തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ കുറഞ്ഞ ഡയലോഗുകള്‍ കൊണ്ട് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച മെല്‍വിനെ ആരും മറുന്നുകാണില്ല. പ്രധാന കഥാപാത്രമായ ജെയ്‌സണിന്റെ കൂട്ടുകാരനായ മെല്‍വിനായെത്തിയ നസ്‌ലന്‍ ഗഫൂറിന്റെ ഓരോ ഡയലോഗുകളും ചിത്രത്തിലെ ഏറ്റവും കയ്യടിയും പൊട്ടിച്ചിരിയും നേടിയ ഭാഗങ്ങളായിരുന്നു.
പഫ്‌സിന്റെ വില 50 പൈസ കൂട്ടിയടാ, എന്തൊരു ജാടയാ എന്നുള്ള ഡയലോഗുകളും ബുദ്ധിയാണ് സാറേ ഇവന്റെ മെയിന്‍ എന്ന് അമ്മ പറയുമ്പോഴുള്ള ആ വിനയാന്വിതഭാവമൊക്കെ ഇന്നും മലയാളികളെല്ലാം ഓര്‍ത്തിരിക്കുന്നുണ്ട്.
എന്നാല്‍ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ തമാശ പറഞ്ഞ് പൊട്ടിച്ചിരിപ്പിച്ച നസ്‌ലന്‍ കുരുതിയിലെത്തിയപ്പോള്‍ അടിമുടി മാറിയിരിക്കുകയാണ്.
ചെറുപ്രായത്തില്‍ തന്നെ ഗൗരവക്കാരനായി മാറേണ്ടി വന്ന, രക്തം തിളച്ചു നില്‍ക്കുന്ന കൗമാരക്കാരനായ റസൂലായി നസ്‌ലന്‍ ഗംഭീര പെര്‍ഫോമന്‍സാണ് നല്‍കിയിരിക്കുന്നത്.
മാമുക്കോയ, പൃഥ്വിരാജ്, മുരളി ഗോപി, റോഷന്‍ മാത്യു, മണികണ്ഠന്‍, ശ്രിന്ദ, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരടങ്ങിയ വലിയ കാസ്റ്റിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യുമ്പോഴും റസൂലിലൂടെ തന്നെ ഓര്‍മ്മിപ്പിക്കപ്പെടും വിധം അടയാളപ്പെടുത്താന്‍ നസ്‌ലനാകുന്നുണ്ട്.
തീവ്ര ആശയങ്ങള്‍ പങ്കുവെക്കപ്പെടുന്ന ഒരു ഗ്രൂപ്പില്‍ എത്തിപ്പെട്ടതിന്റെ ഭാഗമായി ആ കണ്ണിലൂടെ മാത്രം ചുറ്റുമുള്ളവരെയും ലോകത്തെയും തന്നെ കാണാന്‍ ശ്രമിക്കുന്ന റസൂലിനെയാണ് തുടക്കത്തില്‍ പ്രേക്ഷകന്‍ പരിചയപ്പെടുന്നത്. എന്നാല്‍ പ്രായത്തിന്റേതായ സംശയങ്ങളും കണ്‍ഫ്യൂഷനുമെല്ലാം ഇതേസമയം റസൂലിനുള്ളിലുണ്ട്.
ഈ രണ്ട് വികാരങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന സങ്കീര്‍ണതയെ, സിനിമ ഒരു പ്രത്യേക സ്‌റ്റൈലൈസ്ഡ് ഫോര്‍മാറ്റ് പിന്തുടരുന്നുണ്ടെങ്കിലും, ഒട്ടും കൃത്രിമത്വം കലരാതെ നസ്‌ലന്‍ അവതരിപ്പിക്കുന്നുണ്ട്.
കഥ പുരോഗമിക്കുന്നതിനനുസരിച്ചാണ് നസ്‌ലനിലും മാറ്റങ്ങളുണ്ടാകുന്നതും ഉള്ളിലെ വെറുപ്പും ദേഷ്യവുമൊക്കെ കൂടുതല്‍ ശക്തി പ്രാപിക്കുന്നതും. അത്ര അപ്രതീക്ഷിതമല്ലാത്ത ഈ ക്യാരക്ടര്‍ ഡെവലപ്പ്‌മെന്റ് പ്രേക്ഷകനെ മടുപ്പില്ലാതെ കാണാന്‍ പ്രേരിപ്പിക്കുന്നത് നസ്‌ലന്റെ പെര്‍ഫോമന്‍സാണ്.
മലയാളത്തിലെ കൗമാരക്കാരായ മികച്ച അഭിനേതാക്കളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലായിരിക്കും ഇനി മുതല്‍ നസ്‌ലന്റെ സ്ഥാനമെന്ന് കുരുതിയിലെ റസൂല്‍ ഉറപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് അനിഷ് പിള്ള കഥയെഴുതി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ കുരുതി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. അഭിനന്ദ് രാമാനുജമാണ് ക്യാമറ. എഡിറ്റിങ്ങ് അഖിലേഷ് മോഹനും സംഗീതം ജേക്ക്‌സ് ബിജോയിയുമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോനാണ് കുരുതി നിര്‍മ്മിച്ചത്.
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഹിന്ദു – മുസ്‌ലിം വിദ്വേഷവുമെല്ലാം പ്രമേയമാകുന്ന ചിത്രത്തിന് സമ്മിശ്രമായ പ്രതികരണമാണ് ലഭിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kuruthi movie character Rasool played by Naslen K Gafoor is praised by audience