കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡി.ജി.പി ശ്രീലേഖ ഐ.പി.എസ് നടത്തിയ ആരോപണത്തില്‍ പരാതി. മനുഷ്യാവകാശ പ്രവര്‍ത്തക പ്രഫ.കുസുമം ജോസഫാണ് ഇതുസംബന്ധിച്ച് തൃശൂര്‍ റൂറല്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
പള്‍സര്‍ സുനി ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ചത് അറിയാമെന്ന് പറഞ്ഞ ശ്രീലേഖക്ക് ക്രിമിനല്‍ കുറ്റകൃത്യത്തെപ്പറ്റി അറിവുണ്ടായിരുന്നിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കുസുമം ജോസഫ് പരാതിയില്‍ ചോദിക്കുന്നു. പള്‍സര്‍ സുനിക്കെതിരെ കേസെടുത്തിരുന്നെങ്കില്‍ പല കുറ്റകൃത്യങ്ങളും തടയാമായിരുന്നുവെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി. കേസെടുക്കാത്തത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഗുരുതരമായ തെറ്റാണെന്നും കുസുമം ജോസഫ് പരാതിയില്‍ വ്യക്തമാക്കി.
‘കേരളത്തിലെ വനിതാ ഐ.പി.എസ് ഓഫീസറും ജയില്‍ ഡി.ജി.പിയും ആയിരുന്ന ശ്രീലേഖ ഐ.പി.എസ്
സ്വന്തം യൂട്യൂബ് ചാനലിലൂടെ ഒരു വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്.
സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ പള്‍സര്‍ സുനി ലൈംഗിക പീഡനം നടത്തി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയിട്ടുണ്ട് എന്ന് ആക്രമിക്കപ്പെട്ട നടികള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അതിനെപ്പറ്റി കൃത്യമായി കാര്യങ്ങള്‍ അറിയാം എന്നുമാണ് അവര്‍ പറഞ്ഞത്. ക്രിമിനല്‍ കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായ അറിവ് ലഭിച്ചിട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥയായ ശ്രീലേഖ ഐ.പി.എസ് കുറ്റവാളിക്കെതിരെ കേസ് എടുത്ത് നടപടികള്‍ സ്വീകരിക്കാതെ ഔദ്യോഗിക കൃത്യനിര്‍വണത്തില്‍ വീഴ്ച വരുത്തി പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
പള്‍സര്‍ സുനിക്കെതിരെ കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞയുടനെ കേസ് എടുത്തിരുന്നെങ്കില്‍ പിന്നീടുള്ള പല ലൈംഗികാതിക്രമങ്ങളും തടയാന്‍ കഴിയുമായിരുന്നു ഇന്ത്യന്‍ പീനല്‍ കോടില്‍ ഉള്‍പ്പെട്ട ഒരു കുറ്റകൃത്യം നടന്നിട്ട് കേസ് എടുക്കാതിരിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന വലിയ തെറ്റാണ്. ആയതിനാല്‍ ഇക്കാര്യങ്ങള്‍ അന്വേഷിച്ച് പള്‍സര്‍ സുനിക്കും കുറ്റകൃത്യം മറച്ചുവെച്ച ശ്രീലേഖ ഐ.പി.എസിനും എതിരെ കേസ് എടുത്ത് അന്വേഷണം നടത്തണം എന്ന് അപേക്ഷിക്കുന്നു,’ കുസുമം ജോസഫ് പരാതിയില്‍ പറഞ്ഞു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപ് നിരപരാധിയാണെന്ന പരാമര്‍ശം നടത്തിയ മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകള്‍ പുറത്തായി.
റിപ്പോര്‍ട്ടര്‍ ടി.വിയാണ് വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വിട്ടത്. പുതിയ യൂട്യുബ് ചാനല്‍ തുടങ്ങുന്ന വിവരം ശ്രീലേഖ ദിലീപിനെ അറിയിക്കുന്ന ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്.
‘എന്റെ യൂട്യുബ് ചാനലാണ് സമയം കിട്ടുമ്പോള്‍ കണ്ടു നോക്കു, ഞാന്‍ ഒറ്റക്ക് ആരുടെയും സഹായമില്ലാതെയാണ് ചെയ്യുന്നത്’ എന്നും ശ്രീലേഖ ചാറ്റില്‍ പറയുന്നു. ‘ഓകെ ഷുവര്‍’ എന്നാണ് ദിലീപ് മറുപടി നല്‍കിയിരിക്കുന്നത്.
2021 ജൂലൈ ഒന്നിന് നടത്തിയ ചാറ്റുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം തെളിയിക്കുന്നതാണ് ചാറ്റുകള്‍.
കഴിഞ്ഞ ദിവസമായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ വിവാദ വീഡിയോ പുറത്തുവിട്ടത്. ദിലീപ് നിരപരാധിയാണ്, ദിലീപിനെതിരെ തെളിവുകളില്ല, അന്വേഷണസംഘം ദിലീപിനെതിരെ കള്ളത്തെളിവുകളുണ്ടാക്കി എന്നീ പരാമര്‍ശങ്ങളായിരുന്നു ആര്‍. ശ്രീലേഖ നടത്തിയത്.
CONTENT HIGHLIGHTS: Kusumam Joseph filed a complaint against R. Sreelekha IPS