| Saturday, 13th November 2021, 2:12 pm

Kurup Review | തോറ്റുപോയ കുറുപ്പ്

അന്ന കീർത്തി ജോർജ്

സാമ്പത്തിക തട്ടിപ്പിന് വേണ്ടി കൊലപാതകം വരെ നടത്തി പൊലീസിനെ വെട്ടിച്ച് നടക്കുന്ന ഒരു ക്രിമിനല്‍ ആണെന്നാണോ സുകുമാരക്കുറുപ്പിനെ കുറിച്ച് നിങ്ങള്‍ കരുതുന്നുത്? ഒരുവിധം മലയാളികളും കുറുപ്പ് കേസിനെയും ചാക്കോ വധത്തെയും കുറിച്ചറിയുന്നവരും ഈ രീതിയിലായിരിക്കും മിക്കവാറും സുകുമാരക്കുറുപ്പിനെ കുറിച്ച് ചിന്തിച്ചുവെച്ചിരിക്കുന്നത്. ഈയൊരു തോന്നല്‍ കുറുപ്പ് എന്ന സിനിമ കണ്ടു കഴിഞ്ഞിറങ്ങുമ്പോള്‍ മാറും. സിനിമ സുകുമാരക്കുറുപ്പിനെ പുണ്യാളനാക്കുന്നു എന്നല്ല, പക്ഷെ, കുറുപ്പിനെ കുറിച്ചുള്ള ഇമേജ് എങ്ങനെ ഏത് രീതിയിലാണ് സിനിമയിലൂടെ മാറുന്നതെന്ന് വഴിയേ പറയാം.

ഏറെ വിവാദങ്ങള്‍ക്കും ചൂടുള്ള ചര്‍ച്ചകള്‍ക്കും ശേഷം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തിയ കുറുപ്പ് എന്ന സിനിമ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമയെ രണ്ട് രീതിയില്‍ കാണേണ്ടി വരും. ഒന്ന് അതിലെ സിനിമാറ്റിക് എലമെന്റുകളുടെ അടിസ്ഥാനത്തില്‍. രണ്ട്, ഒറിജിനല്‍ സുകുമാരക്കുറുപ്പിനെ ദുല്‍ഖറിന്റെ കുറുപ്പ് ആരാക്കി ചിത്രീകരിച്ചു എന്ന നിലയിലും.

ആദ്യത്തെ രീതിയില്‍ നോക്കുമ്പോള്‍, ഒരു ബ്രില്യന്റ് ക്രിമിനലിന്റെ കഥ പറയുന്ന ചിത്രമാണ് കുറുപ്പ്. സ്വാര്‍ത്ഥ ലാഭത്തിനും സുഖജീവിതത്തിനും വേണ്ടി ചെറിയ തിരിമറികള്‍ നടത്തി, പിന്നീട് വന്‍ തട്ടിപ്പിലേക്ക് നീങ്ങുന്ന അതിബുദ്ധിമാനായ കുറുപ്പിന്റെ കഥയാണിത്.

ചിത്രത്തിന്റെ ഇന്റര്‍വെല്‍ വരെയുള്ള ഭാഗം മറ്റുള്ളവരുടെ ഓര്‍മകളിലൂടെ കുറുപ്പിനെ അവതരിപ്പിക്കുമ്പോള്‍ രണ്ടാം പകുതിയില്‍ കുറുപ്പിന്റെ കഥ കുറുപ്പ് തന്നെ പറയുകയാണ്. പല കാലഘട്ടങ്ങളില്‍ കുറുപ്പുമായി ബന്ധപ്പെട്ട് നിന്നവരിലൂടെയും കുറുപ്പിലൂടെയും ആ ജീവിതത്തെ നോക്കിക്കാണാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്.

ഇന്ദ്രജിത്തിന്റെ കൃഷ്ണദാസ് എന്ന പൊലീസ് കഥാപാത്രത്തിന്റെ ഡയറിയില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. ഫ്ളാഷ് ബാക്ക് കഥ പറച്ചിലിലൂടെയുള്ള തുടക്കം സിനിമക്കൊരു ക്ലീഷേ ഔട്ട്ലുക്ക് നല്‍കുന്നുണ്ടായിരുന്നു. ആദ്യ ഭാഗം ഇഴഞ്ഞുനീങ്ങുന്ന പ്രതീതീയാണ് പ്രേക്ഷകനില്‍ സൃഷ്ടിക്കുന്നത്. ഒഴിവാക്കാമായിരുന്ന പല ഭാഗങ്ങളുമുണ്ടായിരുന്ന ഈ ആദ്യ പകുതിക്ക് ഒരു മുഴുവന്‍ സിനിമയുടെ ദൈര്‍ഘ്യമുള്ളതായി നമുക്ക് തോന്നിയേക്കാം.

