സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ തമിഴ് നടിയാണ് ഖുഷ്ബു. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും ഖുഷ്ബു അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ചലച്ചിത്ര നിര്‍മാണത്തിലും ഒരുപോലെ ഭാഗമാണ് നടി.
സിനിമയില്‍ ബാലതാരമായി കരിയര്‍ ആരംഭിച്ച ഖുഷ്ബു അങ്കിള്‍ ബണ്‍ (1991), യാദവം (1993), മാനത്തെ കൊട്ടാരം (1994), വൃദ്ധന്‍മാരെ സൂക്ഷിക്കുക (1995), അനുഭൂതി (1997), ഇലവംകോട് ദേശം (1998), സ്റ്റാലിന്‍ ശിവദാസ് (1999), ഇന്‍ഡിപെന്‍ഡന്‍സ് (1999), ചന്ദ്രോത്സവം (2005), കയ്യൊപ്പ് (2006), പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് (2010), മിസ്റ്റര്‍ മരുമകന്‍ (2012), കൗബോയ് (2013) തുടങ്ങി നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ മലയാള സിനിമയെ കുറിച്ച് പറയുകയാണ് ഖുഷ്ബു. ഇന്ന് മലയാള സിനിമയെ കുറിച്ച് പറയാതിരിക്കാന്‍ ആവില്ലെന്നും വളരെ മികച്ച സിനിമകളാണ് മലയാളത്തില്‍ വരുന്നതെന്നും നടി പറയുന്നു. വ്യത്യസ്തമായ ഴോണറിലുള്ള നിരവധി സിനിമകള്‍ മലയാളത്തില്‍ വരുന്നുണ്ടെന്ന് പറഞ്ഞ ഖുഷ്ബു ചിന്തിക്കാന്‍ പറ്റാത്ത തരത്തിലുള്ള കുറേ സിനിമകള്‍ ഈയിടെ മലയാളത്തില്‍ വന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. താന്‍ ഈയിടെ ഒരു മലയാള സിനിമ കണ്ടിരുന്നുവെന്നും അതിന്റെ കോണ്‍സെപ്റ്റിനെ കുറിച്ച് പറയാതിരിക്കാനാവില്ലെന്നും ഖുഷ്ബു പറയുന്നു. ഐശ്വര്യ ലക്ഷ്മിയും ഷറഫുദ്ദീനും ഒന്നിച്ച ഹലോ മമ്മി എന്ന സിനിമയെ കുറിച്ചാണ് നടി പറഞ്ഞത്. സാന്‍ജോ ജോസഫിന്റെ രചനയില്‍ വൈശാഖ് എലന്‍സ് സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ ഹൊറര്‍ കോമഡി ചിത്രമായിരുന്നു ഹലോ മമ്മി.
‘ഇപ്പോള്‍ മലയാള സിനിമയെ കുറിച്ച് പറയാതിരിക്കാന്‍ ആവില്ല. എത്ര മികച്ച സിനിമകളാണ് ഇവിടെ മലയാളത്തില്‍ വരുന്നത്. വ്യത്യസ്തമായ ഴോണറിലുള്ള നിരവധി സിനിമകള്‍ മലയാളത്തില്‍ ഇപ്പോള്‍ വരുന്നുണ്ട്. ചിന്തിക്കാന്‍ പറ്റാത്ത തരത്തിലുള്ള കുറേ സിനിമകള്‍ ഈയിടെ മലയാളത്തില്‍ വന്നു.
ഇപ്പോഴുള്ള ആളുകളുടെ ക്രിയേറ്റീവ് മൈന്‍ഡ് പറയാതിരിക്കാന്‍ ആവില്ല. വളരെ മികച്ചതാണ്. ഞാന്‍ ഈയിടെ ഒരു മലയാള സിനിമ കണ്ടിരുന്നു. അതിന്റെ കോണ്‍സെപ്റ്റിനെ കുറിച്ച് പറയാതിരിക്കാനാവില്ല. ഹലോ മമ്മി എന്ന സിനിമയാണ് ഞാന്‍ ഈയിടെ കണ്ടത്. എന്റെ ദൈവമേ, എന്താണ് ആ സിനിമ. നിങ്ങള്‍ എങ്ങനെയാണ് ഇങ്ങനെ ചിന്തിക്കുന്നത്,’ ഖുഷ്ബു പറഞ്ഞു.
Content Highlight: Kushboo Talks About Hello Mummy Malayalam Movie