KURUTHI REVIEW | കുരുതി, കുറെ ആശയങ്ങളും വളരെ കുറച്ച് സിനിമയും
Film Review
KURUTHI REVIEW | കുരുതി, കുറെ ആശയങ്ങളും വളരെ കുറച്ച് സിനിമയും
അന്ന കീർത്തി ജോർജ്
Wednesday, 11th August 2021, 5:56 pm
ആശയ സംഘട്ടനത്തിന്റെ അതിപ്രസരവും, ഓരോ ആശയങ്ങളും കൃത്യമായി അളവില്‍ പറയാന്‍ കഷ്ടപ്പെടുന്ന ബാലന്‍സിങ്ങും, ഓരോ കഥാപാത്രങ്ങളെയും ഓരോ ആശയങ്ങളുടെ ബിംബങ്ങളായി അവതരിപ്പിച്ചിരിക്കുന്ന രീതിയും ചേര്‍ന്നാണ് കുരുതി എന്ന സിനിമയുടെ ആസ്വാദനം പ്രേക്ഷകന് ബുദ്ധിമുട്ടുള്ള അനുഭവമാക്കുന്നത്.

ഇന്നത്തെ കാലഘട്ടം ചര്‍ച്ച ചെയ്യുന്ന, ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ വിവിധ വശങ്ങളില്‍ നിന്നുകൊണ്ട് സമീപിക്കുന്ന ചിത്രമാണ് കുരുതി. ഭൂരിപക്ഷ വര്‍ഗീതയും ന്യൂനപക്ഷ വര്‍ഗീയതയും ഹിന്ദുവര്‍ഗീയതയും മുസ്‌ലിം വര്‍ഗീയതയും അതിന്റെ തുടക്കവും വളര്‍ച്ചയുമെല്ലാം കാണിച്ചു തരാന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമമാണ് കുരുതിയെന്ന് തീര്‍ച്ചയായും പറയാം.

വര്‍ഗീയതയുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന, അതിനെ നേരിടാന്‍ നിര്‍ബന്ധിതരാവുന്ന സാധാരണക്കാരായ മനുഷ്യരുടെ പക്ഷത്ത് നിന്നുകൊണ്ടാണ് കുരുതി ഒരു പരിധി വരെ കഥ പറയുന്നത്.

മനുഷ്യന് എന്നും വെറുക്കാന്‍ എന്തെങ്കിലും വേണം, അതിന് വേണ്ടി അവന്‍ കണ്ടുപിടിക്കുന്നതാണ് ഞങ്ങളും നിങ്ങളും, സിനിമയില്‍ മാമുക്കോയ അവതരിപ്പിക്കുന്ന മൂസ ഖാദര്‍ പറയുന്ന ഈ ഡയലോഗാണ് സിനിമയുടെ അന്തസത്ത.

മനുഷ്യന്റെയുള്ളിലെ വെറുപ്പിനെ, ചില വ്യക്തിപരമായ അനുഭവങ്ങളും, ഇന്ന് വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളും തീവ്ര ആശയങ്ങള്‍ പങ്കുവെക്കുന്ന ഗ്രൂപ്പുകളും ചേര്‍ന്ന് വളര്‍ത്തി വലുതാക്കിയെടുക്കുന്നതാണ് കുരുതിക്ക് പശ്ചാത്തലമാകുന്നത്.

ഒരു രാത്രി നടക്കുന്ന സംഭവങ്ങളാണ് കുരുതിയുടെ കഥ. ടാഗ് ലൈനില്‍ പറയുന്ന പോലെ കൊല്ലും എന്ന് വാക്ക് കൊടുത്തെത്തുന്നവരും കാക്കുമെന്ന് പ്രതിജ്ഞയെടുത്തവനും തമ്മില്‍ നടക്കുന്ന പോരാട്ടമാണ് സിനിമ പറയുന്നത്. പൃഥ്വിരാജിന്റെ ലായിഖും റോഷന്‍ മാത്യുവിന്റെ ഇബ്രാഹിം എന്ന ഇബ്രുവും തമ്മില്‍ മാത്രമല്ല, റസൂലും വിഷ്ണുവും തമ്മില്‍, പ്രേമനും സുമയും തമ്മില്‍, ലായിഖും മൂസ ഖാദറും തമ്മില്‍, പൊലീസുകാരന്‍ സത്യനും ലായിഖും തമ്മില്‍ നടക്കുന്ന കുറെ സംഭാഷണങ്ങളാണ്, അവര്‍ വിശ്വസിക്കുന്ന ആശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും സംഘട്ടനവുമാണ് കുരുതി.

