| Saturday, 13th November 2021, 10:04 am

Interview| നെഗറ്റീവായാലും പോസിറ്റീവായാലും പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടല്ലോ, കഥാപാത്രങ്ങളില്‍ നോക്കുന്നത് അത്രമാത്രം: ഷൈന്‍ ടോം ചാക്കോ

അന്ന കീർത്തി ജോർജ്

കുറുപ്പ് സിനിമയില്‍ ഏറ്റവും അഭിനന്ദനം നേടിക്കൊണ്ടിരിക്കുന്ന കഥാപാത്രം താങ്കള്‍ അവതരിപ്പിച്ച ഭാസി പിള്ളയാണ്. ഈ കഥാപാത്രമാകാന്‍ വേണ്ടി നടത്തിയ തയ്യാറെടുപ്പുകള്‍ എന്തെല്ലാമായിരുന്നു?

കഥാപാത്രത്തിന് വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും ശ്രീനാഥ് നടത്തിയിരുന്നു. ഞാന്‍ ചെയ്തതെല്ലാം ആ തിരക്കഥയിലുള്ളതാണ്. ഭാസി പിള്ളയെ അവതരിപ്പിച്ച രീതി എങ്ങനെയെന്ന് ചോദിച്ചാല്‍, ആ കഥാപാത്രത്തിന്റെ പെരുമാറ്റരീതികളും സംഭാഷണശൈലിയുമെല്ലാം തിരക്കഥയില്‍ നിന്നും വ്യക്തമായിരുന്നു. അതിനനുസരിച്ച് പെര്‍ഫോം ചെയ്യുക മാത്രമാണ് ചെയ്തത്.

എണ്‍പതുകളില്‍ ഞാന്‍ കണ്ട സിനിമകളില്‍ ഇത്തരത്തിലുള്ള നിരവധി കഥപാത്രങ്ങളുണ്ടായിരുന്നു. ആ കഥാപാത്രങ്ങളെ കൂടി റഫര്‍ ചെയ്തിരുന്നു എന്ന് പറയാം.

ഭാസി പിള്ള എന്ന കഥാപാത്രത്തെ കുറിച്ച് വളരെ രസകരമായിട്ടാണ് ശ്രീനാഥും മറ്റുള്ളവരും തുടക്കം മുതല്‍ സംസാരിച്ചിരുന്നത്. എന്നോട് കഥാപാത്രത്തെ കുറിച്ച് പറയുന്നതും അങ്ങനെയായിരുന്നു. പുള്ളി ചെയ്യുന്ന കാര്യങ്ങളൊന്നും നല്ലതല്ലെങ്കിലും ഒരു തരം രസമുണ്ട് അതില്‍. നല്ല രസിച്ചുകൊണ്ടാണ് ഭാസി പിള്ള എല്ലാം ചെയ്യുന്നത്. അതുതന്നെയാണ് ആ കഥാപാത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.

പ്രേക്ഷകനില്‍ വളരെ വേഗം പ്രതികരണമുണ്ടാക്കുന്ന, ചിലപ്പോഴൊക്കെ അവര്‍ക്കൊരു ദേഷ്യം തോന്നുന്ന തരം നിരവധി കഥാപാത്രങ്ങള്‍ ഷൈന്‍ ചെയ്തിട്ടുണ്ട്. ഇഷ്‌കിലെയും ഇപ്പോള്‍ കുറുപ്പിലെയുമൊക്കെ കഥാപാത്രങ്ങളോട് തിയേറ്ററില്‍ വെച്ചുതന്നെ പ്രേക്ഷകന്‍ സംവദിക്കുന്ന രീതിയില്‍ അത് കാണാനാകും. പ്രേക്ഷകനില്‍ നിന്നും വരുന്ന ഈ പ്രതികരണം കഥാപാത്രങ്ങളും സിനിമയും തെരഞ്ഞെടുക്കുമ്പോള്‍ ഘടകമാകാറുണ്ടോ?

എല്ലാം നമ്മളെ തേടിയെത്തുന്ന കഥാപാത്രങ്ങളാണ്. കഥയും കഥാപാത്രങ്ങളും രസകരമായി തോന്നുന്നതുകൊണ്ടു തന്നെയാണ് അവ ചെയ്യാന്‍ തീരുമാനിക്കുന്നത്. ഞാന്‍ ചെയ്ത കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് ദേഷ്യം തോന്നിയാലും ഇഷ്ടം തോന്നിയാലും ആ കഥാപാത്രം അവര്‍ എന്റര്‍ടെയ്ന്‍ ചെയ്യിക്കുന്നു എന്നാണല്ലോ അര്‍ത്ഥം. അങ്ങനെ രസിപ്പിക്കുന്ന ഘടകങ്ങളുള്ള കഥാപാത്രങ്ങളെയാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്, അത് നെഗറ്റീവായാലും പോസിറ്റീവായാലും.

