കുത്തിയതോട്: ഈ മണ്ണിനുള്ളില്‍, വെള്ളത്തിനടിയില്‍ മൂന്ന് ദിവസമായി അവര്‍ മരിച്ചുകിടക്കുകയാണ്. ഒരു രക്ഷാപ്രവര്‍ത്തനവും ഒരു സഹായവും ഇതുവരെ ഉണ്ടായിട്ടില്ല. ഇത് പള്ളിയുടെ പഴയ കെട്ടിടമാണ്, പ്രളയമുണ്ടായപ്പോള്‍ രക്ഷനേടാന്‍ ഇതിനകത്തേക്കാണ് നിരവധി പേര്‍ കയറിയത്.
ഗവര്‍മെന്റോ പഞ്ചായത്തോ താലൂക്കോ ആരും സഹായത്തിനായി എത്തിയിട്ടില്ല. നിങ്ങള്‍ക്ക് ഇതിന്റെ ഭീകരത മനസിലാകുമോ എന്ന് അറിയില്ല. ഒരുപാട് വാഹനങ്ങളും ഇതിനുള്ളില്‍ അകപ്പെട്ടിട്ടുണ്ട്. നേവിയില്‍ നിന്നോ പൊലീസില്‍ നിന്നോ ഫയര്‍ഫോഴ്‌സില്‍ നിന്നോ സഹായം ലഭിച്ചിട്ടില്ല. – എറണാകുളം കുത്തിയതോടില്‍ നിന്നുള്ള യുവാവിന്റെ പ്രതിഷേധ വീഡിയോ ആണ് ഇത്. ഫേസ്ബുക്കിലൂടെയാണ് യുവാവ് വീഡിയോ പുറത്തുവിട്ടത്.
ജലനിരപ്പ് കുറഞ്ഞതോടെയാണ് തകര്‍ന്ന കെട്ടിടത്തിന് സമീപത്ത് നിന്ന് യുവാവ് പ്രതിഷേധിച്ചത്. വെള്ളവും, ഭക്ഷണവും ലഭിച്ചില്ലെന്നും പള്ളിയുടെ കെട്ടിടത്തിന് സമീപത്തൂടെ നാവിക സേനയുടെ ബോട്ട് കടന്നുപോയല്ലാതെ സഹായം ലഭിച്ചില്ലെന്നും യുവാവ് വീഡിയോയില്‍ ആരോപിക്കുന്നു.
ഈ കെട്ടിടത്തിനുള്ളില്‍ 500 ഓളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. അവരുടെ കണ്ണുനീര്‍ കാണാന്‍ ഇവിടുത്ത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. നാളെയോ മറ്റന്നാളോ ഇലക്ഷന്‍ ആയിരുന്നെങ്കില്‍ ഇവര്‍ ഇവിടെ നിന്ന് മാറാതെ നിന്നേനെ. ഒരു നേരത്തെ വെള്ളം പോലും ഇവിടെയുള്ളവര്‍ക്ക് എത്തിക്കാന്‍ ഇവര്‍ക്ക് ആയില്ല.
ക്യാമ്പ് തന്നെ വെള്ളത്തിലായിട്ട് പോലും ആരു തിരിഞ്ഞ് നോക്കിയില്ലെന്നും യുവാവ് പറയുന്നു. ക്യാമ്പിലുള്ളവരെ രക്ഷിക്കാനെത്തിയ രക്ഷാപ്രവര്‍ത്തരോടും യുവാവ് ദേഷ്യപ്പെടുന്നുണ്ട്. കടലിലോ മറ്റോ അപകടം ഉണ്ടായാല്‍ നിങ്ങള്‍ ഇങ്ങനെയാണോ ചെയ്യുക എന്നായിരുന്നു യുവാവിന്റെ ചോദ്യം. ഞങ്ങളെക്കൊണ്ടാവുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ കുറ്റപ്പെടുത്തിയത് നിങ്ങളെയല്ലെന്നും ഇവിടുത്തെ സര്‍ക്കാരിനേയും സംവിധാനങ്ങളെയുമാണെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.
ആളുകള്‍ രക്ഷയ്ക്കായി അഭയംതേടിയ പള്ളി കെട്ടിടം ഇടിഞ്ഞ് ആറുപേര്‍ വെള്ളത്തിനടിയില് മരിച്ച് കിടക്കുകയാണെന്നും യുവാവ് പറയുന്നു.
ഇവിടെ വെള്ളം കയറിത്തുടങ്ങിയപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് കുടുംബത്തേയും കൊണ്ട് രക്ഷപ്പെട്ടെന്നും ഇദ്ദേഹം വീഡിയോയില്‍ ആരോപിക്കുന്നുണ്ട്.
പള്ളിമതില്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരണപ്പെട്ടിരുന്നു. ഇതില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
അത്താണി കുത്തിയത്തോട് പ്രദേശങ്ങളില്‍ ഇപ്പോഴും ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മലപ്പുറം അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നുള്ള രക്ഷപ്രവര്‍ത്തകരാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.