| Wednesday, 10th March 2021, 7:54 am

പിന്നാക്ക വിഭാഗക്കാരനായതുകൊണ്ട് കോണ്‍ഗ്രസ് മാറ്റി നിര്‍ത്തി; കുട്ടിമാക്കൂല്‍ സംഭവത്തിലെ രാജന്‍ സി.പി.ഐ.എമ്മിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലശ്ശേരി: സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച കുട്ടിമാക്കൂല്‍ സംഭവത്തിലുള്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് എന്‍.രാജനും കുടുംബവും സി.പി.ഐ.എമ്മിലേക്ക്. കോണ്‍ഗ്രസില്‍ ജാതീയതയുണ്ടെന്നും സവര്‍ണ മേധാവിത്വമാണ് നടപ്പാകുന്നത് എന്നും ആരോപിച്ചാണ് രാജന്‍ സി.പി.ഐ.എമ്മിലേക്ക് പോയത്.

കോണ്‍ഗ്രസ് തലശ്ശേരി ബ്ലോക്ക് മുന്‍ ജനറല്‍ സെക്രട്ടറി, മുനിസിപ്പല്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഐ.എന്‍.ടി.യു.സി, സംസ്ഥാന സെക്രട്ടറി, ദളിത് കോണ്‍ഗ്രസ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചയാളാണ് രാജന്‍.

പിന്നാക്ക വിഭാഗക്കാരനായതുകൊണ്ടു തന്നെ യോഗങ്ങളില്‍ വിളിക്കാറില്ലെന്നും രാജന്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയെല്ലാം അറിയിച്ചാണ് രാജന്‍ കോണ്‍ഗ്രസ് വിടുന്നത്.

കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെയും രാജന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നടക്കുന്ന കെ.സുധാകരന് കണ്ണൂര്‍ ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ലെന്നും രാജന്‍ പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, വി.എം.സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം ഹസന്‍ എന്നീ നേതാക്കളെ രാജിക്കാര്യം അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച കുട്ടിമാക്കൂല്‍ സംഭവത്തില്‍ രാജന്റെ രണ്ട് പെണ്‍മക്കളെ സി.പി.ഐ.എം ഓഫീസിലും വീട്ടിലും വെച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നാണ് കേസ്.

സംഭവത്തില്‍ സി.പി.ഐ.എം ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ രാജന്റെ രണ്ട് പെണ്‍മക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൈക്കുഞ്ഞിനൊപ്പം ഇവരെ റിമാന്‍ഡ് ചെയ്തതും ജയിലില്‍വെച്ച് രാജന്റെ മകള്‍ ആത്മഹത്യയ്്ക്ക് ശ്രമിച്ചതും വലിയ വാര്‍ത്തയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kuttimakkool case; Congress leader Rajan Joins CPIM

We use cookies to give you the best possible experience. Learn more