ജീന്‍സും,ടീഷര്‍ട്ടുമൊക്കെ ആണ്‍മനസിലെ ഫാഷന്‍പ്രേമം നിര്‍ണയിച്ച കാലമൊക്കെ പോയി. വെറൈറ്റി ഫാഷനുകളോടാണ് ന്യൂജെന് താല്‍പ്പര്യം. പരമ്പരാഗത ഡ്രസുകള്‍ പോലും ഒരു ന്യൂജെന്‍ ടച്ചോടുകൂടി അടിപൊളിയാക്കി കാമ്പസുകള്‍ വാഴുകയാണ്. ഇവിടെയാണ് ഫംഗ്ഷനുകളിലും ഓണവും വിഷുവിനുമൊക്കെ മാത്രം അലമാരകളില്‍ നിന്നിറങ്ങി വരാറുള്ള കുര്‍ത്തകളുടെ സ്ഥാനവും. കസവ് എംബ്രോയിഡറിയും മുത്ത് വര്‍ക്കുകളോടും കൂടിയുള്ള ട്രെഡിഷകുര്‍ത്തകള്‍ക്ക് പകരം പക്കാ അടിപൊളി ന്യൂജെന്‍ കുര്‍ത്തകള്‍. കാമ്പസുകള്‍,ഓഫീസുകള്‍ എന്നുവേണ്ട കാഷ്യല്‍സായി പോലും കുര്‍ത്തകളാണ് യുവാക്കള്‍ക്ക് പ്രിയം.
ഫുള്‍സൈസ് കുര്‍ത്തകള്‍
ഉത്തരേന്ത്യക്കാരെ പോലെ വിവാഹം പോലുള്ള ആഘോഷങ്ങളില്‍ ഇടം പിടിക്കുന്ന ഡ്രസ്സായി മാറിയിട്ടുണ്ട് ഫുള്‍സൈസ് കുര്‍ത്തകള്‍. ആഘോഷങ്ങളില്‍ ഉപയോഗിക്കുന്ന ഈ ഫുള്‍സൈസ് ഡിസൈനര്‍ കുര്‍ത്തകളാണ്. വിത്ത് കോളര്‍ ,വിത്തൗട്ട് കോളര്‍ കുര്‍ത്തകളാണ് ഈ വിഭാഗത്തില്‍ വരുന്നത്.ഹാന്റ്‌ലൂം,ഡിസൈനര്‍ കുര്‍ത്തകള്‍ക്ക് വില കൂടുതലാണെങ്കിലും ആഘോഷങ്ങളെ മനോഹരമാക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു “ആണ്‍വസ്ത്രം” ഇല്ലെന്ന് പറയാം.
ഹാഫ് കുര്‍ത്തകള്‍
ഷര്‍ട്ടിന്റെയും കുര്‍ത്തയുടെയും ഹൈബ്രിഡ് ആയ ഹാഫ് കുര്‍ത്തകള്‍ക്ക് ഏറെ ആരാധകരാണുള്ളത്. സിമ്പിളും പവര്‍ഫുളുമായ ലുക്കിന് ഹാഫ് കുര്‍ത്തകള്‍ നല്ലതാണ്. മുണ്ടായാലും ജീന്‍സായാലും പാന്റ്‌സ് ആയാലും എല്ലാത്തിനോടും ചേര്‍ന്ന് നില്‍ക്കുന്നവിധമായതിനാല്‍ ഹാഫ് കുര്‍ത്തകള്‍ക്ക് നല്ല ഡിമാന്റാണ്. സെമിഫോര്‍മലായും കാഷ്യല്‍വെയറായും ഉപയോഗിക്കാം. ഹാഫ് സെക്ഷനില്‍ “നെഹ്‌റു ജാക്കറ്റ്” ആണെങ്കില്‍ ആഘോഷവേളകള്‍ പൊളിക്കും.