ടെസ്റ്റ് പരമ്പരയിലെ ഡോമിനന്‍സ് ഏകദിന പരമ്പരയിലും ആവര്‍ത്തിച്ചാണ് ന്യൂസിലാന്‍ഡ് സന്ദര്‍ശകരായ ശ്രീലങ്കയെ തവിടുപൊടിയാക്കിയത്. മാര്‍ച്ച് 25ന് ഓക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ വെച്ച് ആരംഭിച്ച ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു കിവികള്‍ സിംഹങ്ങളെ കൊത്തിപ്പറിച്ചത്.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ലങ്കക്ക് മുമ്പില്‍ ന്യൂസിലാന്‍ഡ് മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു.
ഓപ്പണര്‍ ഫിന്‍ അലന്റെ അര്‍ധ സെഞ്ച്വറിയുടെയും സൂപ്പര്‍ താരങ്ങളായ ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, രചിന്‍ രവീന്ദ്ര എന്നിവരുടെ ഇന്നിങ്സിന്റെ ബലത്തില്‍ 49.3 ഓവറില്‍ 274 റണ്‍സായിരുന്നു കിവികള്‍ സ്വന്തമാക്കിയത്.
ഫിന്‍ അലന്‍ 51 റണ്‍സ് നേടി പുറത്തായപ്പോള്‍ ഡാരില്‍ മിച്ചല്‍ 47 റണ്‍സും രചിന്‍ രവിചന്ദ്ര 49 റണ്‍സും നേടി. 39 റണ്‍സാണ് ഗ്ലെന്‍ ഫിലിപ്സ് ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ടീം സ്‌കോര്‍ 20ല്‍ നില്‍ക്കവെ ലങ്കക്ക് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഓപ്പണര്‍മാരായ പാതും നിസങ്ക ഒമ്പത് റണ്‍സിനും നുവാനിന്ദു ഫെര്‍ണാണ്ടോ നാല് റണ്‍സിനും പുറത്തായി.
വണ്‍ ഡൗണായെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസ് നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 16 പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെയാണ് മെന്‍ഡിസ് പുറത്തായത്. ഹെന്റി ഷിപ്‌ലിയുടെ പന്തില്‍ ബ്ലയര്‍ ടിക്‌നറിന് ക്യാച്ച് നല്‍കിയായിരുന്നു മെന്‍ഡിസിന്റെ മടക്കം.
പിന്നാലെയെത്തിയ ഏയ്ഞ്ചലോ മാത്യൂസാണ് ടീമിലെ ടോപ് സ്‌കോറര്‍. 25 പന്തില്‍ നിന്നും 18 റണ്‍സാണ് താരം നേടിയത്. 11 റണ്‍സ് നേടിയ ചമീക കരുണ രത്‌നെയാണ് രണ്ടാമത്തെ മികച്ച സ്‌കോര്‍ നേടിയത്.
ശ്രീലങ്കന്‍ നിരയില്‍ രണ്ട് പേര്‍ ഡക്കായി പുറത്തായപ്പോള്‍ അഞ്ച് താരങ്ങള്‍ ഒറ്റയക്കത്തിനും പുറത്തായി.
ഒടുവില്‍ 19.5 ഓവറില്‍ 76 റണ്‍സിന് ലങ്ക ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ ന്യൂസിലാന്‍ഡ് 198 റണ്‍സിന്റെ വിജയം ആഘോഷിക്കുകയും പരമ്പരയില്‍ 1-0ന് മുമ്പിലെത്തുകയും ചെയ്തു.
മാര്‍ച്ച് 28നാണ് പരമ്പരയിലെ അടുത്ത മത്സരം. ഹെയ്ഗ്‌ലി ഓവലാണ് വേദി.
Content Highlight: Kushal Mendis out for a duck in SL vs NZ 1st ODI