പക്ഷെ, ഈ ആശയ സംഘട്ടനത്തിന്റെ അതിപ്രസരവും, ഓരോ ആശയങ്ങളും കൃത്യമായി അളവില്‍ പറയാന്‍ കഷ്ടപ്പെടുന്ന ബാലന്‍സിങ്ങും, ഓരോ കഥാപാത്രങ്ങളെയും ഓരോ ആശയങ്ങളുടെ ബിംബങ്ങളായി അവതരിപ്പിച്ചിരിക്കുന്ന രീതിയും ചേര്‍ന്നാണ് കുരുതി എന്ന സിനിമയുടെ ആസ്വാദനം പ്രേക്ഷകന് ബുദ്ധിമുട്ടുള്ള അനുഭവമാക്കുന്നത്. അവിടെ തന്നെയാണ്, ഒരു സിനിമ എന്ന നിലയില്‍ നിന്ന് മാറി കുരുതി ഒരു കൂട്ടം
മുദ്രാവാക്യം വിളികളാകുന്നതും.

മാത്രമല്ല, ഇന്നത്തെ ഇന്ത്യയില്‍ ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും തീവ്രസ്വാഭാവങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഒരേ തട്ടില്‍ നിര്‍ത്തി കുറ്റപ്പെടുത്താന്‍ നടത്തുന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ബാലന്‍സിങ്ങ് ശ്രമങ്ങളും വിമര്‍ശിക്കപ്പെടും.

അതിലേക്ക് കടക്കും മുന്‍പ് സിനിമയിലെ കഥാപാത്രങ്ങളെയും അഭിനേതാക്കളെയും കുറിച്ച് പറയാം. വളരെ കുറഞ്ഞ കാസ്റ്റ് മാത്രമുള്ള ചിത്രമാണ് കുരുതി. പോസ്റ്ററില്‍ കാണുന്ന അത്രയും ആളുകള്‍ മാത്രമേ ചിത്രത്തിലുമുള്ളു. കഥാപാത്രങ്ങള്‍ എന്നതിലുപരി ചില ആശയങ്ങളെ, അല്ലെങ്കില്‍ സമൂഹത്തില്‍ നമ്മള്‍ കാണുന്ന ചില ഗ്രൂപ്പുകളുടെ, കാലഘട്ടത്തിന്റെയെല്ലാം സ്‌പെസിമെന്‍ ആണ് ഈ കഥാപാത്രങ്ങള്‍. അതുകൊണ്ട് തന്നെ കഥാപാത്ര സൃഷ്ടിയോ വളര്‍ച്ചയോ കുരുതിയിലെ മനുഷ്യരില്‍ അനുഭവപ്പെട്ടിരുന്നില്ല.

സ്‌റ്റൈലൈസ്ഡ് ആയിട്ടുള്ള അഭിനയരീതിയും അത്തരത്തിലുള്ള അവതരണവും ചേര്‍ത്തുവെച്ചിരിക്കുന്ന ചിത്രത്തില്‍ പെര്‍ഫോമന്‍സ് കൊണ്ട് മുന്നില്‍ നില്‍ക്കുന്നതായി തോന്നിയത്, മാമുക്കോയയും റോഷന്‍ മാത്യുവും നെല്‍സണുമാണ്.

മാമുക്കോയയുടെ മൂസ ഖാദറിനാണ് ചിത്രത്തില്‍ ഏറ്റവും ഹീറോയിക്കായ പരിവേഷമുള്ളത്. തുടക്കം മുതല്‍ അവസാനം വരെ തഗ് ലൈഫ് ഡയലോഗുകളും സിനിമയുടെ ആശയം പറയാനായി ഇരുത്തിയിരിക്കുന്നതായുമെല്ലാം തോന്നുമെങ്കിലും തന്റെ ഭാഗങ്ങളില്‍ മാമുക്കോയ താന്‍ അതിഗംഭീരനായ ഒരു നടനാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നുണ്ട്.

മൂസ ഖാദര്‍ വണ്ടിയെടുത്ത് പോകാന്‍ തയ്യാറാകുന്ന ഒരു സന്ദര്‍ഭത്തില്‍, മൂത്രം പോകാനായി ഇട്ടിരിക്കുന്ന ട്യൂബ് എടുത്തുകളഞ്ഞ് ഡയപ്പര്‍ എടുക്കുന്നത്, ഷര്‍ട്ടും മുണ്ടും ഷൂസും ധരിക്കുമ്പോള്‍ കാണിക്കുന്ന ആ ഹീറോയിക് മൂഡില്‍ തന്നെ കാണിച്ചിട്ടുണ്ട്. ഒരു കഥാപാത്രത്തിന്റെ പരിസരത്ത് നിന്നുകൊണ്ടുതന്നെ ഹീറോയിക് ഇമേജ് കൊടുക്കാന്‍ ശ്രമിച്ചത് സംവിധാകയകന്റെ എടുത്തുപറയേണ്ട നിരീക്ഷണമാണ്.