1970കള്‍ മുതലുള്ള കേരളത്തിലെയും മദ്രാസിലെയും മുംബൈയിലെയും ഗള്‍ഫിലെയും കാലഘട്ടം സിനിമയില്‍ വളരെ സൂക്ഷ്മമായി ചിത്രീകരിച്ചിട്ടുണ്ട്. ബംഗ്ലാന്റെ ആര്‍ട്ട് വര്‍ക്കും പ്രൊഡക്ഷന്‍ ഡിസൈനും ചിത്രത്തിന്റെ മുതല്‍ക്കൂട്ടാണ്. ആദ്യാവസാനം സിനിമ എന്ന നിലയില്‍ കുറുപ്പില്‍ മുന്നിട്ടു നില്‍ക്കുന്ന ഘടകം ഈ പ്രൊഡക്ഷന്‍ ഡിസൈനാണ്.

കാലഘട്ടത്തെ രേഖപ്പെടുത്തുന്ന രീതിയിലുള്ള കോസ്റ്റ്യൂംസ് കൊണ്ടുവരാന്‍ കുറുപ്പ് ശ്രദ്ധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മൊത്തത്തിലുള്ള സ്‌റ്റൈലൈസ്ഡ് രീതി ഈ വസ്ത്രങ്ങളിലും കാണാം. ചിത്രത്തിന്റെ ടൈറ്റിലെഴുതുന്ന രീതിയും ആകര്‍ഷകമായിരുന്നു.

എന്നാല്‍ സിനിമയുടെ ആസ്വാദനത്തെയും ഒഴുക്കിനെയും തടസപ്പെടുത്തും വിധമായിരുന്നു ആദ്യാവസാനം കഥാപാത്രങ്ങളുടെ ഡയലോഗ് ഡെലിവറി. വായിച്ചു പറയുന്ന രീതിയും അപാകതകള്‍ നിറഞ്ഞ ഡബ്ബിംഗും ദുല്‍ഖറിന്റെ കുറുപ്പിനും ഇന്ദ്രജിത്തിന്റെ കൃഷ്ണദാസിനും സണ്ണി വെയ്നിന്റെ പീറ്ററിനും ശോഭിത ധുലിപാലയുടെ ശാരദാമ്മക്കുമെല്ലാം ഉണ്ടായിരുന്നു. ഒരല്‍പം സ്വാഭാവികതയും സാധാരണ സംസാര ശൈലിയും കടന്നുവന്നത് ചുരുക്കം ചില കഥാപാത്രങ്ങളില്‍ മാത്രമായിരുന്നു.

സ്ലാങ്ങുണ്ടായാല്‍ മാത്രമേ ഡയലോഗ് ഡെലിവറി ഭംഗിയാകൂ എന്നല്ല, പക്ഷെ കഥാപാത്രത്തിന്റെ നാടും ചുറ്റുപാടുകളുമെല്ലാം വ്യക്തമായി പരാമര്‍ശിക്കുമ്പോള്‍ സംസാര രീതിയിലും ആ ഒരു സവിശേഷത പ്രേക്ഷകന്‍ പ്രതീക്ഷിക്കും. ഇനി അതൊന്നുമില്ലെങ്കിലും ഡയലോഗ് ഡെലിവറിയില്‍ പഠിച്ചു പറയുന്നത് പോലെയുള്ള ഒരു ഫീല്‍ ഇല്ലാതിരിക്കണമെന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയാണ്.

സുകുമാരക്കുറുപ്പിനെ കുപ്രസിദ്ധനാക്കിയ ചാക്കോ വധവും തുടര്‍ന്നുള്ള സംഭവങ്ങളും പറയുന്നത് രണ്ടാം പകുതിയിലാണ്. ഇവിടെയാണ് കുറുപ്പിനെ പിന്തുടര്‍ന്നുള്ള അന്വേഷണവും കുറുപ്പിന്റെ രക്ഷപ്പെടലുകളും പ്ലാനിങ്ങുമെല്ലാം കടന്നുവരുന്നത്. കുറുപ്പിന്റെ ലോകത്തിന്റെ വ്യാപ്തി ഈ ഭാഗത്ത് കാണാം. ആദ്യ പകുതിയേക്കാള്‍ ഫാസ്റ്റ് പേസിലാണ് രണ്ടാം പകുതി സഞ്ചരിക്കുന്നത്. ഇന്റര്‍വെല്‍ ഭാഗത്ത് സിനിമ നിര്‍ത്തുന്ന ഒരു പോയിന്റാണ് സിനിമയിലെ ഏറ്റവും സസ്പെന്‍സ് നിറഞ്ഞതും ത്രില്ലിങ്ങുമായ ഭാഗം.

