കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ മുസ്‌ലിം യത്തീഖാനയുടെ വാര്‍ഷിക സന്ദര്‍ശനം വിവാദത്തില്‍. നേരത്തെ യത്തീഖാനയുടെ ഭരണം നടത്തിയരുന്ന കമ്മിറ്റിയും ഹൈക്കോടതി വിധിയെത്തുടര്‍ന്ന് ഭരണമേറ്റെടുത്ത മഹല്ല് കമ്മിറ്റിയായ കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയും തമ്മിലുള്ള ഭിന്നതയാണ് വാര്‍ഷിക സന്ദര്‍ശനവുമായി ബന്ധപ്പെട്ട പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം. നേരത്തെ ഡിസംബര്‍ 26,27 തിയ്യതികളില്‍ വാര്‍ഷിക സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും അധികാര കൈമാറ്റത്തെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കാന്‍ പൊലീസ് നിര്‍ദേശിക്കുകയായിരുന്നു.
റിവ്യൂപെറ്റീഷന്റെ കാലാവാധി തീരുന്നതിന് മുമ്പ് മുസ്‌ലിം ജമാഅത്ത് ഭരണം പിടിച്ചെടുത്തു എന്ന പഴയ യത്തീംഖാന കമ്മിറ്റിയുടെ ആക്ഷേപം നിലനില്‍ക്കെയാണ് ഡിസംബറില്‍ തീരുമാനിച്ച തീയതി മാറ്റിയത്. എന്നാല്‍ പൊലീസ് നിര്‍ദേശം കണക്കിലെടുത്ത് തീയതി മാറ്റിയ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ജനുവരി 17,18,19 തീയതികളില്‍ പരിപാടി വിപുലമായി നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ തീരുമാനമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.
പ്രശ്‌നങ്ങള്‍ക്ക് രമ്യമായ പരിഹാരമുണ്ടാകുന്നത് വരെ യത്തീഖാനയുടെ കോപൗണ്ടില്‍ പരിപാടികളൊന്നും നടത്തരുതെന്ന് യത്തീംഖാന ചെയര്‍മാനായ പാണക്കാട് ബഷീറലി ശിഹാബ് തങ്ങളും നിലപാടെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുന്നത്. എന്നാല്‍ ബഷീറലി തങ്ങള്‍ പഴയ ചെയര്‍മാനാണെന്നും അദ്ദേഹത്തെ തീരുമാനം അംഗീകരിക്കാനാകില്ലെന്നുമാണ് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ തീരുമാനം. മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് പേങ്കോട്ടില്‍ അഹമ്മദ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ പ്രശ്‌നപരിഹാരത്തിനായി പാണക്കാട് ബഷീറലി തങ്ങളുമായി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചക്ക് ശേഷവും ഇരുവിഭാഗവും രണ്ട് നിലപാടുകളാണ് എടുത്തിട്ടുള്ളത്. സ്ഥിതിഗതികള്‍ ശാന്തമാണെങ്കില്‍ മാത്രം പരിപാടി നടത്താനാണ് താന്‍ നിര്‍ദേശിച്ചത് എന്നാണ് ബഷീറലി തങ്ങള്‍ പറയുന്നതെങ്കിലും മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരി 17 മുതല്‍ തന്നെ പരിപാടി നടത്തുമെന്ന നിലപാടിലാണ് മുസ്‌ലിം ജമാഅത്ത് കമ്മറ്റി.
1987ല്‍ കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയാണ് കുറ്റിക്കാട്ടൂര്‍ യത്തീംഖാന സ്ഥാപിക്കുന്നത്. ഈ സ്ഥാപനം 1999ല്‍ കുറ്റിക്കാട്ടൂര്‍ യത്തീംഖാന കമ്മറ്റി കൈവശപ്പെടുത്തുകയായിരുന്നു. മുസ്‌ലിം ലീഗ് നേതാവ് മായിന്‍ ഹാജിയുടെ ബന്ധു എ.ടി. ബഷീറിന്റെ നിയന്ത്രണത്തിലുള്ള സ്വകാര്യ ട്രസ്റ്റായിരുന്നു കുറ്റിക്കാട്ടൂര്‍ യത്തീഖാനയുടെ വഖഫ് സ്വത്ത് കൈവശപ്പെടുത്തിയിരുന്നത്.
വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെയായിരുന്നു ഈ കൈവശപ്പെടുത്തല്‍. ഇതിനെതിരെ മഹല്ല് കമ്മിറ്റിയായ കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് കഴിഞ്ഞ വര്‍ഷം യത്തീംഖാനയുടെ ഭരണം മഹല്ല് കമ്മിറ്റിക്ക് തിരികെ ലഭിച്ചത്.
സംസ്ഥാനത്ത് തന്നെ അന്യാധീനപ്പെട്ട വഖഫ് സ്വത്ത് തിരിച്ചുപിടിക്കുന്നതില്‍ വളരെ ശ്രദ്ധേയമായ കേസുകളിലൊന്നായിരുന്നു കുറ്റിക്കാട്ടൂര്‍ യത്തീംഖാനയുമായി ബന്ധപ്പെട്ടത്. ഈ കേസുകളുടെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ വാര്‍ഷിക സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദവും.