| Thursday, 4th November 2021, 9:54 am

ഒ.ടി.ടിയില്‍ നിന്ന് വലിയ ഓഫറുകള്‍ വന്നു, പക്ഷേ ഈ സിനിമ തിയേറ്ററില്‍ കാണിക്കണമെന്നത് ഞങ്ങളുടെ സ്വപ്‌നമായിരുന്നു: കുറുപ്പ് സംവിധായകന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് നവംബര്‍ 12 ന് തിയേറ്ററിലേക്ക് എത്തുകയാണ്. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് ഒരുക്കിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തെ കുറിച്ചും സംസാരിക്കുകയാണ് ശ്രീനാഥ്. ഏഷ്യാനെറ്റ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കുറുപ്പിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

ചിത്രം ബിഗ് സ്‌ക്രീനില്‍ തന്നെ റിലീസ് ചെയ്യണം എന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് തിയേറ്ററുകളേക്കാള്‍ ലാഭകരമാകാവുന്ന ഓഫറുകള്‍ ഒ.ടി.ടിയില്‍ നിന്നും വന്നിരുന്നെന്നും പക്ഷേ പ്രേക്ഷകരെ ഈ സിനിമ തിയേറ്ററില്‍ കാണിക്കണം എന്നത് തങ്ങളുടെ ഒരു സ്വപ്‌നമായിരുന്നുവെന്നാണ് ശ്രീനാഥ് പറഞ്ഞത്.

‘ഒ.ടി.ടിയില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നു. എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്ന കമ്പനിയാണ് ഞങ്ങള്‍ക്ക് പിന്തുണയുമായി ഉണ്ടായിരുന്നത്. ഞങ്ങള്‍ എല്ലാവരും ഈ സിനിമയെ രൂപപ്പെടുത്തിയത് തിയറ്ററില്‍ കളിക്കേണ്ട ഒരു സിനിമയായാണ്.

വൈഡ് സ്‌ക്രീനിനു വേണ്ടിയാണ് ഷൂട്ട് ചെയ്തതൊക്കെ. ഇത് കഥയറിയാനുള്ള ഒരു സിനിമയല്ല, കഥ എല്ലാവര്‍ക്കുമറിയാം. എങ്ങനെ കഥ പറയുന്നു എന്നത് അനുഭവിക്കണമെങ്കില്‍ അത് തിയേറ്റര്‍ കാഴ്ചയിലേ കിട്ടൂ. ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം തിയേറ്ററില്‍ത്തന്നെ എല്ലാവരെയും കാണിക്കണം എന്നതായിരുന്നു.

പക്ഷേ കൊവിഡ് സാഹചര്യം വന്നപ്പോള്‍ എല്ലാവര്‍ക്കും സമ്മര്‍ദ്ദം ഉണ്ടായിരുന്നു. കാരണം ഇത്രയും പണം നിക്ഷേപിച്ചിരിക്കുകയല്ലേ. ഒ.ടി.ടിയില്‍ നിന്ന് തെറ്റില്ലാത്ത ഓഫറുകളാണ് വന്നത്. ഒരുപക്ഷേ തിയേറ്ററുകളേക്കാള്‍ ലാഭകരമാകാവുന്ന ഓഫറുകളാണ് വന്നത്.

പക്ഷേ പ്രേക്ഷകരെ ഈ സിനിമ തിയേറ്ററില്‍ കാണിക്കണം എന്നത് ഞങ്ങളുടെ ഒരു സ്വപ്‌നമായിരുന്നു. നിര്‍മ്മാതാക്കളടക്കം എല്ലാവര്‍ക്കും ആ അഭിപ്രായമായിരുന്നു. പിന്നെ അത് മാത്രമല്ല, തിയേറ്റര്‍ റിലീസ് എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാനുള്ള ഒരു വലിയ ഘടകം പ്രേക്ഷകരുടെ പ്രതികരണങ്ങളായിരുന്നു.

ഒ.ടി.ടി എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ‘കൊടുക്കല്ലേ ചേട്ടാ’ എന്നു പറഞ്ഞ് ആയിരക്കണക്കിന് മെസേജുകളായിരുന്നു ഞങ്ങള്‍ എല്ലാവര്‍ക്കും വന്നിരുന്നത്. അവരെയൊന്നും ഞങ്ങള്‍ക്ക് തള്ളിക്കളയാന്‍ പറ്റില്ല. കാരണം അവര്‍ക്കുവേണ്ടിയല്ലേ നമ്മള്‍ ആത്യന്തികമായി സിനിമ ചെയ്യുന്നത്,’ ശ്രീനാഥ് ചോദിക്കുന്നു.

നായകന്‍ തന്നെ പ്രതിനായകനാണ് ചിത്രത്തില്‍, അപ്പോള്‍ സിനിമയിലെ യഥാര്‍ഥ നായകന്‍ ആരാണ് എന്ന ചോദ്യത്തിന് താനത് ഇപ്പോഴേ പറഞ്ഞാല്‍ പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കുമെന്നായിരുന്നു ശ്രീനാഥിന്റെ മറുപടി.

ചിത്രം റിലീസ് ആവാന്‍ ഇനി അധികം ദിവസങ്ങള്‍ ഇല്ലല്ലോയെന്നും പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍ തങ്ങളും അക്ഷമരായി കാത്തിരിക്കുകയാണെന്നും യഥാര്‍ഥ നായകന്‍ ആരാണെന്ന് 12ന് അറിയാമെന്നും ശ്രീനാഥ് പറഞ്ഞു.

Content Highlight: Kurup Movie Director Sreenath Rajendran About Thatre Release

We use cookies to give you the best possible experience. Learn more