ന്യൂസിലാന്‍ഡിനെതിരെയുള്ള അവസാനത്തെ ടി-20ഐയില്‍ ഏഴ് റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനം സ്വന്തമാക്കി ശ്രീലങ്ക. സാക്‌സടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ലങ്ക ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയത്. മറുപടിക്ക് ഇറങ്ങിയ കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്. ആവേശം നിറഞ്ഞ മത്സരത്തില്‍ ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ തകര്‍പ്പന്‍ വിജയമാണ് ലങ്ക നേടിയത്.
മത്സരത്തില്‍ ലങ്കയ്ക്ക് വേണ്ടി വെടിക്കെട്ട് പ്രകടനമാണ് കുശാല്‍ പെരേര കാഴ്ചവെച്ചത്. മൂന്നാമനായി ഇറങ്ങി 46 പന്തില്‍ നിന്ന് നാല് ഫോറും 13 സിക്‌സും ഉള്‍പ്പെടെ 101 റണ്‍സ് നേടിയാണ് താരം പുറത്തായത്. 219.57 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം മിന്നും പ്രകടനം നടത്തിയത്. ഡാരില്‍ മിച്ചലിന്റെ പന്തില്‍ രചിന്‍ രവീന്ദ്രയ്ക്ക് ക്യാച്ച് കൊടുത്താണ് താരം ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
എന്നിരുന്നാലും ഒരു തകര്‍പ്പന്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്. ആദ്യമായിട്ടാണ് ലങ്കയ്ക്ക് വേണ്ടി ഒരു താരം ടി-20ഐയില്‍ 2000 റണ്‍സ് മറികടക്കുന്നത്. ശ്രീലങ്കയ്ക്ക് വേണ്ടി ഇന്റര്‍നാഷണല്‍ ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനും കുശാല്‍ പെരേരയ്ക്ക് സാധിച്ചു നിലവില്‍ 2056 റണ്‍സാണ് താരം ഫോര്‍മാറ്റില്‍ സ്വന്തമാക്കിയത്. മാത്രമല്ല ന്യൂസിലാന്‍ഡിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ താരമാകാനും കുശാലിന് സാധിച്ചു.
കുശാല്‍ പെരേര – 76 – 2056*
കുശാല്‍ മെന്‍ഡിസ് – 78 – 1920
തിലകരത്‌നെ ദില്‍ശന്‍ – 79 – 1889
പാത്തും നിസങ്ക – 61 – 1734
2025ല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ആദ്യ സെഞ്ച്വറി കുറിക്കാനും താരത്തിന് സാധിച്ചിരുന്നു. പുതുവര്‍ഷത്തില്‍ കുശാലിന്റെ വെടിക്കെട്ട് പ്രകടനത്തിലാണ് ലങ്ക വിജയിച്ച് കയറിയത്. താരത്തിന് പുറമെ ക്യാപ്റ്റന്‍ ചരിത് അസലങ്ക 46റണ്‍സ് നേടി മിന്നും പ്രകടനമാണ് താരം നേടിയത്.
മാത്രമല്ല അവസാന ഓവറില്‍ ബിനുരു ഫെര്‍ണാണ്ടോയുടെ മികച്ച ബൗളിങ്ങും മത്സരത്തില്‍ നിര്‍ണായകമായി. ടീമിന് വേണ്ടി ക്യാപ്റ്റന്‍ സിത അസലങ്ക മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്. വാനിന്ദു ഹസരങ്ക രണ്ട് വിക്കറ്റും നുവാന്‍ തുഷാര ഒരു വിക്കറ്റും നേടി മിന്നും പ്രകടനമാണ് ബൗളിങ്ങില്‍ കാഴ്ചവെച്ചത്.
കിവീസിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ രചിനായിരുന്നു. 39 പന്തില്‍ നിന്ന് 69 റണ്‍സാണ് താരം നേടിയത്. ബൗളിങ്ങില്‍ മാറ്റ് ഹെന്റി, ജേക്കബ് ഡഫി, സക്കറി ഫോക്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ഡാരില്‍ മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Kusal Perera In Great Record Achievement For Sri Lanka In T-20i