കുറുപ്പിലെ ഭാസി പിള്ള

കഥയ്ക്ക് ആവശ്യമായ പെര്‍ഫോമന്‍സ് എന്ന നിലയിലാണ് നെഗറ്റീവ് കഥാപാത്രങ്ങളെയും ആളുകള്‍ കാണുന്നത്. അതുകൊണ്ട് തന്നെ അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ മടി കാണിക്കേണ്ടതില്ലല്ലോ.

കുറുപ്പില്‍ ദുല്‍ഖറിനൊപ്പമുള്ള അനുഭവങ്ങള്‍?

ഇതിനു മുന്‍പ് പല ചിത്രങ്ങളിലും ഞാന്‍ ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. പറവ, മണിയറയിലെ അശോകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും ആ സിനിമയുടെ ക്രൂവിനൊപ്പം യാത്ര ചെയ്തിട്ടുണ്ട്. അന്നുതൊട്ടേ ദുല്‍ഖറിനെ അറിയാം.

ഒരുമിച്ച് കൂടുതല്‍ അഭിനയിച്ചത് ഇപ്പോള്‍ കുറുപ്പിലാണ്. എന്നാലും അത്രയ്ക്കധികം കോമ്പിനേഷന്‍ സീനുകളൊന്നുമില്ല. പക്ഷെ, ദുല്‍ഖറിനെ കൂടുതല്‍ അടുത്തറിയാനും പരസ്പരം ഒരുപാട് സംസാരിക്കാനും ഈ ഷൂട്ടിനിടയില്‍ അവസരം ലഭിച്ചു.

സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണല്ലോ ഷൈന്‍ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. സംവിധാനരംഗത്തെ അനുഭവങ്ങള്‍ അഭിനയത്തെ സ്വാധീനിക്കാറുണ്ടോ?

ഒന്‍പത് വര്‍ഷത്തോളം അസി. ഡയറക്ടറായി നിന്ന ശേഷമാണ് ഞാന്‍ അഭിനയത്തിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ പരിചിതമായ ഒരു സ്‌പേസിലാണ് ഞാന്‍ അഭിനയം തുടങ്ങിയത്. അത് വലിയ കംഫര്‍ട്ടാണ് നല്‍കിയിരുന്നത്. മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യുന്നതിന് സിനിമ എന്ന സ്‌പേസുമായിട്ടുണ്ടായിരുന്ന പരിചയം ഏറെ സഹായിച്ചിട്ടുണ്ട്.

അസി. ഡയറക്ടറായാലും നടനായാലും എല്ലാം നടക്കുന്നത് ആ സ്‌പേസില്‍ തന്നെയാണല്ലോ. സഹസംവിധായകനായിരുന്ന സമയത്ത് പ്രീ പ്രൊഡക്ഷന്‍ ചര്‍ച്ചകളില്‍ ആലോചിക്കുന്ന കാര്യങ്ങള്‍ അഭിനേതാക്കളെകൊണ്ട് ചെയ്യിപ്പിച്ചെടുക്കുക എന്നായിരിക്കുമല്ലോ ആലോചിക്കുക. അത്തരിത്തലുള്ള അനുഭവം അഭിനയക്കാനെത്തുമ്പോള്‍ തീര്‍ച്ചയായും സഹായിക്കാറുണ്ട്.

സംവിധാനമാണോ അഭിനയമാണോ കൂടുതല്‍ ആസ്വദിക്കുന്നത് ? എന്നെങ്കിലും സംവിധാനത്തിലേക്ക് തിരിച്ചുപോകുമോ ?

അഭിനയം തന്നെയാണ് കൂടുതല്‍ ആസ്വദിക്കുന്നത്. സംവിധാനമെന്ന ആഗ്രഹമൊന്നും ഇപ്പോഴില്ല

സീരിയസ്, നെഗറ്റീവ് കഥാപാത്രങ്ങളാണ് ഷൈന്‍ കൂടുതലായി ചെയ്യുന്നതെങ്കിലും ചില കഥാപാത്രങ്ങള്‍ പ്രേക്ഷകനില്‍ ചെറിയൊരു ചിരി പടര്‍ത്താറുണ്ട്. തനതായ ഒരു ശൈലിയാണ് ഇത്തരം രംഗങ്ങളില്‍ ഷൈന്‍ പിന്തുടരുന്നതെന്നും തോന്നാറുണ്ട്. അത്തരം കഥാപാത്രങ്ങളെ കുറിച്ച് ?

