കുട്ടനാടില്‍ തീരുമാനമായി; കോണ്‍ഗ്രസ് പ്രഖ്യാപനം ഉടന്‍; നറുക്ക് വീഴുക ജോസഫ് വാഴക്കനോ?
Kerala News
കുട്ടനാടില്‍ തീരുമാനമായി; കോണ്‍ഗ്രസ് പ്രഖ്യാപനം ഉടന്‍; നറുക്ക് വീഴുക ജോസഫ് വാഴക്കനോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th February 2020, 6:32 pm

ആലപ്പുഴ: കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രാഥമിക ധാരണയായെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഘടകകക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും ഉണ്ടാവുക. കുട്ടനാട് സീറ്റ് അടക്കമുള്ള കാര്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടി ഭിന്നാഭിപ്രായത്തില്‍ തുടരുന്നത് ദോഷമായി ബാധിക്കുമെന്ന് കേരളാ കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്താനും യു.ഡി.എഫ് ഏകോപന യോഗത്തില്‍ തീരുമാനമായി. കുട്ടനാട് കോണ്‍ഗ്രസ് ഏറ്റെടുത്താല് കേരളാ കോണ്‍ഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മറ്റൊരു സീറ്റ് നല്‍കാനാണ് ആലോചന.

‘യു.ഡി.എഫ് ഒറ്റക്കെട്ടാണ്. ജനാധിപത്യ പാര്‍ട്ടികളാകുമ്പോള്‍ യു.ഡി.എഫില്‍ ആര്‍ക്കും അഭിപ്രായം പറയാം. കുട്ടനാട് കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റാണ്. കഴിഞ്ഞ കാലങ്ങളില്‍ അവരാണ് മത്സരിച്ചത്. കുട്ടനാടിനെ സംബന്ധിച്ച് ഒരു തര്‍ക്കവും ഇല്ല’, ചെന്നിത്തല പറഞ്ഞു.

കുട്ടനാട്ടില്‍ ജോസഫ് വാഴക്കനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ജോസഫ് വാഴക്കന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തര്‍ക്കമുണ്ടായാല്‍ പൊതുസ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

ജോസഫ് വാഴക്കന്‍ ഒരു തവണ എം.എല്‍.എയായ മണ്ഡലമായ മൂവാറ്റുപുഴ കേരള കോണ്‍ഗ്രസിന് നല്‍കി പ്രശ്ന പരിഹാരം നടത്താനാണ് കോണ്‍ഗ്രസിനുള്ളിലെ ആലോചന. രമേശ് ചെന്നിത്തലയാണ് ഐ ഗ്രൂപ്പിലെ പ്രമുഖനായ ജോസഫ് വാഴയ്ക്കന്റെ പേര് മുന്നോട്ടുവെച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