| Wednesday, 20th July 2016, 9:13 am

കുട്ടിമാക്കൂലിലെ ദളിത് യുവതികള്‍ക്കെതിരായ അതിക്രമം: സാക്ഷി പറയാന്‍ കോണ്‍ഗ്രസുകാര്‍ തയ്യാറാവുന്നില്ല; സഹായ വാഗ്ദാനവുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലശ്ശേരി: കുട്ടിമാക്കൂലില്‍ ദളിത് കുടുംബത്തിനുനേരെയുണ്ടായ അതിക്രമം സംബന്ധിച്ച കേസില്‍ സാക്ഷി പറയാന്‍ കോണ്‍ഗ്രസുകാര്‍ പോലും തയ്യാറാവുന്നില്ലെന്ന് റിപ്പോര്‍ട്ട്. തലശ്ശേരി ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും ഐ.എന്‍.ടി.യു.സി നേതാവുമായ കുട്ടിമാക്കൂലിലെ കുനിയില്‍ രാജന്റെ കുടുംബത്തെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന കേസിലാണ് സാക്ഷി പറയാന്‍ ആളില്ലാത്തത്.

രാജന്റെ കുടുംബത്തിനു സഹായം വാഗ്ദാനം ചെയ്ത് ബി.ജെ.പി രംഗത്തെത്തിയതായി മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്യുന്നു. സാക്ഷി പറയാമെന്നും ബി.ജെ.പി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച നടന്ന ഡി.സി.സി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കര്‍സനമായി ആവശ്യപ്പെട്ടിട്ടും സാക്ഷി പറയാന്‍ പ്രവര്‍ത്തകരാരും തയ്യാറായില്ല എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇക്കാര്യം മനസിലാക്കിയാണ് ബി.ജെ.പി ഇവര്‍ക്ക് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതാക്കള്‍ക്കൊപ്പം രാജന്റെ വീട്ടിലെത്തുകയും കേസ് നടത്താനുള്ള സഹായമുള്‍പ്പെടെ വാഗ്ദാനം ചെയ്യുകയും ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

ദേശീയ പട്ടികജാതി കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ ദല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റും താമസസൗകര്യവും നല്‍കാന്‍ തയ്യാറാണെന്ന് ബി.ജെ.പി അറിയിച്ചിട്ടുണ്ട്. പശ്‌നത്തില്‍ ദളിത് സംഘടനകളുമായി യോജിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ജാതിപ്പേര് വിളിച്ച് അപമാനിച്ച സി.പി.ഐ.എം പ്രവര്‍ത്തകരെ രാജന്റെ മക്കളായ അഞ്ജുനയും അഖിലയും പാര്‍ട്ടി ഓഫീസില്‍ കയറിച്ചെന്ന് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഒരു സംഘം രാജനെയും മക്കളെയും ആക്രമിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ ഇക്കാര്യം പരാതിപ്പെടുകയും ചെയ്തിരുന്നു. ഈ കേസിലാണ് സാക്ഷി പറയാന്‍ ആളില്ലാത്തത്.

We use cookies to give you the best possible experience. Learn more