| Wednesday, 26th February 2020, 12:51 pm

കുട്ടനാട്ടില്‍ കോണ്‍ഗ്രസ് വിയര്‍ക്കും; ചെന്നിത്തലയെ തള്ളി പി.ജെ ജോസഫ്; 'സീറ്റ് കേരള കോണ്‍ഗ്രസ് വിട്ടുകൊടുക്കില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസ് തന്നെ കുട്ടനാട്ടില്‍ മത്സരിക്കും. മൂവാറ്റുപുഴയും കുട്ടനാടും തമ്മില്‍ വെച്ചുമാറുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും പി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് എം തന്നെ മത്സരിക്കുമെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗവും. സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ഉപസമിതി യോഗത്തിന് ശേഷം തോമസ് ചാഴികാടന്‍ വ്യക്തമാക്കി. പരമ്പരാ
ഗതമായി കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്ന സീറ്റാണ് കുട്ടനാട്. കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി ആരാണെന്ന് ജോസ് കെ മാണി ഇന്ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രാഥമിക ധാരണയായെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഘടകകക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും ഉണ്ടാവുകയെന്നും കുട്ടനാട് സീറ്റ് അടക്കമുള്ള കാര്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

കുട്ടനാട് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ കേരളാ കോണ്‍ഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റൊരു സീറ്റ് നല്‍കാനാണ് ആലോചനയെന്നും സൂചയുണ്ടായിരുന്നു.

യു.ഡി.എഫ് ഒറ്റക്കെട്ടാണ്. ജനാധിപത്യ പാര്‍ട്ടികളാകുമ്പോള്‍ യു.ഡി.എഫില്‍ ആര്‍ക്കും അഭിപ്രായം പറയാമെന്നും കുട്ടനാട് കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. കുട്ടനാടിനെ സംബന്ധിച്ച് ഒരു തര്‍ക്കവും ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കുട്ടനാട്ടില്‍ ജോസഫ് വാഴക്കനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more