വാണിജ്യ വിജയം നേടാന്‍ ഏറ്റവും നല്ലത് 'ഇസ്‌ലാമി'നെ അതിലേക്ക് കൊണ്ടുവരിക എന്നതാണ്. മലയാള സിനിമയുടെ മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജിയില്‍ ഇസ്‌ലാം ഒരു തുറുപ്പുചീട്ടാണ്.
‘കുരുതി’ എന്ന സിനിമയുടെ പേരില്‍ നിന്ന് ‘ക’യുടെ ‘ഉ’ കാരം ചിഹ്നം എടുത്തു മാറ്റിയാല്‍, ‘കരുതി’ എന്ന് വായിക്കാം. തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഒട്ടേറെ ‘കരുതലു’കള്‍ ഈ സിനിമയിലുണ്ട്. ‘കുരുതി’യല്ല, ആ നിലയില്‍ തീവ്ര ഹിന്ദു വൈകാരികതയെ ഒട്ടും പോറലേല്‍പിക്കാതിരിക്കാന്‍ തിരക്കഥാകൃത്തും സംവിധായകനും ശ്രദ്ധാപൂര്‍വ്വം നടത്തിയ ‘കരുതി’യാണ്, ഈ സിനിമ.
ഖുര്‍ആനില്‍ നിന്നുള്ള വരികള്‍, പ്രത്യേകിച്ചും ‘അല്‍ ബഖറ’യിലെ ഏറെ മുഴക്കമുള്ള വരികള്‍ ഇതില്‍ ഒരു കഥാപാത്രം ‘ദുരന്തങ്ങള്‍ ചിലരെ ദൈവമെന്തുകൊണ്ട് കൂടുതലായി ഏല്‍പിക്കുന്നു’ എന്നതിന് ഉദാഹരിക്കുന്നതിനായി പറയുന്നുണ്ട്, ‘ഒരാത്മാവിനും അവയ്ക്ക് താങ്ങാവുന്നതിലേറെ ഭാരം ദൈവം ഏല്‍പിക്കുന്നില്ല’.
തന്നെയുമല്ല, ‘ഈമാന്‍’ കാര്യം ഇതില്‍ ഇടക്കിടെ സൂചിപ്പിക്കുന്നുണ്ട്, ഇസ്‌ലാമുമായി ബന്ധപ്പെട്ട ഒട്ടനവധി പരാമര്‍ശങ്ങളും പ്രതീകങ്ങളും കൊണ്ട് സമ്പന്നമാണ്, മിക്കവാറും, ഇരുട്ടില്‍ നില്‍ക്കുന്ന ഈ സിനിമ. ഈ സിനിമയിലൂടെ സംവിധായകന്‍ ‘ഇരുട്ടി’ല്‍ നിര്‍ത്തുന്നത്, യഥാര്‍ഥത്തില്‍, പ്രേക്ഷരെയാണ്.
സംവിധായകന്‍ മനു വാര്യര്‍ ‘മനുസ്മൃതി’യില്‍ നിന്നോ ഭഗവദ്ഗീതയില്‍ നിന്നോ ഉള്ള ഒരു വാക്കു പോലും ഇതില്‍ ചേര്‍ത്തിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമാണ്. തിരക്കഥ അല്ലെങ്കില്‍ സംവിധാനം ഒരു കലയായി മാറുന്നത് ഇത്തരം ബോധപൂര്‍വമുള്ള അഭാവങ്ങളിലും മറവികളലുമാണ്.
കുറേ ‘ബഡായി’ (മാമുക്കോയയുടെ മൂസാ ഖാദര്‍ ഇതിലെ കൊലപാതകിയായ ചെറുപ്പക്കാരനോട് ഇത് പറയുന്നുണ്ട്)കള്‍ കഥാപാത്രങ്ങളുടെ വായില്‍ തിരുകിക്കയറ്റി, ‘കാവി’ ഹിംസയെ വെളുപ്പിച്ചെടുക്കുകയാണ് ഈ സിനിമ. തുളസിക്കതിര്‍ പോലെയുള്ള സുമ എന്ന പെണ്‍കുട്ടിയെ മുന്‍നിര്‍ത്തിയാണ് അകാരണമായ വെറുപ്പുല്‍പാദിക്കല്‍ സൃഷ്ടിക്കുന്നത്. സെമിറ്റിക് മതങ്ങള്‍ പൊതുവായി പിന്തുടരുന്ന കായേന്‍/ആബേല്‍ കഥയിലൂടെ, ‘വെറുപ്പാണ്’ മനുഷ്യരുടെ സ്ഥായിയായ ഭാവം എന്ന് മൂസാ ഖാദര്‍ എന്ന മാമുക്കോയയുടെ കഥാപാത്രം പറയുന്നുണ്ട്.