സിനിമയില്‍ റോഷന്‍ മാത്യു ഇബ്രുവായി പകര്‍ന്നാട്ടം നടത്തുന്നുണ്ട്. തീരാനഷ്ടങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു മനുഷ്യന്‍, അയാള്‍ക്കാണ് ജീവിതത്തില്‍ തികച്ചും അപ്രതീക്ഷിതമായി തീരുമാനങ്ങളെടുക്കേണ്ടി വരുന്നത്, ചിന്തിക്കാന്‍ പോലുമുള്ള സാവകാശം ലഭിക്കുന്നതിന് മുന്‍പ് അത് ചെയ്യേണ്ടി വരുന്നത്. അവിടങ്ങളിലെല്ലാം കയ്യടക്കത്തോടെ റോഷന്‍ ഇബ്രുവിനെ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമ ഇറങ്ങുന്നതിന് മുന്‍പ് വന്ന ഒരു അഭിമുഖത്തില്‍ ഇബ്രാഹിമിനെ അവതരിപ്പിക്കാന്‍ പറ്റുമോ, മറ്റു അഭിനേതാക്കളുടെ കൂട്ടത്തില്‍ താന്‍ മാത്രം മോശമായി പോകുമോ എന്ന ആശങ്കയുണ്ടായിരുന്നു എന്ന് റോഷന്‍ പറഞ്ഞിരുന്നു, പക്ഷെ കൂട്ടത്തില്‍ ഏറ്റവും ശക്തമായ പെര്‍ഫോമന്‍സ് റോഷന്റേതായിരുന്നു.

തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിച്ച നസ്‌ലന്‍ കുരുതിയിലെത്തിയപ്പോള്‍ അടിമുടി മാറിയിരിക്കുകയാണ്. ചെറുപ്രായത്തില്‍ തന്നെ ഗൗരവക്കാരനായി മാറേണ്ടി വന്ന, രക്തം തിളച്ചു നില്‍ക്കുന്ന കൗമാരക്കാരനായ റസൂലായി നസ്‌ലന്‍ ഗംഭീര പെര്‍ഫോമന്‍സ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, സീനിയറായ കാസ്റ്റിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യുമ്പോഴും റസൂലിലൂടെ തന്നെ ഓര്‍മിപ്പിക്കപ്പെടും വിധം അടയാളപ്പെടുത്താന്‍ നസ്‌ലനാകുന്നുണ്ട്.

പൃഥ്വിരാജിന്റെ ലായിഖ് അദ്ദേഹത്തിന്റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രം തന്നെയാണ്. നടത്തത്തിലും ഇരുത്തത്തിലും ഓട്ടത്തിലും നോട്ടത്തിലും വരെ ചില പ്രത്യേക മാനറിസങ്ങള്‍ കൊണ്ടുവന്നാണ് പൃഥ്വിരാജ് ലായിഖിനെ വ്യത്യസ്തനാക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ, ആ കഥാപാത്രത്തിലേക്കെത്താന്‍ പൃഥ്വി വല്ലാതെ കഷ്ടപ്പെടുന്നതായുള്ള തോന്നലുളവാക്കുന്നവയായിരുന്നു പല സന്ദര്‍ഭങ്ങളും. ചിത്രത്തില്‍ വിഷ്ണുവായ സാഗര്‍ സൂര്യ, തട്ടീം മുട്ടീമിലെ ആദിയെ എവിടെയും ഓര്‍മ്മിപ്പിക്കാതെ തന്റെ ഭാഗങ്ങള്‍ തരക്കേടില്ലാതെ കൈകാര്യം ചെയ്യുന്നുണ്ട്.

ശ്രിന്ദയുടെ സുമ മാത്രമാണ് ചിത്രത്തിലെ ഏക സ്ത്രീ കഥാപാത്രം. കൂട്ടത്തില്‍ ഏറ്റവും ധൈര്യമുള്ള കഥാപാത്രവും, അത് എന്തിന് ഏതിന് എന്നതും ആ ധൈര്യത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആശയങ്ങളുമൊക്കെ മറ്റൊരു ചര്‍ച്ചക്ക് പാത്രമാകുമെങ്കിലും, സുമയാണെന്ന് പറയാം. സങ്കീര്‍ണമായ കഥാമുഹൂര്‍ത്തങ്ങളില്‍ വേഗത്തില്‍ തീരുമാനങ്ങളെടുക്കുന്നതും സുമയാണ്. പക്ഷെ, ഈ കഥാപാത്രത്തിന്റെ ഡയലോഗുകളുടെ നാടകീയത അവതരണത്തിലും കടന്നുവരുന്നതും ചില സ്ഥിരം ഭാവങ്ങളും ശ്രിന്ദയുടെ സുമയുടെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്.

