| Wednesday, 1st July 2020, 8:45 pm

കുട്ടനാട്ടിലും ചവറയിലും ഉപതെരഞ്ഞെടുപ്പ് നടക്കുമോ?; പറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, കാരണങ്ങള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കുട്ടനാട്, ചവറ നിയമസഭാ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കില്ലെന്ന് സൂചനകള്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപതെരഞ്ഞെടുപ്പ് നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍ കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ടീക്കാറാം മീണ പ്രതിസന്ധികള്‍ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് നടത്താമെന്നും മീണ അറിയിച്ചു.

കൊവിഡ് അടക്കമുള്ള അഞ്ച് കാരണങ്ങളാണ് ടീക്കാറാം മീണ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുള്ളത്. കേരളത്തില്‍ മണ്‍സൂണ്‍ ആയതിനാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരടക്കം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് എന്നതും തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ക്ക് തടസമാവുമെന്നും ടീക്കാറാം മീണ വ്യക്തമാക്കി.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് പത്ത് മാസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. അതിനിടെയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉപതെരഞ്ഞെടുപ്പിനായി പത്തുകോടിയോളം രൂപ ചെലവഴിക്കേണ്ടതില്ലെന്നും ടീക്കാറാം മീണ കമ്മീഷന് നല്‍കിയ മറുപടിയില്‍ വിശദീകരിച്ചു.

കുട്ടനാട് എം.എല്‍.എയായിരുന്ന തോമസ് ചാണ്ടിയുടെയും ചവറ എം.എല്‍.എ എന്‍.വിജയന്‍ പിള്ളയുടെയും മരണത്തെത്തുടര്‍ന്നായിരുന്നു ഇരു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പിനുള്ള അവസരമൊരുങ്ങിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more