എന്നാല്‍, നിര്‍ഭാഗ്യവശാല്‍, വെറുപ്പിന്റെ പ്രത്യയശാസ്ത്രവാഹകരായി ഇതില്‍ പ്രത്യക്ഷപ്പെടുന്നവരൊക്കെ മുസ്‌ലിം കഥാപാത്രങ്ങളാണ്. പതിവ് മാതൃകയില്‍ ഇതില്‍ ‘നല്ല മുസ്‌ലി’മും ‘ചീത്ത മുസ്‌ലി’മും വരുന്നുണ്ട്. സമീപകാലത്ത് മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച സംഘ് മോട്ടീവ് സിനിമകളിലൊന്നാണ്, ‘കുരുതി’. വളരെ ‘നിഷ്‌കളങ്ക’മായി ഈ സിനിമ, വര്‍ഗീയതയുടെ ഒരു പുറം മാത്രം കാണിക്കുന്നു.
കുരുതിയുടെ സംവിധായകന്‍ മനു വാര്യര്‍
അല്ലാഹു ആരോടൊപ്പമാണ്? എന്നോടൊപ്പമോ, നിന്നോടൊപ്പമോ? ആത്മസംഘര്‍ഷത്തിന്റെ ഇടയില്‍ വരുന്ന മാരകമായ ചോദ്യമാണിത്. ഇബ്രുവും ലായിഖും മുഖാമുഖം നില്‍ക്കുമ്പോള്‍ ഉയരുന്ന പല ചോദ്യങ്ങളില്‍ ഒന്നാണിത്. നന്മ മാത്രം പറയുന്ന ലായിഖിന്റെ (പ്രിഥ്വിരാജ്) പിതാവാണോ, ശരി? നിഷ്‌കളങ്കനായിട്ടും കൊലക്കിരയായ ആ പിതാവിന്റെ കൊലപാതകിയെ പ്രതികാരത്തിന്റെ അഗ്‌നിക്കണ്ണുകളുമായി പിന്തുടരുന്ന മകനാണോ ശരി? ഹിംസ ചെയ്ത, എന്നാല്‍, ഒട്ടും കുറ്റബോധം പേറാത്ത ആ കൊലപാതകിയാണോ ശരി? ഇവരില്‍ ദൈവം ആരോടൊപ്പം?
ദൈവം കൊലപാതകിയോടൊപ്പമാണ് എന്നാണ് ഈ സിനിമ കണ്ടപ്പോള്‍ തോന്നിയത്. ഒരു ‘കൊലപാതകി’യെ വളരെ സമര്‍ഥമായി രക്ഷിച്ചെടുക്കുകയാണ് ഈ സിനിമ. ‘ഒറ്റച്ചവിട്ടി’ന് തുറക്കാവുന്ന ദുര്‍ബലമായ വാതില്‍ ഉള്ള ഒരു വീട്ടില്‍ കുറേ മനുഷ്യരെ അടച്ചിട്ട്, ആ വീട്ടിലേക്ക് ഓടിളക്കി ഇറങ്ങുന്ന സാഹസികതയൊക്കെ കാണിച്ചിട്ടും കൊലപാതകിക്ക് ഒന്നും സംഭവിക്കുന്നില്ല.
എന്നു മാത്രമല്ല, നിര്‍വികാരനായി സ്‌കൂള്‍ പാഠ പുസ്തകത്തില്‍ പഠിച്ച മൂന്ന് മാര്‍ക്ക് എസ്സേയുടെ ഉത്തരം പറയുന്നു. ഹിംസയെ നിഷ്‌കളങ്കമെന്ന വ്യാജ ബോധത്തില്‍ ന്യായീകരിക്കുകയാണ് സിനിമ. ‘കൊല്ലപ്പെടേണ്ടവരാരാണ്’ എന്ന കാര്യത്തില്‍ സംശയമില്ല. സത്യസന്ധരായ നിയമപാലകന്‍ ഇതില്‍ കൊല്ലപ്പെടുന്നുണ്ട്. പിന്നെ, തീര്‍ച്ചായയും ‘അവര്‍’ തന്നെ, തീവ്രവാദത്തിന്റെ പ്രത്യയശാസ്ത്ര വാഹകര്‍.
