| Thursday, 4th November 2021, 4:09 pm

പ്രീ ബുക്കിങ്ങ് ആരംഭിച്ചപ്പോഴേ കുറുപ്പ് ഹൗസ്ഫുള്‍; കൂടുതല്‍ ഷോകളുമായി തിയേറ്ററുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി, പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കുറുപ്പ് നവംബര്‍ 12 ന് തിയേറ്ററുകളിലെത്തുകയാണ്. ഇന്നലെയാണ് കുറുപ്പിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചത്.

ബുക്കിങ്ങ് തുടങ്ങി മണിക്കൂറുകള്‍ക്ക് അകം തന്നെ നിരവധി ഷോകള്‍ ഹൗസ്ഫുള്‍ ആയതോടെ കൂടുതല്‍ ഷോകള്‍ ആരംഭിച്ചിരിക്കുകയാണ് തിയേറ്ററുകള്‍.

മോഹന്‍ലാല്‍, മമ്മൂട്ടി, വിജയ് ചിത്രങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രീബുക്കിങ്ങാണ് കൊവിഡിന് ശേഷം തീയറ്ററുകള്‍ തുറക്കുമ്പോള്‍ എത്തുന്ന വമ്പന്‍ ചിത്രങ്ങളില്‍ ഒന്നായ കുറുപ്പിന് ലഭിച്ചിരിക്കുന്നത്.

തമ്പാനൂര്‍ ന്യൂ തീയറ്ററില്‍ ബുക്കിംഗ് ഹൗസ്ഫുള്‍ ആയതോടെ കൂടുതല്‍ ഷോകള്‍ ആഡ് ചെയ്തു. കൊവിഡിന് ശേഷം തീയറ്ററുകള്‍ തുറന്നപ്പോള്‍ ഇങ്ങനെ ഒരു പ്രീ ബുക്കിങ് നടക്കുന്നത് വലിയൊരു നേട്ടമാണെന്ന് ന്യൂ തീയറ്റര്‍ ഉടമയും നിര്‍മാതാവും കൂടിയായ വിശാഖ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു.

പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയിരുന്നു. ഇത്രയും നാള്‍ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് ബിഗ് സ്‌ക്രീനില്‍ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ ഉറപ്പ് നല്‍കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘പകലിരവുകള്‍’ എന്ന ഗാനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തില്‍ മാത്രം 400ലേറെ തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ഇതോടെ ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിത്തീരുകയാണ് കുറുപ്പ്.

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചിരുന്നെങ്കിലും ചിത്രം തിയേറ്ററില്‍ തന്നെ എത്തിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ്.

നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kurup Movie Houseful Theatre Booking

We use cookies to give you the best possible experience. Learn more