അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി ഉയര്‍ത്തികാണിക്കുമോ?; നിതീഷ് കുമാറിന് ആ കഴിവുണ്ടെന്ന് ജെ.ഡി.യു നേതാവ്
national news
അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി ഉയര്‍ത്തികാണിക്കുമോ?; നിതീഷ് കുമാറിന് ആ കഴിവുണ്ടെന്ന് ജെ.ഡി.യു നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st August 2021, 10:06 pm

പട്‌ന: രാജ്യത്തെ പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുമുള്ള നേതാവാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറെന്ന് ജെ.ഡി.യു നേതാവ് ഉപേന്ദ്ര കുശ്വാഹ. പ്രധാനമന്ത്രിയാകാനുള്ള എല്ലാ കഴിവുമുണ്ടെന്നതില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ എന്‍.ഡി.എയിലാണ്. ഞങ്ങള്‍ക്ക് നന്നായി പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയുണ്ട്. പക്ഷെ പ്രധാനമന്ത്രിയാകാന്‍ കഴിവുള്ള മറ്റു നേതാക്കളും ഇവിടെയുണ്ട്. അതില്‍ ഒരാളാണ് നിതീഷ് കുമാര്‍. അദ്ദേഹം അതിന് പറ്റിയ ആളാണ്,’ ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.

നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.

ജെ.ഡി.യു എന്‍.ഡി.എയുടെ ഭാഗമാണ്. പക്ഷെ അദ്ദേഹത്തെ പ്രധാനമന്ത്രിയായി ഉയര്‍ത്തികാണിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയുമില്ല എന്നാണ് കുശ്വാഹ പറഞ്ഞത്.

ജെ.ഡി.യുവിന്റെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ആണ് കുശ്വാഹ.

വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ ജെ.ഡി.യു വ്യക്തമാക്കിയിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച് ബി.ജെ.പിയുമായി ചര്‍ച്ച നടത്തുമെന്നും ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജെ.ഡി.യു പ്രഖ്യാപിച്ചിരുന്നു.

2017 യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു മത്സരിച്ചിരുന്നില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kushwaha says Nitish Kumar is Prime Ministerial material