| Tuesday, 10th October 2023, 7:30 pm

തീയുണ്ടകളെ വെറും നൂലുണ്ടയാക്കി; തല്ലി പതം വരുത്തി മെന്‍ഡിസ്; വൈറലായി വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ പാകിസ്ഥാനെതിരെ ശ്രീലങ്കക്ക് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സാണ് ശ്രീലങ്ക സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസ്, സൂപ്പര്‍ താരം സധീര സമരവിക്രമ എന്നിവരുടെ സെഞ്ച്വറിക്ക് പിന്നാലെയാണ് ലങ്ക മികച്ച സ്‌കോറിലേക്കുയര്‍ന്നത്.

പാകിസ്ഥാന്റെ പേസ് ട്രയോ ഇവര്‍ക്ക് മുമ്പില്‍ നിന്ന് വിറച്ചിരുന്നു. ഹസന്‍ അലി പത്ത് ഓവറില്‍ 71 റണ്‍സ് വഴങ്ങിയപ്പോള്‍ ഷഹീന്‍ ഷാ അഫ്രിദി ഒമ്പത് ഓവറില്‍ 62 റണ്‍സും ഹാരിസ് റൗഫ് പത്ത് ഓവറില്‍ 64 റണ്‍സും വഴങ്ങി.

കുശാല്‍ മെന്‍ഡിസിനെതിരെ പന്തെറിഞ്ഞ എല്ലാ പാക് ബൗളര്‍മാരും ഓവറില്‍ ആറ് റണ്‍സിലധികം വഴങ്ങിയിരുന്നു. ഇതില്‍ ഹസന്‍ അലിക്കെതിരായ ഒരു ഓവറാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഹസന്‍ അലിയെ തുടര്‍ച്ചയായ പന്തില്‍ സിക്‌സറിന് പറത്തിയാണ് കുശാല്‍ മെന്‍ഡിസ് ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. ഈ സിക്‌സറുകളും അതിന് പിന്നാലെ ഹസന്റെ മുഖഭാവവുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

View this post on Instagram

A post shared by ICC (@icc)

മത്സരത്തിന്റെ 29ാം ഓവറിലാണ് ഈ സിക്‌സറുകള്‍ പിറന്നത്. ഹസന്‍ അലിയെ ആദ്യം ലോങ് ഓണിന് മുകളിലൂടെ സിക്‌സറിന് പറത്തിയ മെന്‍ഡിസ് തൊട്ടടുത്ത പന്തില്‍ എക്‌സ്ട്രാ കവറിന് മുകളിലൂടെയാണ് പന്ത് അതിര്‍ത്തി കടത്തിയത്.

ഈ സിക്‌സര്‍ വഴങ്ങിയതിന് ശേഷം നിരാശപ്പെടുന്ന ഹസന്‍ അലിയുടെ മുഖവും ചര്‍ച്ചയാവുകയാണ്. ഈ രണ്ട് സിക്‌സറിന് പുറമെ മറ്റ് നാല് സിക്‌സറും സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ സെഞ്ച്വറിയടിച്ചാണ് മെന്‍ഡിസ് ലങ്കന്‍ നിരയില്‍ നിര്‍ണായകമായത്. 77 പന്തില്‍ 122 റണ്‍സാണ് താരം നേടിയത്. ആറ് സിക്‌സറിന് പുറമെ 14 ബൗണ്ടറിയും ലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്വന്തമാക്കിയിരുന്നു.

ആദ്യ ഏകദിന സെഞ്ച്വറി നേടിയ സധീര സമരവിക്രമയും പാകിസ്ഥാന്റെ നെഞ്ചില്‍ ഇടിത്തീ പോലെയാണ് പെയ്തിറങ്ങിയത്. 11 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 89 പന്തില്‍ 108 റണ്‍സാണ് താരം നേടിയത്.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പാതും നിസംഗയുടെ ഇന്നിങ്‌സും ലങ്കന്‍ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.

345 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ പാകിസ്ഥാന്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 48 റണ്‍സിന് രണ്ട് എന്ന നിലയിലാണ്. 12 പന്തില്‍ 12 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖും 15 പന്തില്‍ പത്ത് റണ്‍സ് നേടിയ ബാബര്‍ അസവുമാണ് പുറത്തായത്.

28 പന്തില്‍ 22 റണ്‍സുമായി അബ്ദുള്ള ഷഫീഖും അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനുമാണ് പാകിസ്ഥാനായി ക്രീസില്‍.

Content Highlight: Kushal Mendis hits back to back sixes against Hasan Ali

We use cookies to give you the best possible experience. Learn more