്ങളില്‍ ഇപ്പോള്‍ നടപടി വേണ്ടെന്ന നിലപാടിലാണ് സി.പി.ഐ.എം കേന്ദ്രനേതൃത്വം. സംസ്ഥാന-ദേശീയ താല്‍പ്പര്യങ്ങള്‍ പരിഗണിച്ചാണ് സീറ്റുവിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പൂര്‍ത്തിയാക്കിയതെന്ന് കേന്ദ്ര നേതാക്കള്‍ വിശദീകരിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക