കൈയത്തും ദൂരത്ത് പരവതാനി തീർക്കുന്ന മേഘക്കൂട്ടം,അവയ്ക്കു പിന്നിലായി ചെറുമലകൾക്കിടയിലൂടെ സ്വർണവർണം വിതറി രാജകീയ പ്രൗഡിയിൽ തെളിയുന്ന ഉദയസൂര്യൻ…കോടമഞ്ഞിന്റെ നനുത്ത കാറ്റ്…ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട മനോഹര കാഴ്ച്ച…ഇതാണ് നമ്മുടെ സ്വന്തം കുറുമ്പാലക്കോട്ട..
വയനാടിന്റെ കിഴക്കൻപ്രദേശത്ത് സ്ഥിതിചെയ്യുന്ന മലയാണ് കുറുമ്പാലക്കോട്ട.മലമുകളിൽ മേഘങ്ങൾ തീർക്കുന്ന ദൃശ്യ വിസ്മയം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രദേശത്തേക്ക് സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമാണ്.ദിവസേന അഞ്ഞൂറിലധികം സഞ്ചാരികൾ ഇവിടെ വന്നു പോകുന്നു.ട്രക്കിങ് പ്രിയരുടെ ഇഷ്ട സ്പോട്ടായി മാറുകയാണ് കുറുമ്പാലക്കോട്ട.
ടെന്റടിച്ച് രാപ്പാർക്കാം
സൂര്യോദയം കാണുവാനാണ് കൂടുതൽ സഞ്ചാരികളും ഇവിടെ എത്തുന്നത്.തലേ ദിവസം തന്നെ മലമുകളിലെത്തി താമസിക്കുവാൻ വാടകയ്ക്കു ടെന്റുകൾ ലഭ്യമാണ്.മലനിരകൾക്കിടയിലൂടെ താഴ്ന്നിറങ്ങുന്ന സൂര്യനെയും കണ്ട്,ടെന്റിൽ അന്തിയുറങ്ങി,പുലർച്ചെ ഉദയവും കണ്ട് മടങ്ങാം..ഒരു ഒന്നൊന്നര അനുഭവമായിരിക്കും…
സഞ്ചാരികളുടെ പ്രവാഹം
പുലർച്ചെ മുതൽ കുറുമ്പോലക്കോട്ടയിലേക്കുള്ള വഴികളെല്ലാം സഞ്ചാരികളെക്കൊണ്ട് നിറയും.ട്രക്കിങിന് താൽപര്യമുള്ളവർക്ക് ഏറെ പ്രിയങ്കരമാകും അൽപം സാഹസികത നിറഞ്ഞ ഈ മലകയറ്റം.മുൻപ് യുവാക്കൾ മാത്രമെത്തിയിരുന്ന പ്രദേശത്ത് ഇന്ന് ആളുകൾ കുടുംബസമേതം എത്തിത്തുടങ്ങിയിട്ടുണ്ട്.കുത്തനെയുള്ളകയറ്റവും ചെങ്കുത്തായ നടപ്പാതയും പിന്നിട്ടുവേണം മുകളിലെത്താൻ.ക്ഷീണം തോന്നിയാൽ വഴിയരികിലെ പാറക്കെട്ടുകളിൽ വിശ്രമിക്കാം. അരമണിക്കൂർ കൊണ്ട് മലമുകളിലെത്താം.അവിടെ പറന്നിറങ്ങുന്ന കോടമഞ്ഞ് നമുക്ക് സ്വാഗതം പറയും.കോട ഇറങ്ങിക്കഴിഞ്ഞാൽ വയനാടിന്റെ ഒരു ഫുൾവ്യൂ മലമുകളിൽ നിന്ന് ദൃശ്യമാകും.കോടയിൽ കുളിച്ചു നിൽക്കുന്ന ബാണാസുര മലനിരകൾ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് സമ്മാനിക്കുക.
റൂട്ട്മാപ്പ്…
കല്‍പ്പറ്റയില്‍ നിന്നും മാനന്തവാടി റോഡിലൂടെ കമ്പളക്കാട് വഴി കുറുമ്പാലക്കോട്ടയിലേക്ക് ഏകദേശം പതിനേഴ് കിലോമീറ്ററാണ് ദൂരം.പക്രതളം ചുരം കയറിവരുന്നവര്‍ക്ക് കോറം-കെല്ലൂര്‍ വഴി എത്താം.മലയുടെ മുകളിലേക്ക് പലവഴികളുമുണ്ടെങ്കിലും കുറുമ്പാലക്കോട്ട ക്ഷേത്രത്തിന് സമീപത്തെ വഴിയിലൂടെ മലകയറുന്നതാകും നല്ലത്.ഓഫ് റോഡ് വാഹനങ്ങളില്‍ വരുന്നവര്‍ക്ക് മറ്റൊരു വഴിയിലൂടെ ഏകദേശം ഹില്‍ടോപ്പിന് അടുത്തുവരെ എത്താം.നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ജീപ്പുകളിലോ മറ്റു ഓഫ് റോഡ് വാഹനങ്ങളിലോ വരുന്നതാവും നല്ലത്. ബൈക്കുകളും ഇതുവഴി വരാറുണ്ടെങ്കിലും അപകടസാധ്യത കൂടുതലാണ്.പ്രത്യേകിച്ച് മഴക്കാലത്ത്.വാഹനങ്ങളിലെത്തുന്ന സഞ്ചാരികൾക്ക് താഴെ പേ ആന്റ് പാർക്ക് സൗകര്യമുണ്ട്.മലമുകളിലും താഴെയും ചെറു ഭക്ഷണശാലകൾ ഉള്ളതുകൊണ്ട് വിശന്നുവലയുമെന്ന പേടി വേണ്ട.
സാധ്യതകളുടെ വിശാല ലോകം
ടൂറിസം പ്രമോഷൻ കൗൺസിലിന് ഇതുവരെയും കുറുമ്പോലക്കോട്ടയുടെ സാധ്യതകൾ മനസിലാക്കാൻ സാധിച്ചിട്ടില്ല.അന്യസംസ്ഥാനങ്ങളിൽ നിന്നും പോലും ആളുകൾ ഇവിടേയ്ക്കെത്തുന്നു.സ്വകാര്യ റിസോർട്ടുകളുടെ ടൂർ പാക്കെജിന്റെ ഭാഗമായും നിരവധിപ്പേർ എത്തുന്നു.സർക്കാർ സംവിധാനങ്ങൾ കുറുമ്പാലക്കോട്ടയെ ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രമായി അംഗീകരിക്കുന്ന കാലം വിദൂരമല്ലെന്ന് പ്രതീക്ഷിക്കാം.