അപ്പോള്‍, കൊലപാതകം ചെയ്തിട്ടും ഒരുപാട് ബഡായി പറയുന്ന ചെറുപ്പക്കാരന്‍? അയ്യോ, അവന്‍ പാവമല്ലെ? നിഷ്‌കളങ്കത കൊണ്ടല്ലെ അവന്‍ ഒരു മുസ്‌ലിമിനെ കൊന്നത്? അത് ശിക്ഷാര്‍ഹമായ ഒരു കൊടും പാതകമാണോ? അവന്‍, ആ കൊലപാതകിയെ വെറുതെ വിട്ടൂടെ… പാവല്ലെടാ… സനാതന ധര്‍മപാലനത്തിന് വേണ്ടിയല്ലെ അവന്‍ ചെയ്ത ഹിംസ? ഇതാണ് സിനിമയുടെ ഒരു ലൈന്‍. എന്തുകൊണ്ടോ, തലശ്ശേരി കലാപത്തിന്റെ ആദി കാരണം ഈ സിനിമ കാണുമ്പോള്‍ ഓര്‍മ വരികയുണ്ടായി. കലശത്തിന് നേരെ നൂര്‍ജഹാന്‍ ഹോട്ടലില്‍ നിന്ന് ചെരിപ്പേറുണ്ടായി എന്ന ‘കഥ’യില്‍ നിന്നാണ് കലാപമുണ്ടാവുന്നത്.
നമ്മള്‍ കുട്ടിക്കാലത്ത് വായിച്ച രണ്ട് മുട്ടനാടുകളായി, പരസ്പരം യുദ്ധം ചെയ്യുന്ന ഇബ്രാഹിമും ലായിഖും. ഇവരാകട്ടെ, ഈ സിനിമയിലെങ്കിലും ഹിംസ ചെയ്തതിന് തെളിവുകളില്ല. എന്നിട്ടും, ഇവര്‍ ബലിയാടുകളായി. യഥാര്‍ത്ഥ കുറ്റവാളി, കൊല്ലപ്പെടേണ്ടവനാണോ അല്ലയോ എന്ന ‘ഉല്‍പ്രേക്ഷ’യില്‍ നില്‍ക്കുകയാണ്. ‘വെറുപ്പാണ്’ ഈ സിനിമ ഉല്‍പാദിപ്പിക്കുന്നത്.
പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരു നാടിന്റെയും കുടുംബത്തിന്റെയും ദു:ഖങ്ങള്‍ക്കിടയില്‍, ഈ സിനിമ പറയാന്‍ ശ്രമിക്കുന്നത്, ഹിംസ ‘ചിലര്‍’ ചെയ്യുമ്പോള്‍ ‘വെറുതെ വിടാ’വുന്ന കുറ്റകൃത്യം മാത്രമാണ് എന്നാണ്. ഹിന്ദു എന്ന വികാരത്തെ സുമ എന്ന പെണ്‍കുട്ടിയിലൂടെ ജ്വലിപ്പിച്ചു നിര്‍ത്തുന്നു.
എന്നാല്‍, സമകാലിക ചരിത്രമെന്താണ് പറയുന്നത്? തീവ്ര ഹിന്ദുത്വത്തെ വീടിന് പുറത്തു നിര്‍ത്തിയ മഹത്തായ പാരമ്പര്യമാണ് മലയാളി ഹൈന്ദവ വിശ്വാസ സമൂഹത്തിനുള്ളത്. വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ വലിയ ധ്രുവീകരണമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചിട്ടും അതില്‍ വിജയിച്ചില്ലെന്നു മാത്രമല്ല, അത്തരം ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുത്തവരെ ദയനീയമായി തോല്‍പിച്ച ചരിത്രമാണ് നമ്മുടെ മുന്നിലുള്ള യാഥാര്‍ഥ്യം. ഈ സിനിമയുടെ തിരക്കഥാകൃത്തോ സംവിധായകനോ പുലര്‍ത്തുന്ന സന്ദേഹങ്ങള്‍ കേരളത്തിലെ ഹിന്ദു സമൂഹത്തിനില്ല. മൈത്രിക്ക് അവര്‍ കാവല്‍ നില്‍ക്കുന്നു, അതില്‍ ലയിച്ചു ചേരുന്നു.
