ന്യൂദല്‍ഹി : ബി.ജെ.പിയിലേക്ക് മാറിയതിന് പിന്നാലെ ഖുശ്ബു സുന്ദറിനെതിരെ കോണ്‍ഗ്രസിനകത്തുനിന്ന് വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്.
പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിടേണ്ടി വന്നതുകൊണ്ടാണ് രാജിവെച്ച് ബി.ജെ.പിയിലേക്ക് പോയതെന്നാണ് ഖുശ്ബു പറഞ്ഞത്.
എന്നാല്‍ ഖുശ്ബു പാര്‍ട്ടിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളെയും തള്ളിക്കൊണ്ടാണ് കോണ്‍ഗ്രസ് ഖുശ്ബുവിന് മറുപടി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ ഖുശ്ബു വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുള്ളത് തനിക്ക് മാത്രമല്ലെന്നും താന്‍ ചെയ്തതുപോലെ ശബ്ദം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും എന്നാല്‍ അതിനുള്ള ധൈര്യമോ അവസ്ഥയോ ഇല്ലാത്തതുകൊണ്ടാണ് പുറത്തുപറയാത്തതെന്നും അവര്‍ പറഞ്ഞു.
” ഞാന്‍ ഈ കത്തെഴുതിയപ്പോള്‍, ഞാന്‍ മാത്രമായിരുന്നില്ല. പാര്‍ട്ടിക്കകത്ത് സംസാരിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ശബ്ദങ്ങള്‍ ഉണ്ടെന്ന് എനിക്കറിയാം, അവര്‍ക്ക് മുന്നോട്ട് പോകാനുള്ള ധൈര്യമോ, അധികാരമോ, സ്ഥാനമോ ഇല്ല. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എന്നെ അഭിനന്ദിച്ച് നിരവധി കോളുകള്‍ വന്നിരുന്നു,” അവര്‍ പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് വിട്ട് പുറത്തുപോയതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഖുശ്ബു നേരത്തെ രംഗത്തെത്തിയിരുന്നു.
മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന പ്രസ്താവനയിലാണ് ഖുശ്ബു മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.
വാക്കുകള്‍ തെറ്റായി ഉപയോഗിച്ചതിനാണ് ഖുശ്ബു മാപ്പ് പറഞ്ഞത്.ഇത്തരത്തിലുള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും അവര്‍ പറഞ്ഞുിരുന്നു.ഖുശ്ബുവിന്റെ പ്രസ്താവനയ്ക്കെതിരെ 30 പൊലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചതിന് പിന്നാലെയാണ് മാപ്പ് ചോദിച്ചുകൊണ്ട് ഇവര്‍ രംഗത്തെത്തിയത്.
മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കഴിവും ബുദ്ധിയുമുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് ഖുശ്ബു സുന്ദര്‍ പറഞ്ഞത്. കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ബി.ജെ.പിയില്‍ അംഗത്വം നേടിയതിനു പിന്നാലെയാണ് ഖുശ്ബുവിന്റെ പ്രതികരണം. ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കോണ്‍ഗ്രസിനെതിരെ ഖുശ്ബു തുറന്നടിച്ചത്.
”ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് വിധേയപ്പെട്ടു നിന്നവളാണ്. പക്ഷേ പാര്‍ട്ടി എനിക്ക് അര്‍ഹിക്കുന്ന ബഹുമാനം തന്നില്ല. കഴിവുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറല്ല. എന്നെ ഒരു നടിയായി മാത്രമേ കണ്ടിട്ടുള്ളു എന്നവര്‍ പറയുന്നതില്‍ നിന്ന് തന്നെ വ്യക്തമാണ്, എന്താണ് പാര്‍ട്ടി നേതാക്കളുടെ ചിന്താഗതിയെന്ന്’- എന്നും ഖുശ്ബു പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Kushboo Sundar again slams congress