തിരക്കഥയിലുള്ളതും സംവിധായകന്‍ ചെയ്‌തെടുപ്പിക്കുന്നതുമായ കാര്യങ്ങളാണ് അതെല്ലാം. ഞാന്‍ തമാശക്ക് വേണ്ടി പ്രത്യേകമായി ഒന്നും ചെയ്യാറില്ല. ചില സമയത്ത് ചിരി പ്രതീക്ഷിച്ചിട്ടായിരിക്കില്ല ആ കഥാപാത്രം എന്തെങ്കിലും ചെയ്യുന്നത്. സാഹചര്യം അങ്ങനെയായതുകൊണ്ട് പ്രേക്ഷകന് ചിരി വരുന്നതായിരിക്കും.

മണിയറയില്‍ അശോകന്‍, അനുഗ്രഹീതന്‍ ആന്‍റണി എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍

ചിരി വരുത്തണം, അതുകൊണ്ട് ഇങ്ങനെ ചെയ്യണമെന്നൊന്നും ഒരിക്കലും കരുതാറില്ല. സീന്‍ മികച്ച രീതിയില്‍ ചെയ്യാന്‍ ശ്രമിക്കുന്നു. അപ്പോള്‍ കാണുന്ന പ്രേക്ഷകനിലുണ്ടാകുന്ന അനുഭവമാണ് ഈ ചിരികളെല്ലാം. തിരക്കഥാകൃത്തും സംവിധായകനും വിചാരിക്കുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നു. അതിനപ്പുറം ഒന്നുമില്ല.

മലയാള സിനിമയില്‍ ഇപ്പോള്‍ പരീക്ഷണങ്ങളുടെ കാലം കൂടിയാണ്. കൊവിഡ് കാലം സിനിമക്ക് ഒരു തടസമാകുമെന്ന കരുതിയിടത്ത് നിന്നും മലയാള സിനിമ പക്ഷെ പ്രമേയങ്ങളിലും മേക്കിങ്ങിലുമെല്ലാം വ്യത്യസ്തത പുലര്‍ത്തിക്കൊണ്ട് പുതിയ ഊര്‍ജവുമായി വന്നിരിക്കുകയാണ്. കൊവിഡ് കാലത്തെ ഇന്ത്യന്‍ സിനിമയെ നയിച്ചത് മലയാള സിനിമയായിരുന്നെന്ന് വരെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. ലോക്ഡൗണ്‍ സമയമടക്കമുള്ള സമീപകാലത്തെ മലയാള സിനിമയെ എങ്ങനെയാണ് നോക്കിക്കാണുന്നത് ?

ലോക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ സിനിമകളുണ്ടായത് മലയാളത്തിലാണെന്നാണ് തോന്നുന്നത്. ലോകത്ത് ഏറ്റവും നല്ല സിനിമകളിറങ്ങുന്നത് മലയാളത്തിലാണെന്ന് ഞാന്‍ പറയും. ചെറിയ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന, മനുഷ്യജീവിതവുമായി ഏറെ അടുത്ത് നില്‍ക്കുന്ന കഥകള്‍ പറയുന്ന സിനിമകളാണ് ഇവിടെ നിന്നും വരുന്നത്.

ലവ് എന്ന സിനിമയില്‍ നിന്നുള്ള രംഗം

ഇറാനിലെ ഒരു സംവിധായകന് പുറത്തിറങ്ങാന്‍ വിലക്കുണ്ടായിരുന്നപ്പോള്‍ അയാള്‍ മുറിക്കകത്തിരുന്ന് പടം ചെയ്തതിനെ കുറിച്ച് കേട്ടിട്ടില്ലേ. പുറത്തിറങ്ങാന്‍ പറ്റില്ല, വീടനകത്ത് തന്നെ ഇരിക്കണം എന്ന് വരികയാണെങ്കില്‍ ഇവിടെയുള്ളവരും വീടനകത്തുവെച്ച് സിനിമയുണ്ടാക്കും. കൊവിഡ് കാലത്ത് നമ്മള്‍ അത് വ്യക്തമായി കണ്ടല്ലോ.

