മമ്മൂട്ടി എപ്പോഴും വെറൈറ്റികള്‍ നോക്കുമ്പോള്‍ ആ നടന് പാട്ടും മരംചുറ്റി പ്രേമവുമായിരുന്നു വേണ്ടത്: കുര്യന്‍ വര്‍ണശാല
Entertainment
മമ്മൂട്ടി എപ്പോഴും വെറൈറ്റികള്‍ നോക്കുമ്പോള്‍ ആ നടന് പാട്ടും മരംചുറ്റി പ്രേമവുമായിരുന്നു വേണ്ടത്: കുര്യന്‍ വര്‍ണശാല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th October 2024, 7:44 am

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളായിരുന്നു ശങ്കര്‍. ഏകദേശം ഇരുന്നൂറോളം സിനിമകളില്‍ വേഷമിട്ടിട്ടുള്ള നടന്‍ മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

‘ഒരു തലൈ രാഗം’ ആയിരുന്നു ശങ്കറിന്റെ ആദ്യ തമിഴ് ചിത്രം. ഈ സിനിമ വലിയ വിജയമാകുകയും 365 ദിവസങ്ങള്‍ തിയേറ്ററില്‍ ഓടുകയും ചെയ്തിരുന്നു. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രത്തിലൂടെയാണ് ശങ്കര്‍ മലയാള സിനിമയില്‍ എത്തുന്നത്.

ഇപ്പോള്‍ ശങ്കറിനെ കുറിച്ച് പറയുകയാണ് സംവിധായകനും നിര്‍മാതാവുമായ കുര്യന്‍ വര്‍ണശാല. ശങ്കര്‍ പണ്ട് കിട്ടുന്ന പടങ്ങളൊക്കെ ചെയ്യുമായിരുന്നുവെന്നും എന്നാല്‍ വെറൈറ്റിയായ സിനിമകള്‍ ചെയ്യാന്‍ പറഞ്ഞാല്‍ മടിയാണെന്നുമാണ് അദ്ദേഹം പറയുന്നത്. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശങ്കര്‍ അന്ന് കിട്ടുന്ന പടങ്ങളൊക്കെ ചെയ്യുമായിരുന്നു. വെറൈറ്റിയായ സിനിമകള്‍ ചെയ്യാന്‍ പറഞ്ഞാല്‍ മടിയാണ്. മമ്മൂട്ടി ചെയ്ത ഭ്രമയുഗം പോലെയുള്ള ഒരു സിനിമ ചെയ്യാന്‍ പറഞ്ഞാല്‍ ആരെങ്കിലും ചെയ്യുമോ, ആരും ചെയ്യില്ല. മമ്മൂട്ടി എപ്പോഴും വെറൈറ്റികള്‍ നോക്കുന്നുണ്ട്. ശങ്കര്‍ എപ്പോഴും പാട്ടും മരംചുറ്റി പ്രേമവും ആയിട്ടുള്ള സിനിമകളാണ് ചെയ്തത്.

അതുതന്നെയായിരുന്നു അയാള്‍ ചെയ്ത് കൊണ്ടിരുന്നത്. ഞാനും ശങ്കറും നല്ല കമ്പനിയായിരുന്നു. പണ്ടേ ഞാന്‍ അവനോട് ട്രാക്ക് മാറ്റിപിടിക്കാന്‍ പറഞ്ഞതാണ്. ഇങ്ങനെയുള്ള വേഷങ്ങളൊക്കെ മാറ്റിയിട്ട് നല്ലത് ചെയ്യാന്‍ ഞാന്‍ പറഞ്ഞതാണ്. പക്ഷെ എനിക്ക് അങ്ങനെയുള്ള കഥാപാത്രങ്ങള് ആരും തരുന്നില്ലെന്നാണ് അവന്‍ മറുപടി പറഞ്ഞത്.

അങ്ങനെയുള്ള കഥാപാത്രങ്ങള്‍ തരാന്‍ ആവശ്യപ്പെടണമെന്ന് ഞാന്‍ അവനെ ഉപദേശിച്ചതാണ്. ലാല്‍ ഒക്കെ ആ സമയത്ത് വ്യത്യസ്തമായ റോളുകളാണ് ചെയ്തത്. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പിടിച്ചുനിന്നത്. തെരഞ്ഞെടുക്കുന്ന സിനിമകള്‍ മാറ്റിപിടിച്ചിരുന്നെങ്കില്‍ അവനും ഒരു ലെവലില്‍ എത്തിയേനേ. അത്രയും മിടുക്കനായ നടനാണ് അവന്‍,’ കുര്യന്‍ വര്‍ണശാല പറയുന്നു.


Content Highlight: Kurian Varnasala Talks About Actor Shankar