| Sunday, 12th November 2023, 9:10 pm

വിരാട് സെഞ്ച്വറിയടിച്ചതൊന്നും അറിഞ്ഞിട്ടു പോലുമില്ലായിരുന്നു; വ്യക്തത വരുത്തി മെന്‍ഡിസ്

സ്പോര്‍ട്സ് ഡെസ്‌ക്

വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയതില്‍ താന്‍ എന്തിന് അഭിനന്ദിക്കണമെന്ന ലങ്കന്‍ സൂപ്പര്‍ തരം കുശാല്‍ മെന്‍ഡിസിന്റെ വാക്കുകള്‍ ഏറെ വിവാദമായിരുന്നു.

സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറിയെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ നേട്ടത്തിനൊപ്പമെത്തുകയും ചെയ്താണ് വിരാട് ചരിത്രം കുറിച്ചത്. ഈ നേട്ടത്തെ താന്‍ എന്തിന് അഭിനന്ദിക്കണമെന്നായിരുന്നു മെന്‍ഡിസ് ചോദിച്ചിരുന്നത്.

ഇപ്പോള്‍ തന്റെ ഭാഗം വിശദീകരിക്കുകയാണ് കുശാല്‍ മെന്‍ഡിസ്. വിരാട് കോഹ്‌ലി സെഞ്ച്വറിയടിച്ച കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ശരിക്ക് കേട്ടിരുന്നില്ല എന്നുമാണ് മെന്‍ഡിസ് പറയുന്നത്.

കുശാല്‍ മെന്‍ഡിസിന്റെ വാക്കുകളെ ഉദ്ധരിച്ച് ഏഷ്യന്‍ മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘പത്രസമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയതിനെ കുറിച്ച് എനിക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല. എന്നാല്‍ പെട്ടെന്ന് ജേണലിസ്റ്റ് ഇക്കാര്യം ചോദിച്ചപ്പോള്‍ എന്ത് പറയണമെന്ന് എനിക്ക് അറിയുമായിരുന്നില്ല. ഇതിനൊപ്പം അയാളുടെ ചോദ്യവും ഞാന്‍ ശരിക്ക് കേട്ടിരുന്നില്ല.

ഏകദിനത്തില്‍ 49 സെഞ്ച്വറി നേടുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. വിരാട് ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ്. ഞാന്‍ പറഞ്ഞത് തീര്‍ത്തും തെറ്റാണെന്ന് പിന്നീടാണ് എനിക്ക് മനസിലായത്,’ മെന്‍ഡിസ് പറഞ്ഞു.

സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ 121 പന്ത് നേരിട്ട് പുറത്താകാതെ 101 റണ്‍സ് നേടിയാണ് വിരാട് ചരിത്രനേട്ടത്തിലേക്ക് നടന്നുകയറിയത്. ഒറ്റ സിക്‌സര്‍ പോലും അടിക്കാതെ പത്ത് ബൗണ്ടറിയുടെ അകമ്പടിയോടെയാണ് വിരാട് തന്റെ 49ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഇതോടെ ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന റെക്കോഡില്‍ സച്ചിനൊപ്പം ഒന്നാം സ്ഥാനത്തെത്താനും വിരാടിനായി. വിരാട് ഏകദിന ഫോര്‍മാറ്റില്‍ സെഞ്ച്വറിയില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അതേസമയം, നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലും വിരാട് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 56 പന്തില്‍ 51 റണ്‍സ് നേടിയാണ് വിരാട് പുറത്തായത്.

ഈ അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ 2023 ലോകകപ്പിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും വിരാടിന് സാധിച്ചു.

ഒമ്പത് മത്സരത്തില്‍ നിന്നും രണ്ട് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയുമടക്കം 594 റണ്‍സാണ് വിരാട് നേടിയത്. ഈ ലോകകപ്പില്‍ ഏറ്റവും ചുരുങ്ങിയത് ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ടെന്നിരിക്കെ വിരാട് കോഹ്‌ലിക്ക് മുമ്പില്‍ മറ്റൊരു റെക്കോഡും കാത്തിരിപ്പുണ്ട്.

ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് വിരാടിന് മുമ്പിലുള്ളത്. ഈ ലോകകപ്പില്‍ 80 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ സച്ചിനെ മറികടന്ന് ആ നേട്ടം സ്വന്തമാക്കാനും വിരാടിന് സാധിക്കും.

Content highlight: Kushal Mendis clarifies his statement about Virat Kohli’s century

We use cookies to give you the best possible experience. Learn more