| Thursday, 2nd January 2025, 4:11 pm

ആ നടന്റെ മദ്യപാനം വലിയ പ്രശ്‌നമാകുമെന്ന് അറിഞ്ഞിട്ടും തടയാന്‍ കഴിഞ്ഞില്ല, മരണവാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടി: ഖുശ്ബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡ് നടനും നിര്‍മാതാവുമായ രാജീവ് കപൂറിനെ കുറിച്ച് സംസാരിക്കുകയാണ് നടി ഖുശ്ബു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. അദ്ദേഹത്തിന്റെ മരണം തന്നെ വല്ലാതെ തളര്‍ത്തിയെന്ന് ഖുശ്ബു പറഞ്ഞു. സുഹൃത്തുക്കളോടും സൗഹൃദങ്ങളോടും ഇത്രയധികം സ്‌നേഹവും പ്രതിബദ്ധതയും ഉള്ള ആളുകളെ കണ്ടെത്തുന്നത് ഇന്ന് വളരെ പ്രയാസമുള്ള കാര്യമാണെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. വിക്കി ലാല്‍വാനിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.

‘രാജീവിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു, പക്ഷേ മദ്യത്തോടുള്ള ആസക്തി വലിയ പ്രശ്നം സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. എന്നാല്‍ ആ ശീലത്തില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ക്കായില്ല.

അദ്ദേഹം വളരെ അവശനായിരുന്നു. കാല്‍മുട്ടിന് വലിയ പ്രശ്‌നമുണ്ടായിരുന്നതുകൊണ്ടു തന്നെ രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. പക്ഷേ അതൊന്നും അവനെ സഹായിച്ചില്ല. ചിമ്പുവിന് (രാജീവ് കപൂര്‍) സുഖമില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ചിമ്പു മരിക്കുമ്പോള്‍ ഞാന്‍ ബോംബെയിലായിരുന്നു.

അദ്ദേഹത്തിന്റെ മരണവാര്‍ത്ത എന്നെ അറിയിച്ചത് ബോണി കപൂറാണ്. ബോണി എന്നെ വിളിച്ച് ‘ചിമ്പു ഇനി ഇല്ല’ എന്ന് പറഞ്ഞു. ആ വാര്‍ത്ത കേട്ട് ഞാന്‍ ആകെ തകര്‍ന്ന് പോയി. ചിമ്പു മരിക്കുന്നതിന് ഒരു ദിവസം മുമ്പ് ഞാന്‍ അവനോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് കടുത്ത പനി ഉണ്ടായിരുന്നു. എന്നാലും അവന്‍ തന്റെ പതിവ് ശൈലിയില്‍ ആരോഗ്യത്തെ നിസാരമായി കാണുകയും ഉടന്‍ കാണാമെന്ന് വാക്ക് നല്‍കുകയും ചെയ്തു.

അവന്റെ മരണം എന്നെ വളരെ ഞെട്ടിച്ചു. സുഹൃത്തുക്കളോടും സൗഹൃദങ്ങളോടും ഇത്രയധികം സ്‌നേഹവും പ്രതിബദ്ധതയും ഉള്ള ആളുകളെ കണ്ടെത്തുന്നത് ഇന്ന് വളരെ വിരളമാണ്. അവന്‍ ഞങ്ങളോടൊപ്പമുണ്ടെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു,’ ഖുശ്ബു പറയുന്നു.

നടന്‍മാരായ ഋഷി കപൂറിന്റെയും രണ്‍ധീര്‍ കപൂറിന്റെയും ഇളയ സഹോദരനായ നടന്‍ രാജീവ് കപൂറിന് ജീവന്‍ നഷ്ടപ്പെടുമ്പോള്‍ അദ്ദേഹത്തിന് 58 വയസായിരുന്നു പ്രായം. ക്യാന്‍സര്‍ ബാധിച്ച് ഋഷി കപൂര്‍ അന്തരിച്ച് ഒരു വര്‍ഷത്തിന് ശേഷം 2021ല്‍ രാജീവ് ഹൃദയാഘാതം മൂലം മരിച്ചു.

Content Highlight: Kushboo Says Rajiv Kapoor Was Addicted To Alcohol

We use cookies to give you the best possible experience. Learn more