മണികണ്ഠന്‍, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ ചെയ്തിരിക്കുന്നത്. ഫിക്ഷനലായ ഒരു നാടിനെ അവതരിപ്പിച്ചതുകൊണ്ടാകാം കഥാപാത്രങ്ങളുടെ സ്ലാങ്ങ് പെട്ടെന്നൊരു സ്‌പേസിനെ അടയാളപ്പെടുത്താന്‍ പറ്റുന്നതല്ലായിരുന്നു.

കുരുതിയിലെ ഒരുവിധം എല്ലാ ഡയലോഗുകളും സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ആഘോഷിക്കപ്പെടാന്‍ സാധ്യതയുണ്ട്. സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പഞ്ച് ഡയലോഗുകളും, അതും വെറും പഞ്ച് ഡയലോഗല്ല ആശയസമ്പുഷ്ടമായ, പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകള്‍ നിറഞ്ഞ പഞ്ച് ഡയലോഗുകളാണ് ചിത്രത്തില്‍ ഉടനീളം കടന്നുവരുന്നത്.

പൗലോ കൊയ്‌ലോയുടെ ചില പുസ്തകങ്ങളിലെ ഏത് വരികളും പ്രത്യേകമായി ആഘോഷിക്കപ്പെടുന്നത് പോലെ, ഒരു സാധ്യത കുരുതിയിലുമുണ്ടെന്ന് വേണമെങ്കില്‍ പറയാം. പക്ഷെ ഇത് കുരുതി എന്ന സിനിമക്ക് അത്രമാത്രം ഗുണകരമായിട്ടില്ല.

ഒരു ബേസിക് സ്റ്റോറിലൈന്‍ രൂപപ്പെട്ട ശേഷം, ഓരോ കഥാപാത്രവും പറയേണ്ട ഡയലോഗുകള്‍ തയ്യാറാക്കുകയും, പിന്നീട് ചിത്രത്തിന്റെ തിരക്കഥയിലേക്കും കഥാസന്ദര്‍ഭങ്ങളിലേക്കും അണിയറ പ്രവര്‍ത്തകര്‍ കടക്കുകയും ചെയ്തുവെന്ന സംശയമാണ് പലപ്പോളും ഡയലോഗുകളുടെ ബാഹുല്യം പ്രേക്ഷകനിലുണ്ടാക്കുന്നത്.’

ശരീരഭാഷക്കും കഥാപാത്രങ്ങളുടെ മൂവ്‌മെന്റിനും അഭിനന്ദ് രാമാനുജത്തിന്റെ ക്യാമറ ആംഗിളിനുമെല്ലാം സ്റ്റേജിലെ ഒരു പെര്‍ഫോമന്‍സിന്റെ രീതിയാണ് കുരുതി ഉടനീളം അവലംബിച്ചിരിക്കുന്നത്. ഇത് ചിലയിടങ്ങളിലൊഴികെ പലപ്പോഴും വളരെ ആര്‍ട്ടിഫിഷ്യലും പ്രേക്ഷകനില്‍ നിന്നും ദൂരെ മാറി ചിത്രം നില്‍ക്കുന്നതുമായ ഒരു പ്രതീതിയാണ് ഉണ്ടാക്കുന്നത്. ഇത്തരം ട്രീറ്റ്‌മെന്റിനോട് എന്തെങ്കിലും പ്രത്യേക താല്‍പര്യമുള്ളവര്‍ക്ക് ഒരുപക്ഷെ സിനിമ ആസ്വദിക്കാന്‍ സാധിച്ചിരിക്കാം.

ജേക്ക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതം ആസ്വാദനനുഭവത്തെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കുന്നുണ്ടെങ്കിലും പെട്ടെന്ന് പൊട്ടിവീഴുന്ന പാട്ടുകള്‍ സിനിമക്ക് ആവശ്യമായ ഘടകമായിരുന്നില്ല.

മനീഷ് പള്ളിയല്‍ എഴുതി, മനു വാര്യര്‍ സംവിധാനം ചെയ്തിരിക്കുന്ന കുരുതി അത് മുന്നോട്ടുവെക്കുന്ന നിരവധി ആശയങ്ങള്‍ കൊണ്ട് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം വെക്കുമെന്ന് ഉറപ്പാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kuruthi Movie Review – Anna keerthy George

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.