ആദ്യ ഭാഗത്ത് നടന്ന പല സംഭവങ്ങളും കുറുപ്പിന്റെ വ്യൂ പോയിന്റിലൂടെ പറയുന്ന ഈ ഭാഗത്ത് നിരവധി രംഗങ്ങള്‍ പല തവണ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. കുറുപ്പിന്റെ മാസ് സ്റ്റൈലും കുശാഗ്ര ബുദ്ധിയും ക്രിമിനല്‍ മൈന്റും കാണിക്കാന്‍ വേണ്ടി ഈ രംഗങ്ങള്‍ ആവര്‍ത്തിക്കുന്നത് രണ്ടാം ഭാഗത്ത് നല്ല ആവര്‍ത്തന വിരസത സൃഷ്ടിക്കുന്നുണ്ട്. അതോടെ സിനിമയുടെ പേസ് ഇടക്കിടെ താഴ്ന്നുപോകും.

പെര്‍ഫോമന്‍സുകളിലേക്ക് വരാം, ദുല്‍ഖറിന്റെ അഭിനയ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായി കുറുപ്പുണ്ടാകാം. കുറുപ്പിന്റെ ക്രിമിനല്‍ മൈന്റ്‌സെറ്റും ദേഷ്യവും ഒറ്റയാള്‍ തീരുമാനങ്ങളുമെല്ലാം വരുന്ന ഭാഗങ്ങള്‍ ദുല്‍ഖര്‍ സൂക്ഷ്മമായി കൈകാര്യം ചെയ്തിട്ടുണ്ട്. കൂടുതല്‍ വ്യത്യസ്തമായ വേഷങ്ങള്‍ ദുല്‍ഖറിന് ചെയ്യാന്‍ സാധിക്കുമെന്ന ചില സൂചനകളും സിനിമ നല്‍കുന്നുണ്ട്. പക്ഷെ അതിഗംഭീരമായ പ്രകടനമായിരുന്നുവെന്ന് വിലയിരുത്താന്‍ മാത്രമുള്ള ഒന്നായി കുറുപ്പിനെ കാണാന്‍ പറ്റില്ല.

സിനിമയില്‍ മികച്ച പെര്‍ഫോമന്‍സായി തോന്നിയത് ഷൈന്‍ ടോം ചാക്കോയുടേതാണ്. ദുല്‍ഖറും ശോഭിതയും ഇന്ദ്രജിത്തുമെല്ലാം തങ്ങളുടെ ഭാഗങ്ങള്‍ സിനിമ ഡിമാന്‍ഡ് ചെയ്യുന്ന രീതിയില്‍ ചെയ്തിട്ടുണ്ടെങ്കിലും ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രവും പെര്‍ഫോമന്‍സും എടുത്തു പറയേണ്ടതാണ്.

ഭാസി പിള്ള എന്ന കുറുപ്പിന്റെ അളിയന്‍ കഥാപാത്രം ആദ്യ സീന്‍ മുതല്‍ പ്രേക്ഷകനില്‍ ഒരു ഇറിറ്റേഷന്‍ ഉണ്ടാക്കുന്നുണ്ട്. കുറുപ്പിനോടും അയാള്‍ ചെയ്ത ക്രൈമുകളോടും തോന്നുന്നതിനേക്കാള്‍ വെറുപ്പും ദേഷ്യവുമൊക്കെ ഒരു സമയം വരെ ഭാസി പിള്ളയോടാണ് തോന്നുക. സംവിധായകന്‍ ഇത്തരത്തില്‍ തന്നെയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചതെങ്കില്‍ ഷൈന്‍ ടോം ചാക്കോയുടെ പെര്‍ഫോമന്‍സിലൂടെ ആ ലക്ഷ്യം നേടുന്നുണ്ട്.

നാളുകള്‍ക്ക് ശേഷം വിജയരാഘവനെ കുറുപ്പില്‍ കാണാന്‍ കഴിഞ്ഞിരുന്നു(കുറച്ച് സീനുകളിലാണെങ്കിലും). വളരെ കുറച്ച് രംഗങ്ങളിലാണെങ്കിലും സുരഭിയും തന്റെ ഭാഗങ്ങള്‍ നന്നായി ചെയ്തിട്ടുണ്ട്.

