| Thursday, 9th November 2023, 5:50 pm

വിട പറയും മുമ്പ് 2023 ലോകകപ്പ് റെക്കോഡ്; വെടിക്കെട്ടുമായി പെരേര

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ പുതിയ റെക്കോഡുമായി ലങ്കന്‍ സൂപ്പര്‍ താരം കുശാല്‍ പെരേര. 2023 ലോകകപ്പിലെ വേഗതയേറിയ അര്‍ധ സെഞ്ച്വറിയുടെ റെക്കോഡ് തന്റെ പേരില്‍ കുറിച്ചാണ് പെരേര ലോകകപ്പിനോട് വിടപറയാന്‍ ഒരുങ്ങുന്നത്.

22 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് പെരേര റെക്കോഡിട്ടത്. ലോകകപ്പിന്റെ ചരിത്രത്തിലെ നാലാമത് വേഗമേറിയ അര്‍ധ സെഞ്ച്വറിയാണിത്.

ലോകകപ്പില്‍ ഒരു ലങ്കന്‍ താരം നേടുന്ന വേഗമേറിയ രണ്ടാമത് അര്‍ധ സെഞ്ച്വറി എന്ന നേട്ടവും ഇതോടെ പെരേരയുടെ പേരിലായി. സെമിയില്‍ പ്രവേശിക്കാതെ ശ്രീലങ്ക പുറത്താകുമ്പോള്‍ ആരാധകര്‍ക്ക് ആശ്വസിക്കാനുള്ള വകയായും ഈ നേട്ടം മാറി.

2015 ലോകകപ്പില്‍ 20 പന്തില്‍ ഫിഫ്റ്റിയടിച്ച ഏയ്ഞ്ചലോ മാത്യൂസിന്റെ പേരിലാണ് ലോകകപ്പില്‍ വേഗത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ലങ്കന്‍ താരം എന്ന റെക്കോഡുള്ളത്.

ലോകകപ്പിലെ വേഗമേറിയ അര്‍ധ സെഞ്ച്വറികള്‍

(താരം – രാജ്യം – എതിരാളികള്‍ – 50 പൂര്‍ത്തിയാക്കാന്‍ നേരിട്ട പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – ഇംഗ്ലണ്ട് – 18 – 2015

ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – കാനഡ – 20 – 2007

ഏയ്ഞ്ചലോ മാത്യൂസ് – ശ്രീലങ്ക – സ്‌കോട്‌ലാന്‍ഡ് – 20 – 2015

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – അഫ്ഗാനിസ്ഥാന്‍ -21 – 2015

മാര്‍ക് ബൗച്ചര്‍ – സൗത്ത് ആഫ്രിക്ക – നെതര്‍ലന്‍ഡ്‌സ് – 21 – 2007

ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – ഓസ്‌ട്രേലിയ – 21 – 2015

മാര്‍ക് ബൗച്ചര്‍ – സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് – 22 – 2007

ദിനേഷ് ചണ്ഡിമല്‍ – ശ്രീലങ്ക – ഓസ്‌ട്രേലിയ – 22 – 2015

ബ്രെണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – സൗത്ത് ആഫ്രിക്ക – 22 – 2015

കുശാല്‍ പെരേര- ശ്രീലങ്ക – ന്യൂസിലാന്‍ഡ് – 22 – 2023

മത്സരത്തില്‍ 28 പന്തില്‍ നിന്നും 51 റണ്‍സ് നേടിയാണ് കുശാല്‍ പെരേര പുറത്തായത്. ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെയാണ് കുശാല്‍ പെരേര റണ്ണടിച്ചുകൂട്ടിയത്.

പെരേരക്ക് പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും സാധിക്കാതെ വന്നതോടെ ശ്രീലങ്ക 171 റണ്‍സിന് ഓള്‍ ഔട്ടായി. 91 പന്തില്‍ നിന്നും പുറത്താകാതെ 38 റണ്‍സ് നേടിയ മഹീഷ് തീക്ഷണയാണ് ലങ്കക്കായി സ്‌കോര്‍ ഉയര്‍ത്തിയ രണ്ടാമന്‍.

ക്യാപ്റ്റന്റെ റോളിലെത്തിയ കുശാല്‍ മെന്‍ഡിസ് അടക്കം ആറ് താരങ്ങളാണ് ലങ്കന്‍ നിരയില്‍ ഒറ്റയക്കത്തിന് പുറത്തായത്.

ന്യൂസിലാന്‍ഡിനായി ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടിം സൗത്തിയാണ് ശേഷിക്കുന്ന വിക്കറ്റ് വീഴ്ത്തിയത്.

ലോകകപ്പിന്റെ സെമി ഫൈനല്‍ ലക്ഷ്യം വെക്കുന്ന ന്യൂസിലാന്‍ഡിന് ശ്രീലങ്കക്കെതിരെ വിജയം അനിവാര്യമാണ്.

Content highlight: Kusal Perera smashed fastest 50 of 2023 World Cup

We use cookies to give you the best possible experience. Learn more