വാണിജ്യ വിജയം നേടാന്‍ ഏറ്റവും നല്ലത് ‘ഇസ്‌ലാമി’നെ അതിലേക്ക് കൊണ്ടുവരിക എന്നതാണ്. മലയാള സിനിമയുടെ മാര്‍ക്കറ്റിങ്ങ് സ്ട്രാറ്റജിയില്‍ ഇസ്‌ലാം ഒരു തുറുപ്പുചീട്ടാണ്. അത് പണ്ടും അങ്ങനെയായിരുന്നു. എന്നാല്‍, ഈയിടെയായി അത്, സവര്‍ണതയെ അലക്കി വെളുപ്പിക്കുന്ന വാഷിങ്ങ് പൗഡറായി നന്നായി ഉപയോഗിക്കുന്നുണ്ട്. ഒരു തുള്ളി കറയില്ലാത്ത വിധം വെളുപ്പിക്കല്‍. ‘കുരുതി’യും ആ കരുതലില്‍ തന്നെയാണ്.
മൂസാ ഖാദര്‍
ഈ സിനിമയില്‍ നമ്മെ വിസ്മയിപ്പിക്കുന്ന ഒരേയൊരു ഘടകം മാമുക്കോയയാണ്. അസാധാരണമായ സ്റ്റാമിനയാണ് മാമുക്കോയ ഇതില്‍ പ്രകടിപ്പിക്കുന്നത്. ‘കരുത്ത്’ എന്നത് മമ്മൂട്ടിക്കോ മോഹന്‍ലാലിനോ മാത്രമായി തീറെഴുതിക്കൊടുക്കേണ്ട കാര്യമില്ലെന്ന് മാമുക്കോയ വെളിപ്പെടുത്തുന്നു. ശരീരത്തിന്റെ ഒരു രാഷ്ട്രീയം കൂടി അതിലുണ്ട്. ഒരു നോട്ടം പോലും വളരെ സൂക്ഷ്മമായി മാമുക്കോയ ഇതില്‍ പ്രകടിപ്പിക്കുന്നു.
മാമുക്കോയ അവതരിപ്പിച്ച മൂസാ ഖാദര്‍ എന്ന കഥാപാത്രം
വെറും തമാശ പറയുന്ന ആള്‍ മാത്രമല്ല താനെന്ന് ജീവിതം കൊണ്ടു തന്നെ തെളിയിച്ച നടനാണ് മാമുക്കോയ. നിലപാടുകളില്‍ ഉറച്ച ബോധ്യമുണ്ട്. ഈ കഥാപാത്രത്തിന്റെ ഭാവപ്പകര്‍ച്ചയിലും അത്തരമൊരു ഉറച്ച ബോധ്യം മാമുക്കോയയില്‍ കാണാം. മലയാള സിനിമകളിലെ തന്നെ ഏറ്റവും ‘സ്റ്റാമിന’യുള്ള കഥാപാത്രമായി മൂസാ ഖാദര്‍ വേറിട്ടു നില്‍ക്കുന്നു.
‘കുരുതി’ എന്ന സിനിമ ഏതെങ്കിലും കാരണത്താല്‍ ചരിത്രത്തില്‍ നിലനില്‍ക്കുമെങ്കില്‍ അത് മാമുക്കോയ എന്ന നടന്റെ സാന്നിദ്ധ്യം കൊണ്ടു മാത്രമാണ്. അത്രമാത്രം ഉജ്ജ്വലമായ പകര്‍ന്നാട്ടമാണ് മാമുക്കോയയുടേത്. മാമുക്കോയ എന്ന നടനോട് നീതി ചെയ്തു എന്നിടത്താണ് സംവിധായകന്‍ ആദരമര്‍ഹിക്കുന്നത്.