കളിക്കുമ്പോള്‍ ഗ്രൗണ്ടില്‍ ശ്രദ്ധിക്കണം, ഇപ്പോള്‍ ഔട്ടായില്ലേ; നാണംകെട്ട് ആദില്‍ റഷീദ്; വീഡിയോ
icc world cup
കളിക്കുമ്പോള്‍ ഗ്രൗണ്ടില്‍ ശ്രദ്ധിക്കണം, ഇപ്പോള്‍ ഔട്ടായില്ലേ; നാണംകെട്ട് ആദില്‍ റഷീദ്; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th October 2023, 7:18 pm

2023 ലോകകപ്പിലെ 25ാം മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ മറ്റൊരു തോല്‍വി മുമ്പില്‍ കാണുകയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ആദ്യം ബാറ്റ് ചെയ്ത് സ്‌കോര്‍ ബോര്‍ഡില്‍ വന്‍ ടോട്ടല്‍ പടുത്തുയര്‍ത്താമെന്ന ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെ തീരുമാനം അമ്പേ പരാജയപ്പെട്ടിരുന്നു.

മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സാധിക്കാതെ പോയതാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് തിരിച്ചടിയായത്. 73 പന്തില്‍ 43 റണ്‍സ് നേടിയ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍.

മിഡില്‍ ഓര്‍ഡറിനും ലോവര്‍ ഓര്‍ഡറിനും കാര്യമായി ഒന്നും ചെയ്യാനില്ലാതെ പോയതോടെ ഇംഗ്ലണ്ട് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി.

ശ്രീലങ്കക്കായി ലാഹിരു കുമാര മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഏയ്ഞ്ചലോ മാത്യൂസും കാസുന്‍ രജിതയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മഹീഷ് തീക്ഷണ ഒരു വിക്കറ്റ് നേടിയപ്പോള്‍ ജോ റൂട്ടും ആദില്‍ റഷീദും റണ്‍ ഔട്ടാവുകയായിരുന്നു.

ഇതില്‍ ആദില്‍ റഷീദിന്റെ റണ്‍ ഔട്ടാണ് ചര്‍ച്ചയാകുന്നത്. ഗ്രൗണ്ടിലെ ഇംഗ്ലണ്ട് താരത്തിന്റെ അശ്രദ്ധയും ലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസിന്റെ പ്രസന്‍സ് ഓഫ് മൈന്‍ഡുമാണ് ആദില്‍ റഷീദിന്റെ വിക്കറ്റിന് വഴി വെച്ചത്.

32ാം ഓവറിലെ അവസാന പന്തിലാണ് റഷീദ് പുറത്താകുന്നത്. മഹീഷ് തീക്ഷണയുടെ പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച ഡേവിഡ് വില്ലിക്ക് അതിന് സാധിച്ചില്ല. വില്ലി ബീറ്റണാവുകയും വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് പന്ത് കൈപ്പിടിയിലൊതുക്കുകയുമായിരുന്നു.

നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ആദില്‍ റഷീദ് ക്രിസീന് പുറത്താണെന്ന് തിരിച്ചറിഞ്ഞ മെന്‍ഡിസ് ഡയറക്ട് ഹിറ്റിലൂടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. ആദില്‍ റഷീദിന് എന്തെങ്കിലും ചിന്തിക്കാന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ താരം റണ്‍ ഔട്ടായിരുന്നു.

2007ല്‍ കുമാര്‍ സംഗക്കാര ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗിനെ പുറത്താക്കിയതും ഇതുപോലെയായിരുന്നു. മെന്‍ഡിസിന്റെ ഈ വിക്കറ്റ് നേട്ടത്തിന് പിന്നാലെ കുമാര്‍ സംഗക്കാരയുടെ ത്രോയും സേവാഗും ക്രിക്കറ്റ് സര്‍ക്കിളുകളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

 

അതേസമയം, ഇംഗ്ലണ്ട് ഉയര്‍ത്തിയ 157 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ശ്രീലങ്ക് 20 ഓവര്‍ പിന്നിടുമ്പോള്‍ 118ന് രണ്ട് എന്ന നിലയിലാണ്. 64 പന്തില്‍ 57 റണ്‍സ് നേടിയ പാതും നിസംഗയും 39 പന്തില്‍ 44 റണ്‍സടിച്ച സധീര സമരവിക്രമയുമാണ് ക്രീസില്‍.

 

Content highlight: Kushal Mendis run outs Adil Rasheed