| Thursday, 21st February 2013, 1:36 pm

കുര്യന്റെ രാജി: പാര്‍ലമെന്റിലേക്ക് മാര്‍ച്ചു നടത്തിയ ഇടത്‌ എം.പി മാര്‍ക്ക് പോലീസ് മര്‍ദ്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ പി.ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ   ഇടത്‌ എം.പിമാര്‍ക്ക് പോലീസ് മര്‍ദ്ദനം .

ഡി.വൈ.എഫ്.ഐ , എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസ് ലാത്തിചാര്‍ജിലാണ് എം. പി മാരായ ടി.എന്‍ സീമ , എം.ബി രാജേഷ് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റത്.[]

ബജറ്റ് സമ്മേളനം നടക്കുന്ന പാര്‍ലമെന്റിന്റെ  മുമ്പില്‍ റോഡില്‍ കുത്തിയിരുന്നു  മുദ്രാവാക്യം വിളിക്കുകയായിരുന്നു ഇവര്‍.

പിന്നീട് പോലീസ   സമരക്കാരെ മര്‍ദ്ദിക്കുകയായിരുന്നു . ഇതിനിടെ എം.പി ടി.എന്‍ സീമയെയും , എം.പി എം.ബി രാജേഷിനെയും പോലീസ് അറസ്റ്റു ചെയ്തു നീക്കി.

തങ്ങള്‍ എം.പിമാരാണെന്ന് ഇവര്‍ പറഞ്ഞെങ്കിലും പോലീസ് അവഗണിക്കുകയായിരുന്നു. സീമയെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ പോലും പോലീസ് അനുവദിച്ചില്ല .

പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ച സമയത്ത് തന്നെ സി.പി.ഐ യുടെ വനിതാപ്രവര്‍ത്തകരും കുര്യന്റെ രാജി ആവശ്യപ്പെട്ട്  മാര്‍ച്ച് നടത്തിയിരുന്നു.

പാര്‍ലമെന്റിലേക്ക് തള്ളികയറാന്‍ ശ്രമിക്കുന്നതിനിടെ ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടയുകയായിരുന്നു.

പിന്നീട് ആനിരാജ ഉള്‍പ്പെടെയുള്ള എ.ഐ.വൈ.എഫ്, ദേശീയ മഹാളാ ഫെഡറേഷന്‍ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് പാര്‍ലമെന്റിനു സമീപത്തെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്നലെ സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെതിരെ  ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍നാഥ് അറിയിച്ചിരുന്നു.

സൂര്യനെല്ലി കേസില്‍ സുപ്രിംകോടതി മുമ്പെ തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തിന്റെ രാഷ്ട്രീയവിഷയമാണെന്നും അതിനാല്‍ ഇത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും കമല്‍നാഥ് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളികളയാനും കുര്യനെ പിന്തുണയ്ക്കാനുമാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മറ്റി യോഗത്തില്‍ തീരുമാനിച്ചത്.

ഇതിനു ശേഷമാണ് പാര്‍ലമെന്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന നിലപാടെടുത്തത്.

എന്നാല്‍ ബി.ജെ.പിയും ഇടതുപക്ഷവും പി.ജെ കുര്യനെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും ഇത് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ബജറ്റ് സമ്മേളനം നടക്കുന്ന പാര്‍ലമെന്റിലേക്ക് നിരവധി യുവജന,സ്ത്രീസംഘടനകള്‍ മാര്‍ച്ചു നടത്തുന്നത്

സൂര്യനെല്ലിക്കേസിലെ 34 പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് വീണ്ടും വിവാദമുണ്ടായത്.

സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് 17 വര്‍ഷം മുമ്പ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴിനല്‍കിയ പല സാക്ഷികളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് തങ്ങളുടെ മൊഴിമാറ്റിപ്പറയുകയും ചെയ്തത് വിവാദത്തിനിടയാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more