പട്‌ന: വേണ്ടി വന്നാല്‍ എന്‍.ഡി.എയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുമെന്ന് സൂചന നല്‍കി ജെ.ഡി.യു. ജാതി സെന്‍സസ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബീഹാറില്‍ നിന്നുള്ള സര്‍വ്വകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് ശേഷമായിരുന്നു മുതിര്‍ന്ന ജെ.ഡി.യു നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്വാഹയുടെ പ്രതികരണം.
ജെ.ഡി.യു എന്‍.ഡി.എ സഖ്യകക്ഷിയായിരിക്കാം പക്ഷേ തങ്ങളുടെ ആവശ്യം നിറവേറ്റാനായില്ലെങ്കില്‍ ഒത്തുതീര്‍പ്പുകളൊന്നും ഉണ്ടായിരിക്കില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.
” പ്രധാനമന്ത്രി നരേന്ദ്ര മോദി താന്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ടയാളാണെന്ന് സ്വയം പരിചയപ്പെടുത്തുമ്പോള്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജാതി സെന്‍സസ് എന്ന ആവശ്യം അദ്ദേഹം അംഗീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ എന്‍.ഡി.എയുടെ ഭാഗമാണെന്നത് പ്രശ്‌നമല്ല, ആവശ്യം നിറവേറ്റുന്നില്ലെങ്കില്‍ സംഘട്ടനം ഉണ്ടാകും,” കുശ്വാഹ പറഞ്ഞു.