കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂര്‍ മുസ്‌ലിം യതീംഖാന തര്‍ക്കത്തില്‍ ഹൈക്കോടതി വിധിക്കെതിരെ മുസ്‌ലിം യതീംഖാന കമ്മിറ്റി നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഹൈകോടതിയില്‍ തന്നെ റിവ്യൂ ഹരജി നല്‍കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ഇടപെടാന്‍ തക്ക കാരണമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി അപ്പീല്‍ തള്ളിയത്.
മുസ്‌ലിം ജമാഅത്ത് കമ്മിറ്റിക്ക് യതീംഖാനയുടെ ഭരണം നല്‍കിയ വഖഫ് ട്രൈബ്യൂണലിന്റെയും ഹൈകോടതിയുടെയും വിധിക്കെതിരെ യതീംഖാന കമ്മിറ്റി നല്‍കിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. വഖഫ് ട്രൈബ്യൂണല്‍ വിധി അനുസരിച്ച് ഭൂമിയും സ്വത്തുക്കളും കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ കൈവശത്തിലേക്ക് മാറ്റിനല്‍കിയിരുന്നു.
ട്രൈബ്യൂണല്‍ വിധി ഹൈകോടതി ശരിവെച്ചതിനെ തുടര്‍ന്ന് ഡിസംബറില്‍ പൊലീസ് സാന്നിധ്യത്തില്‍ ജമാഅത്ത് കമ്മിറ്റി യതീംഖാനയുടെ ഭരണം ഏറ്റെടുത്തിരുന്നു. ഭരണം ഏറ്റെടുക്കുന്ന വേളയില്‍ മറുവിഭാഗം എതിര്‍ത്തതോടെ സംഘര്‍ഷവും ഉണ്ടായിരുന്നു.
കുറ്റിക്കാട്ടൂര്‍ മാണിയമ്പലം മഹല്ല് കമ്മിറ്റിയുടെയും കണിയാത്ത് മഹല്ല് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി. 1987ല്‍ ഈ കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ആരംഭിച്ചതാണ് യതീംഖാന.
എന്നാല്‍ 1999ല്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും വഖഫ് ബോര്‍ഡ് അംഗവുമായ എം.സി. മായിന്‍ ഹാജിയുടെ ഭാര്യാ സഹോദരന്‍ എ.ടി. ബഷീര്‍ പ്രസിഡന്റായ ഒരു രഹസ്യ കമ്മിറ്റിക്ക് യതീംഖാനയുടെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്തു. ഇതിനെതിരെ കമ്മിറ്റി 2005ല്‍ വഖഫ് ബോര്‍ഡില്‍ പരാതി നല്‍കി.
2013ലെ വഖഫ് ആക്ട് പ്രകാരം സ്വത്ത് മറ്റൊരു കമ്മിറ്റിക്ക് കൊടുക്കുമ്പോള്‍ തുല്യമായ സ്വത്ത് വേറെ വാങ്ങിയിടണമെന്നും വഖഫ് ബോര്‍ഡില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും വ്യവസ്ഥയുണ്ട്. ഇത് പാലിച്ചില്ലെന്നും പരാതിയില്‍ ഉന്നയിച്ചു.
തര്‍ക്കങ്ങള്‍ക്കൊടുവില്‍ വഖഫ് ബോര്‍ഡും ട്രൈബ്യൂണലും മുസ്‌ലിം ജമാഅത്തിന് അനുകൂലമായി വിധി പറഞ്ഞു. ഈ വിധിക്കെതിരെ യതീംഖാന കമ്മിറ്റി ഹൈകോടതിയെ സമീപിച്ചെങ്കിലും ട്രൈബ്യൂണലിന്റെ വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. അതേസമയം, കേസില്‍ ഹൈകോടതിയില്‍ റിവ്യൂ ഹരജി നല്‍കുമെന്ന് യതീംഖാന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Content Highlight: Kuttikattoor Muslim Orphanage Dispute; Supreme Court Dismissed The Appeal Filed By The Orphanage Committee