സിനിമയില്‍ മികച്ചതായി തോന്നിയ ഭാഗം, ചാക്കോയുടെ കൊലപാതകമാണ്. ചാക്കോ അഥവാ ചാര്‍ളി എന്ന കൊല്ലപ്പെട്ട കഥാപാത്രം വളരെ കുറച്ച് സമയം മാത്രമേയുള്ളുവെങ്കിലും മനസില്‍ നില്‍ക്കും. അയാളെ കൊലപ്പെടുത്തുന്ന സീന്‍ നേരിട്ടു കാണിക്കാതെ കുറ്റകൃത്യം നടത്തുന്ന ഒരാളുടെ മുഖത്തെ എക്സ്പ്രഷന്‍സ് വെച്ചുകൊണ്ട് അത് കാണിച്ചത് മികച്ചതായിരുന്നു. സിനിമയില്‍ മാസ് മ്യൂസികും പാട്ടുകളുമുണ്ടെങ്കിലും പ്രധാന ബി.ജി.എമ്മും പകലിരവുകളോ എന്ന പാട്ടുമൊഴികെ മറ്റൊന്നും മനസില്‍ തങ്ങിനില്‍ക്കുന്നതായിരുന്നില്ല.

സിനിമയുടെ കഥയ്ക്ക് വേണ്ടി ഏറെ നാളത്തെ റിസര്‍ച്ച് അണിയറ പ്രവര്‍ത്തകര്‍ നടത്തിയിട്ടുണ്ടാകാമെന്ന് സിനിമ കാണുമ്പോള്‍ തോന്നുമെങ്കിലും തിരക്കഥയിലും സംവിധാനത്തിലും സിനിമ വലിയ മികവ് പുലര്‍ത്തുന്നതായി കാണുന്നില്ല.

ഇനി, സിനിമ കണ്ടപ്പോള്‍ സുകുമാരക്കുറുപ്പ് ആരായി തോന്നി എന്നതിനെകുറിച്ച് പറയാം. മലയാളികളുടെ മനസില്‍ പൊലീസിന് പിടി കൊടുക്കാതെ രക്ഷപ്പെട്ട് നടന്ന ഒരു കുറ്റവാളിയായിരുന്ന സുകുമാരക്കുറുപ്പിനെ കുറുപ്പ് എന്ന സിനിമ ഒരു ഇന്റര്‍നാഷണല്‍ മാസ് ക്രിമിനലാക്കിയിരിക്കുകയാണ്. സിനിമയില്‍ കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുക തന്നെയാണ് ചെയ്തിരിക്കുന്നത്.

കുറുപ്പ് കിടിലനാണെന്ന് സിനിമയില്‍ ആരും പറയുന്നില്ലല്ലോ, അയാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് തന്നെയാണല്ലോ കാണിച്ചിരിക്കുന്നത് എന്നെല്ലാം തിരിച്ചു പറയാമെങ്കിലും മാസ് ബി.ജി.എം കൊടുത്ത്, സ്ലോ മോഷനില്‍ കുറുപ്പിന്റെ ആക്ഷനുകളും പഞ്ച് ഡയലോഗുകളും കാണിക്കുന്നതിനെ ഗ്ലോറിഫിക്കേഷനെന്നല്ലാതെ ഒന്നും പറയാന്‍ കഴിയില്ല.

കുറുപ്പിന്റെ കോസ്റ്റ്യൂമും ടീ ഷര്‍ട്ടും ഹെയര്‍ സ്‌റ്റൈലുമൊക്കെ ഇപ്പോള്‍ തന്നെ ഫാന്‍സിനിടയില്‍ വലിയ തരംഗം സൃഷ്ടിക്കുന്നുണ്ട്. അതിനൊപ്പം ഈ ബി.ജി.എമ്മും ഡയലോഗുകളും കൂടി കടന്നുവരും. ഇതിലൂടെയെല്ലാം ആഘോഷിക്കപ്പെടുന്നത് ദുല്‍ഖറിനൊപ്പം സുകുമാരക്കുറുപ്പ് തന്നെയാണല്ലോ.

