കൊച്ചി: പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ചാടിപ്പോയ കുറുവ സംഘാംഗത്തെ പിടികൂടി. നാല് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
സന്തോഷ് ശെൽവ എന്നയാളാണ് പിടിയിലായത്. പ്രതി എറണാകുളം കുണ്ടന്നൂര്‍ പ്രദേശത്തെ ചതുപ്പില്‍ ഒളിച്ചിരിക്കുകയായിരുന്നു. പൊലീസ് വിലങ്ങോടെയാണ് പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്.
പ്രതിയെ നിലവില്‍ സ്റ്റേഷനിലേക്ക് മാറ്റിയതായി പൊലീസ് പ്രതികരിച്ചു. കുറുവ സംഘം പറവൂരില്‍ എത്തിയെന്ന വിവരം ലഭിച്ചതിന് പിന്നാലെ ഇന്നലെ (വെള്ളിയാഴ്ച) മുതല്‍ പൊലീസ് അന്വേഷണം ഊര്ജിതമാക്കിയിരുന്നു.
ഇതിനുപിന്നാലെയാണ് സന്തോഷ് സെൽവ അറസ്റ്റിലായത്. എന്നാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ഒരു സംഘം പൊലീസ് വാഹനം ആക്രമിക്കുകയും പിന്നാലെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു.
വനിതാ പൊലീസ് ഇല്ലാതിരുന്നതിനാല്‍ സ്ത്രീകളെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നും ഇതിനിടെ പ്രതി ഓടിരക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞാണ് പ്രതി രക്ഷപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.
ആലപ്പുഴ മണ്ണഞ്ചേരി പൊലീസാണ് ഇയാളെ ആദ്യം പിടികൂടിയത്. നിലവില്‍ സന്തോഷിന് പുറമെ സംഘത്തിലെ മണികണ്ഠന്‍ എന്ന പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മണികണ്ഠനെ പിടികൂടുന്നതിനിടെയാണ് സ്ത്രീകളുടെ സംഘം പൊലീസിനെ ആക്രമിച്ചത്. തുടര്‍ന്ന് നൂറിലധികം പൊലീസ് നടത്തിയ തിരച്ചിലിലാണ് സന്തോഷിനെ പിടികൂടിയത്.
കൊച്ചി സിറ്റി പൊലീസും ആലപ്പുഴ പൊലീസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ആലപ്പുഴ ഡി.വൈ.എസ്.പി എം.കെ. മധുബാബു, എറണാകുളം എ.സി.പി പി. രാജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍
പൊലീസിനെ ആക്രമിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റിലായിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയതായാണ് റിപ്പോര്‍ട്ട്. നിലവില്‍ എറണാകുളം ജില്ലയിലും കുണ്ടന്നൂര്‍ പ്രദേശത്താകമാനവും പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlight: Kuruva gang member who escaped from police custody arrested