|

ബോക്സ് ഓഫീസും കൊള്ളയടിച്ച് കുറുപ്പ്; ആദ്യദിനം വീണവരില്‍ ലൂസിഫറും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന് പ്രേക്ഷകര്‍ ഒന്നടങ്കം വമ്പന്‍ സ്വീകരണമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ ഷോകള്‍ കളിക്കുന്ന ചിത്രമെന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയ കുറുപ്പ് കേരളത്തില്‍ 500 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ വൈകിട്ടായപ്പോഴേക്കും അത് 550 സ്‌ക്രീനുകളിലേക്ക് എത്തിയിരുന്നു.

മിക്ക തിയേറ്ററുകളിലും ചിത്രം ഹൗസ്ഫുള്ളായിരുന്നു. തിരക്ക് കാരണം പലയിടങ്ങളിലും എക്‌സ്ട്രാ ഷോയും ഏര്‍പ്പെടുത്തിയിരുന്നു. ആദ്യ ദിവസം തന്നെ കളക്ഷന്‍ റെക്കോഡുകളുടെ കാര്യത്തിലും ഒന്നാമനായിരിക്കുകാണ് കുറുപ്പ്. ലൂസിഫറടക്കമുള്ള പല സിനിമകളുടെയും ഫസ്റ്റ് ഡേ കളക്ഷന്‍ റെക്കോഡും തകര്‍ത്താണ് കുറുപ്പ് പ്രദര്‍ശനം തുടരുന്നത്.

മലയാള സിനിമയുടെ പ്രതാപകാലത്തിലേക്ക് തിരികെ പോകുവാന്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമെത്തിയ കുറുപ്പ് ഒരു കാരണമായിരിക്കുകയാണ്. വീക്കെന്‍ഡ് ആയതിനാല്‍ തന്നെ അടുത്ത രണ്ടു ദിവസവും കൂടുതല്‍ പ്രേക്ഷകര്‍ തിയറ്ററുകളിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മലയാളത്തില്‍ എന്നത് പോലെ തന്നെ തമിഴിലും തെലുങ്കിലും റെക്കോര്‍ഡ് ഓപ്പണിങ്ങാണ് കുറുപ്പിന് ലഭിച്ചിരിക്കുന്നത്. തെലുങ്കിലും മറ്റു പുതിയ റിലീസുകളെക്കാള്‍ മികച്ച ഓപ്പണിംഗ് കുറുപ്പിന് നേടാനായിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച കുറുപ്പ്  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യുകയായിരുന്നു.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ. എസ്. അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്.

കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ പ്രവീണ്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ വിഘ്നേഷ് കിഷന്‍ രജീഷ്, മേക്കപ്പ് റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പി ആര്‍ ഒ ആതിര ദില്‍ജിത്, സ്റ്റില്‍സ് ഷുഹൈബ് എസ്.ബി.കെ. പോസ്റ്റര്‍ ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍ & എസ്തെറ്റിക് കുഞ്ഞമ്മ.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kurup brakes first day collection records