ഒരേ മത്സരത്തില്‍ തന്നെ റെക്കോഡിട്ടും അതേ റെക്കോഡ് തകര്‍ത്തും റെക്കോഡ്; ചരിത്രമെഴുതി മെന്‍ഡിസ്
icc world cup
ഒരേ മത്സരത്തില്‍ തന്നെ റെക്കോഡിട്ടും അതേ റെക്കോഡ് തകര്‍ത്തും റെക്കോഡ്; ചരിത്രമെഴുതി മെന്‍ഡിസ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th October 2023, 6:27 pm

ലോകകപ്പില്‍ തങ്ങളുടെ ആദ്യ ജയത്തിനുള്ള കാത്തിരിപ്പിലാണ് ശ്രീലങ്ക. ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ട ശ്രീലങ്ക കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെയും പരാജയപ്പെട്ടിരുന്നു.

വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയ ശേഷമാണ് പരാജയപ്പെട്ടത് എന്നത് ലങ്കന്‍ ആരാധകര്‍ക്ക് ഏറെ നിരാശയുണ്ടാക്കി. ഇമാം ഉള്‍ ഹഖിനെയും ബാബര്‍ അസമിനെയും പെട്ടെന്ന് തന്നെ പുറത്താക്കിയപ്പോള്‍ ആരാധകര്‍ വിജയം പ്രതീക്ഷിച്ചെങ്കിലും അബ്ദുള്ള ഷഫീഖും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് ആ പ്രതീക്ഷകള്‍ തല്ലിയൊതുക്കി.

ശ്രീലങ്കക്കായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസും സൂപ്പര്‍ താരം സധീര സമരവിക്രമയും സെഞ്ച്വറി പൂര്‍ത്തിയാക്കി. കുശാല്‍ മെന്‍ഡിസ് 77 പന്തില്‍ 122 റണ്‍സ് നേടി പുറത്തായപ്പോള്‍ 89 പന്തില്‍ 108 റണ്‍സായിരുന്നു സമരവിക്രമയുടെ സമ്പാദ്യം. 61 പന്തില്‍ 51 റണ്‍സ് നേടിയ പാതും നിസംഗയും സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

ഈ മാച്ചില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് സൃഷ്ടിക്കപ്പെടുകയും എന്നാല്‍ മണിക്കൂറുകള്‍ക്കകം ആ റെക്കോഡ് തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ലോകകപ്പില്‍ പാകിസ്ഥാനെതിരെ പിറക്കുന്ന ഏറ്റവും ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ്പിന്റെ റെക്കോഡാണ് സൃഷ്ടിക്കപ്പെട്ടത്.

രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ പാതും നിസംഗയും കുശാല്‍ മെന്‍ഡിസുമാണ് ഈ റെക്കോഡ് ആദ്യം സ്വന്തമാക്കിയത്. 102 റണ്‍സാണ് ഇരുവരും ലങ്കന്‍ ഇന്നിങ്‌സിലേക്ക് കൂട്ടിച്ചേര്‍ത്തത്. ടീം സ്‌കോര്‍ 107ല്‍ നില്‍ക്കവെ നിസംഗയെ അബ്ദുള്ള ഷഫീഖിന്റെ കൈകളിലെത്തിച്ച് ഷദാബ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

എന്നാല്‍ ഈ റെക്കോഡ് പിറന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഇതേ റെക്കോഡ് തകരുകയും ചെയ്തിരുന്നു. കുശാല്‍ മെന്‍ഡിസ് സധീര സമരവിക്രമക്കൊപ്പം മറ്റൊരു സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെയാണ് കുശാല്‍ മെന്‍ഡിസ് – പാതും നിസംഗ സഖ്യത്തിന്റെ റെക്കോഡ് തകര്‍ന്നത്.

മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സാണ് ടീം ടോട്ടലിലേക്ക് സംഭാവന നല്‍കിയത്. നിസംഗ പുറത്തായതിന് പിന്നാലെ 107 റണ്‍സിന് ഒന്നിച്ച ഈ കൂട്ടുകെട്ട് 218ലാണ് അവസാനിക്കുന്നത്.

കുശാല്‍ മെന്‍ഡിനെ പുറത്താക്കി ഹസന്‍ അലിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പുറത്താകുമ്പോള്‍ 77 പന്തില്‍ നിന്നും 122 റണ്‍സാണ് താരം നേടിയിരുന്നത്.

ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ശ്രീലങ്ക തങ്ങളുടെ അടുത്ത മത്സരം കളിക്കുന്നത്. ഒക്ടോബര്‍ 16ന് നടക്കുന്ന മത്സരത്തിന് ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയാണ് വേദിയാകുന്നത്.

 

 

Content Highlight: Kushal Mendis and Sadeera Samarawikrama created Highest partnership for Sri Lanka against PAK in the World Cup