കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി റെക്കോഡ് നേട്ടം സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ തന്റെ കരിയറിലെ 49ാം സെഞ്ച്വറി നേടിയിരിക്കുകയാണ് കോഹ്‌ലി. ഇതോടെ ഏകിദനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പം ഒന്നാം സ്ഥാനത്തെത്താന്‍ കോഹ്‌ലിക്ക് സാധിച്ചു.
121 പന്തില്‍ 101 റണ്‍സിന് പുറത്താകാതെയാണ് കോഹ്ലി 49ാം ഏകദിന സെഞ്ച്വറി നേടിയത്. 277 ഇന്നിംങ്സിലാണ് വിരാട് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. കോഹ്‌ലിയുടെ തകര്‍പ്പന്‍ നേട്ടത്തിന് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസിന്റെ പ്രതികരണം ശ്രദ്ധനേടുകയാണിപ്പോള്‍. ബംഗ്ലാദേശിനെതിരെയുള്ള ശ്രീലങ്കയുടെ മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോഹ്‌ലിയുടെ നേട്ടത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അത്ര രസകരമല്ലാത്ത മറുപടിയാണ് അദ്ദേഹം നല്‍കിയത്.
മാധ്യമ പ്രവര്‍ത്തകനോട് ചോദ്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ട മെന്‍ഡിസ് ചിരിക്കാന്‍ ആരംഭിക്കുകയും താനെന്തിന് കോഹ്‌ലിയെ അഭിനന്ദിക്കണം എന്ന് മറുപടി നല്‍കുകയുമായിരുന്നു.
ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ലങ്കന്‍ ലെജന്‍ഡ് കുമാര്‍ സംഗക്കാരയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനും വിരാട് കോഹ്ലിക്കായി. 34 മത്സരത്തില്‍ നിന്നും 1,571 റണ്‍സാണ് വിരാടിന്റെ പേരിലുള്ളത്.
42 ഇന്നിങ്സില്‍ നിന്നും 1,743 റണ്‍സ് നേടിയ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങും 44 ഇന്നിങ്സില്‍ നിന്നും 2,278 റണ്‍സടിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് പട്ടികയില്‍ വിരാടിന് മുമ്പിലുള്ളത്.
അതേസമയം, ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല റെക്കോഡുകളും വിരാട് കോഹ്ലിയെ തേടിയെത്തിയിരിക്കുകയാണ്. അതില്‍ പ്രധാനം വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ 50 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന റെക്കോഡാണ്. 49 ഏകദിന സെഞ്ച്വറിക്കൊപ്പം ടി-20യില്‍ അഫ്ഗാനെതിരെ നേടിയ സെഞ്ച്വറി നേട്ടമാണ് വിരാടിനെ ഈ നേട്ടത്തിലെത്തിച്ചത്.
ഏകദിനത്തില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ നേടുന്ന രണ്ടാമത് താരം എന്ന നേട്ടവും ഇതോടെ വിരാട് സ്വന്തമാക്കിയിരുന്നു. 278 ഇന്നിങ്സുകളില്‍ നിന്നുമായി 119ാം തവണയാണ് വിരാട് ഈ നേട്ടം സ്വന്തമാക്കുന്നത്. 452 ഇന്നിങ്സില്‍ നിന്നും 145 തവണ 50+ സ്‌കോര്‍ സ്വന്തമാക്കിയ സച്ചിനാണ് പട്ടികയിലെ ഒന്നാമന്‍.
ഇതിന് പുറമെ ഇന്ത്യന്‍ മണ്ണില്‍ 6,000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി മാറാനും വിരാട് കോഹ് ലിക്ക് സാധിച്ചു.
പ്രോട്ടീസിനെതിരായ മത്സരത്തില്‍ 58 റണ്‍സ് നേടിയതിന് പിന്നാലെ ഈ ലോകകപ്പില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന മൂന്നാമത് താരമായി വിരാട് മാറി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ ബാറ്ററാണ് വിരാട്.
Content Highlights: Kusal Mendis Stumped By Question On Virat Kohli’s 49th ODI Ton