ഒരുകാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ നായിക നടിയായിരുന്നു ഖുശ്ബു. രജിനികാന്തിനോടൊപ്പം മന്നന്‍, ധര്‍മ്മത്തിന്‍ തലൈവന്‍, അണ്ണാമലൈ, പാണ്ഡ്യന്‍, ശാന്തി ക്രാന്തി, തുടങ്ങിയ ചിത്രങ്ങളില്‍ ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. ശിവയുടെ സംവിധാനത്തില്‍ 2021ല്‍ പുറത്തിറങ്ങിയ അണ്ണാത്തെ എന്ന ചിത്രത്തിലും ഖുശ്ബു എത്തിയിരുന്നു.
രജിനികാന്തിനോടൊപ്പമുള്ള ഒരു ചിത്രത്തില്‍ തനിക്ക് അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് ഖുശ്ബു. നടി മീനയും താനുമാണ് ചിത്രത്തിലെ നായികമാര്‍ എന്ന് പറഞ്ഞാണ് സിനിമയിലേക്ക് വിളിച്ചതെന്നും എന്നാല്‍ ഇടക്ക് വെച്ച് വേറെ നായിക വന്നെന്നും നടി പറഞ്ഞു.
പിന്നീട് തന്റെ കഥാപാത്രം കണ്ടപ്പോള്‍ കോമാളി കാര്‍ട്ടൂണ്‍ കഥാപാത്രം പോലെ തോന്നിയെന്നും ഡബ്ബിങിന്റെ സമയത്ത് സിനിമ കണ്ട് നിരാശതോന്നിയെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. തന്റെ സിനിമ കരിയറില്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ കഥാപാത്രങ്ങളുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഖുശ്ബു.
‘അങ്ങനെ ചോദിച്ചാല്‍ എനിക്ക് രജിനികാന്തിനൊപ്പമുള്ള ഒരു സിനിമ ചെയ്യണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എന്നോട് കഥ പറഞ്ഞതുപോലെ അല്ലായിരുന്നു ആ കഥാപാത്രം. ചിത്രത്തില്‍ മീനയും ഞാനും ഉണ്ടായിരുന്നു. ഞാനും മീനയും ആണ് നായികമാര്‍ എന്നാണ് എന്നോട് ആദ്യം പറഞ്ഞത്.
അപ്പോള്‍ സ്വാഭാവികമായും രജിനികാന്തിന് ഞങ്ങള്‍ രണ്ട് നായികമാരായിരിക്കും ഉണ്ടാകുകയെന്നും വേറെ നായികമാര്‍ ഉണ്ടാകില്ലെന്നും ഞാന്‍ വിശ്വസിച്ച്. ആ വിശ്വാസത്തിന് പുറത്തും പിന്നെ ആദ്യം മുതല്‍ അവസാനം വരെ ഞങ്ങള്‍ ഉണ്ടാകുമെന്നും കരുതിയാണ് ചിത്രത്തിന് സമ്മതം മൂളിയത്.
ആ ചിത്രം എന്റെ ഭാഗ്യമായി തോന്നി. രജിനികാന്തിനോടൊപ്പം അഭിനയിക്കുന്നതില്‍ ഒരുപാട് സന്തോഷവും. അങ്ങനെ ഷൂട്ടെല്ലാം തുടങ്ങി. ലൊക്കേഷന്‍ നല്ല രസമായിരുന്നു. വളരെ ഫ്രഷ്നെസ്സ് ഉള്ള, സന്തോഷമുള്ള, കുറച്ച കോമഡിയൊക്കെയുള്ള കഥാപാത്രമായിരുന്നു എന്റേത്.
പക്ഷെ സിനിമയുടെ ഷൂട്ട് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ രജിനികാന്തിന് പെട്ടെന്ന് വേറെ ഒരു നായികയെ ലഭിച്ചു. സിനിമയിലേക്ക് പുതിയ ഒരു കഥാപാത്രത്തെ ഉള്‍പ്പെടുത്തി. അപ്പോള്‍ എനിക്ക് ഞാന്‍ എന്തോ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം ആയ പോലെ തോന്നി. സിനിമയുടെ ഡബ്ബ് നടക്കുന്ന സമയത്ത് ആ ചിത്രം കണ്ടപ്പോള്‍ ഞാന്‍ വളരെ നിരാശയായി,’ ഖുശ്ബു പറയുന്നു.
Content Highlight: Kushboo Talks About Her Disappointed After Watching Her Character In A Rajinikanth Movie