ക്രിമിനലുകളെ കുറിച്ച് സിനിമയെടുക്കാന്‍ പാടില്ലേ, അവര്‍ ഡിസ്‌ക്ലെയ്മര്‍ വെച്ചിട്ടുണ്ടല്ലോ, ഇത് ഡോക്യുമെന്ററിയല്ലല്ലോ കുറെ ഫിക്ഷനല്ലേ എന്നൊക്കെയാകാം ഇതിനുള്ള ന്യായങ്ങള്‍. ആര്‍ക്കും എന്ത് വിഷയം വെച്ചും ഏത് രീതിയിലും സിനിമയെടുക്കാം. സുകുമാരക്കുറുപ്പിനെ കുറിച്ച് തന്നെയും നേരത്തെ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്.

പക്ഷെ, സുകുമാരക്കുറുപ്പിനെ ദുല്‍ഖര്‍ ഫാന്‍സും മലയാളി പ്രേക്ഷകരും ആഘോഷിക്കുന്ന രീതിയില്‍ തന്നെയാണ് കുറുപ്പ് ഒരുക്കിയിട്ടുള്ളതെന്നത് നിഷേധിക്കാന്‍ പറ്റില്ല. ഒരാളെ കൊല്ലാമെന്ന് പറയുന്ന കുറുപ്പിന്റെ ഡയലോഗിന് പോലും തിയേറ്ററില്‍ നിറഞ്ഞ കയ്യടിയായിരുന്നു കിട്ടിയത്. ക്രൂരമായ മറ്റ് പല ഡയലോഗുകളും കയ്യടി ശബ്ദം കൊണ്ട് പകുതിയേ കേള്‍ക്കാന്‍ പറ്റിയിരുന്നുള്ളു.

ഈ രീതിയിലല്ലാതെ, സിനിമ കണ്ടപ്പോള്‍ തോന്നിയ ഒരേയൊരു കാര്യം, വേദന നിറഞ്ഞ കുട്ടിക്കാലത്തിന്റെയോ നഷ്ടബോധങ്ങളുടെയോ ഒന്നും ന്യായീകരണങ്ങള്‍ സിനിമയില്‍ കുറുപ്പിന്റെ പ്രവൃത്തികള്‍ക്ക് കൊടുത്തിട്ടില്ല എന്നുള്ളതാണ്. തുടക്കം മുതല്‍ അയാളുടെ ക്രിമിനല്‍ മൈന്റ് തുറന്നു കാണിക്കപ്പെടുന്നുണ്ട്. പക്ഷെ, ഒരു ക്രൈമില്‍ നിന്നും മറ്റൊരു ക്രൈമിലേക്കുള്ള കുറുപ്പിന്റെ പോക്കിനെയും അതില്‍ അയാള്‍ പ്രയോഗിക്കുന്ന ബുദ്ധിയെയും സിനിമ ആഘോഷിക്കുകയാണ്. അയാളുടെ പദ്ധതികള്‍ പരാജയപ്പെടുമെന്ന തോന്നലുണ്ടാക്കുന്ന സമയങ്ങളില്‍ പ്രേക്ഷകനില്‍ ചെറിയ വിഷമം പോലും സിനിമയുണ്ടാക്കുന്നുണ്ട്.

ഇത് നടന്ന സംഭവമല്ലായിരുന്നെങ്കിലോ, നിങ്ങള്‍ ഇതേ സിനിമ ഇങ്ങനെയായിരിക്കുമോ കാണുക? ക്രിമിനലുകളെ കുറിച്ച് നേരത്തെ സിനിമകള്‍ വന്നിട്ടില്ലേ? അവരുടെ ബ്രില്യന്‍സിനെയും നെഗറ്റീവ് മൈന്റിനെയും പ്രകീര്‍ത്തിക്കുന്ന സിനിമകളുണ്ടായിട്ടില്ലേ എന്നൊക്കെയായിരിക്കാം അടുത്ത ചോദ്യങ്ങള്‍. ശരിയാണ് നടന്ന സംഭവമല്ലായിരുന്നെങ്കില്‍ സിനിമയില്‍ സുകുമാരക്കുറുപ്പിനെ കാണിച്ച രീതിയോട് ഇത്തരം പ്രതികരണം ഉണ്ടായിരിക്കണമെന്നില്ല. പക്ഷെ ഇത് നടന്ന സംഭവമാണ്, ആ ഒരു ഓര്‍മയില്ലാതെ ഈ സിനിമ കാണാനാകില്ല. സിനിമയിലൂടെ സുകുമാരക്കുറുപ്പ് ആഘോഷിക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യത്തിനെതിരെ കണ്ണടക്കാനുമാകില്ല. അതുകൊണ്ട് തന്നെ ഈ വിമര്‍ശനങ്ങളൊഴിവാക്കാനും പറ്റില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kurup Film Review – Anna Keerthy George

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more