| Thursday, 12th August 2021, 11:11 am

കുരുതി, കുറെ ആശയങ്ങളും വളരെ കുറച്ച് സിനിമയും| Kuruthi Review

അന്ന കീർത്തി ജോർജ്

ഇന്നത്തെ കാലഘട്ടം ചര്‍ച്ച ചെയ്യുന്ന, ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെ വിവിധ വശങ്ങളില്‍ നിന്നുകൊണ്ട് സമീപിക്കുന്ന ചിത്രമാണ് കുരുതി. ഭൂരിപക്ഷ വര്‍ഗീതയും ന്യൂനപക്ഷ വര്‍ഗീയതയും ഹിന്ദുവര്‍ഗീയതയും മുസ്‌ലിം വര്‍ഗീയതയും അതിന്റെ തുടക്കവും വളര്‍ച്ചയുമെല്ലാം കാണിച്ചു തരാന്‍ വേണ്ടിയുള്ള ബോധപൂര്‍വമായ ശ്രമമാണ് കുരുതിയെന്ന് തീര്‍ച്ചയായും പറയാം.

വര്‍ഗീയതയുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന, അതിനെ നേരിടാന്‍ നിര്‍ബന്ധിതരാവുന്ന സാധാരണക്കാരായ മനുഷ്യരുടെ പക്ഷത്ത് നിന്നുകൊണ്ടാണ് കുരുതി ഒരു പരിധി വരെ കഥ പറയുന്നത്.

മനുഷ്യന് എന്നും വെറുക്കാന്‍ എന്തെങ്കിലും വേണം, അതിന് വേണ്ടി അവന്‍ കണ്ടുപിടിക്കുന്നതാണ് ഞങ്ങളും നിങ്ങളും, സിനിമയില്‍ മാമുക്കോയ അവതരിപ്പിക്കുന്ന മൂസ ഖാദര്‍ പറയുന്ന ഈ ഡയലോഗാണ് സിനിമയുടെ അന്തസത്ത.

മനുഷ്യന്റെയുള്ളിലെ വെറുപ്പിനെ, ചില വ്യക്തിപരമായ അനുഭവങ്ങളും, ഇന്ന് വാട്സ്ആപ്പ് യൂണിവേഴ്സിറ്റികളും തീവ്ര ആശയങ്ങള്‍ പങ്കുവെക്കുന്ന ഗ്രൂപ്പുകളും ചേര്‍ന്ന് വളര്‍ത്തി വലുതാക്കിയെടുക്കുന്നതാണ് കുരുതിക്ക് പശ്ചാത്തലമാകുന്നത്.

ഒരു രാത്രി നടക്കുന്ന സംഭവങ്ങളാണ് കുരുതിയുടെ കഥ. ടാഗ് ലൈനില്‍ പറയുന്ന പോലെ കൊല്ലും എന്ന് വാക്ക് കൊടുത്തെത്തുന്നവരും കാക്കുമെന്ന് പ്രതിജ്ഞയെടുത്തവനും തമ്മില്‍ നടക്കുന്ന പോരാട്ടമാണ് സിനിമ പറയുന്നത്.

പൃഥ്വിരാജിന്റെ ലായിഖും റോഷന്‍ മാത്യുവിന്റെ ഇബ്രാഹിം എന്ന ഇബ്രുവും തമ്മില്‍ മാത്രമല്ല, റസൂലും വിഷ്ണുവും തമ്മില്‍, പ്രേമനും സുമയും തമ്മില്‍, ലായിഖും മൂസ ഖാദറും തമ്മില്‍, പൊലീസുകാരന്‍ സത്യനും ലായിഖും തമ്മില്‍ നടക്കുന്ന കുറെ സംഭാഷണങ്ങളാണ്, അവര്‍ വിശ്വസിക്കുന്ന ആശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും സംഘട്ടനവുമാണ് കുരുതി.

പക്ഷെ, ഈ ആശയ സംഘട്ടനത്തിന്റെ അതിപ്രസരവും, ഓരോ ആശയങ്ങളും കൃത്യമായി അളവില്‍ പറയാന്‍ കഷ്ടപ്പെടുന്ന ബാലന്‍സിങ്ങും, ഓരോ കഥാപാത്രങ്ങളെയും ഓരോ ആശയങ്ങളുടെ ബിംബങ്ങളായി അവതരിപ്പിച്ചിരിക്കുന്ന രീതിയും ചേര്‍ന്നാണ് കുരുതി എന്ന സിനിമയുടെ ആസ്വാദനം പ്രേക്ഷകന് ബുദ്ധിമുട്ടുള്ള അനുഭവമാക്കുന്നത്. അവിടെ തന്നെയാണ്, ഒരു സിനിമ എന്ന നിലയില്‍ നിന്ന് മാറി കുരുതി ഒരു കൂട്ടം മുദ്രാവാക്യം വിളികളാകുന്നതും.

മാത്രമല്ല, ഇന്നത്തെ ഇന്ത്യയില്‍ ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും തീവ്രസ്വാഭാവങ്ങളെയും പ്രവര്‍ത്തനങ്ങളെയും ഒരേ തട്ടില്‍ നിര്‍ത്തി കുറ്റപ്പെടുത്താന്‍ നടത്തുന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ബാലന്‍സിങ്ങ് ശ്രമങ്ങളും വിമര്‍ശിക്കപ്പെടും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kuruthi Malayalam movie video review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.