| Friday, 17th December 2021, 10:32 am

ശീമക്കൊന്നയുടെ കമ്പും മൊബൈല്‍ ടോര്‍ച്ചുമായി ഞങ്ങള്‍ കടുവയെ തിരയുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു; കുറുക്കന്‍മൂലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: കുറുക്കന്‍മൂലയിലിറങ്ങിയ കടുവയെ പിടിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വൈകിയെത്തുവെന്ന് പറഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രബാബുവും നാട്ടുകാരും തമ്മില്‍ കയ്യാങ്കളി ഉണ്ടായി.

കടുവ നാട്ടിലിറങ്ങിയിട്ട് 19-ാം ദിവസം പിന്നിടുകയാണ്. കടുവ എവിടെയാണെന്ന് ലൊക്കേറ്റ് ചെയ്യാന്‍ പോലും സാധിക്കുന്നില്ല എന്നതാണ് നാട്ടുകാരെ അസ്വസ്ഥരാക്കുന്നത്.

കഴിഞ്ഞ ദിവസം പയ്യമ്പിള്ളിയില്‍ കാര്‍ യാത്രികരായ രണ്ട് പേര്‍ കടുവയെ കണ്ടിരുന്നു. ആ സമയത്ത് വാര്‍ഡ് കൗണ്‍സിലറെ യാത്രക്കാര്‍ വിവരമറിയിക്കുകയും നാട്ടുകാര്‍ ഇവിടെ തമ്പടിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കുറച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇവിടെയെത്തിയത്. ആയുധങ്ങളൊന്നുമെടുക്കാതെയാണ് ഉദ്യോഗസ്ഥരെത്തിയത്.

പിന്നീട് വെള്ളിയാഴ്ച രാവിലെയാണ് കൂടുതല്‍ ഉദ്യോഗസ്ഥരെത്തിയത്. അതിനിടെ വാര്‍ഡ് മെമ്പറെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്ന പരാതിയും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.

ഇതോടെയാണ് വനംവകുപ്പും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്.

‘ഇന്നലെ മൂന്ന് മണി വരെ ഇവിടെ ഉറക്കമിളച്ച് കാത്തിരിക്കുകയായിരുന്നു. നിങ്ങളൊരു കോപ്പും പറയണ്ട. ശീമക്കൊന്നയുടെ കമ്പും മൊബൈലിലെ ടോര്‍ച്ചുമായിട്ടാണ് ഞങ്ങള്‍ ഇറങ്ങിയത്. ഇന്നലെ നിങ്ങള്‍ എവിടെയായിരുന്നു,’ നാട്ടുകാരനായ വിപിന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

അതേസമയം കടുവയെ പിടികൂടുന്നതിനായി കുറുക്കന്‍മൂലയില്‍ തെരച്ചിലിന് കൂടുതല്‍ പേരെ നിയോഗിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 180 വനംവകുപ്പ് ജീവനക്കാരും 30 പൊലീസുകാരും സംഘത്തിലുണ്ട്.

വനംവകുപ്പ് 30 പേരടങ്ങുന്ന ആറ് സംഘങ്ങളെ നിയോഗിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kurukkanmoola Tiger natives prtoest against Forest Officers

We use cookies to give you the best possible experience. Learn more