പുറത്തൊന്നുമിറങ്ങാതെ പടം ചെയ്യാമെന്ന് സീ യു സൂണ്‍ കാണിച്ചുതന്നു. അതിനുശേഷം ലവ് ഞങ്ങളൊരു ഫ്‌ളാറ്റിനുള്ളില്‍ വെച്ച് ചെയ്തു. പിന്നീട് എത്രയോ ഇന്‍ഡോര്‍ പടങ്ങള്‍ വന്നു. നമ്മള്‍ വ്യത്യസ്തമായി ചിന്തിക്കാന്‍ തുടങ്ങി. ഓരോ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ മലയാള സിനിമക്ക് കഴിയും. വളരെ ഫ്‌ളെക്‌സിബിളായ ഇടമാണിത്. മറ്റുള്ളവര്‍ക്കും ആലോചിച്ചാല്‍ പോലും അടുത്തെത്താനാകില്ല.

സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് തിയേറ്റര്‍/ ഒ.ടി.ടി എന്ന സംവാദം നടക്കുകയാണല്ലോ. കൊവിഡിന് ശേഷമുള്ള മലയാളി പ്രേക്ഷകനെ കുറിച്ച് എന്ത് തോന്നുന്നു? അവര്‍ തിയേറ്ററിലേക്കാണോ ഒ.ടി.ടിയിലേക്കാണോ കൂടുതല്‍ പോകാന്‍ സാധ്യത?

ഓരോ കലാരൂപങ്ങളും ആസ്വദിക്കുന്നതിന് അതിന്റേതായ രീതികളുണ്ടല്ലോ. എല്ലാവരും കൂടി ഒന്നിച്ചിരുന്നു കാണേണ്ട കലാരൂപമാണ് സിനിമ. അതിനുള്ള അവസരമില്ലാത്ത സമയങ്ങളില്‍ ഒ.ടി.ടി പോലുള്ളവയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. അങ്ങനെയാണ് ഈ സാഹചര്യത്തെ കാണേണ്ടതെന്ന് ഞാന്‍ കരുതുന്നു.

സിനിമ ഏറ്റവും കൂടുതല്‍ ആസ്വദിക്കാനാകുക തിയേറ്ററിലാണ്. ഏത് സിനിമാ പ്രേക്ഷകനും കൂടുതല്‍ ആഗ്രഹിക്കുക തിയേറ്റര്‍ അനുഭവത്തിനു വേണ്ടിയായിരിക്കും. നമ്മള്‍ മികച്ച സിനിമകള്‍ നിര്‍മ്മിക്കുമ്പോള്‍ പ്രേക്ഷകന്‍ തിയേറ്ററിലേക്ക് തന്നെ കൂടുതലായി വരും.

പുതിയ പ്രോജക്ടുകളും വിശേഷങ്ങളും?

ഇനി വരാനുള്ളത് റോയ്, കൊച്ചാള്‍, കുടുക്ക്, പട, പടവെട്ട്, വെയില്‍, അടി, അടിത്തട്ട് തുടങ്ങിയ ചിത്രങ്ങളാണ്. ഭീഷ്മ പര്‍വത്തില്‍ മമ്മൂട്ടിക്കൊപ്പം വീണ്ടുമെത്തുന്നുണ്ട്. വിനായകനെ കേന്ദ്ര കഥാപാത്രമാക്കി ലിയോ തദേവൂസ് ചെയ്യുന്ന പന്ത്രണ്ടിലും അഭിനയിക്കുന്നുണ്ട്.

അടി സിനിമയുടെ ലൊക്കേഷനില്‍ നിന്നും

ദുല്‍ഖര്‍ തന്നെ നിര്‍മ്മിക്കുന്ന അടി എന്ന ചിത്രത്തില്‍ ഞാനും അഹാനയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിജോ ആന്റണിയാണ് അടിത്തട്ടിന്റെ സംവിധായകന്‍. കടല്‍ മാത്രമുള്ള സിനിമയാണിത്. കടലിലായിരുന്നു മുഴുവന്‍ ഷൂട്ടിങ്ങും.

ഭീഷ്മ പര്‍വം എല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഷൈന്‍ മമ്മൂട്ടിക്കൊപ്പം വീണ്ടും അഭിനയിക്കുന്നു, എന്താണ് ഭീഷമ് പര്‍വത്തെ കുറിച്ചുള്ള ഷൈനിന്റെ പ്രതീക്ഷകള്‍?

ഭീഷ്മ പര്‍വം നിങ്ങള്‍ കണ്ടുതuന്നെ മനസിലാക്കേണ്ടി വരും. അമലിന്റെ മേക്കിങ്ങ് അനുഭവിച്ചറിയേണ്ടതാണ്. അത് ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടാകട്ടെ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Shine Tom Chacko Interview

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more