| Saturday, 26th January 2019, 11:23 am

സുപ്രീം കോടതിയുടെ വഴിവിട്ടപോക്കിനെതിരെ നിലപാടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാലം എന്നെ കുറ്റപ്പെടുത്തുമായിരുന്നു: ജസ്റ്റിസ് കുര്യന്‍ ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സുപ്രീം കോടതിയിലെ അനഭിമത പ്രവണതകള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്താന്‍ തന്റേടം കാണിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ദേശാഭിമാനിക്കു നല്‍കിയ അഭിമുഖത്തിലാണ് കുര്യന്‍ ജോസഫിന്റെ പ്രതികരണം.

“ഞാന്‍ ആ വാര്‍ത്താസമ്മേളനത്തെ ഒരു ചരിത്ര നിയോഗമായാണ് കാണുന്നത്. അതിനുള്ള തന്റേടം കാണിച്ചതില്‍ അഭിമാനമുണ്ട്. സുപ്രീം കോടതി ജഡ്ജിയായിരുന്നിട്ട് ആ സ്ഥാപനത്തിന്റെ വഴിവിട്ട പോക്കിനെതിരെ നിലകൊള്ളാനും നിലപാടെടുക്കാനും കഴിഞ്ഞില്ലെങ്കില്‍ കാലം എന്നെ കുറ്റപ്പെടുത്തുമായിരുന്നു. ഇതിനിടയാക്കാതെ ഒരസാധാരണ നടപടിക്ക് നിര്‍ബന്ധിതനാകുകയായിരുന്നു.” അദ്ദേഹം പറഞ്ഞു.

ആ വാര്‍ത്താസമ്മേളനത്തെ തുടര്‍ന്ന് സുപ്രീം കോടതിയുടെ നടത്തിപ്പിലും ജഡ്ജിമാരുടെ നിയമനത്തിലും ഗുണപരമായ മാറ്റങ്ങളുണ്ടായി. ജഡ്ജിമാരുടെ നിയമനത്തില്‍ സുതാര്യത കൊണ്ടുവരാന്‍ ആ വാര്‍ത്താസമ്മേളനം സഹായിച്ചിട്ടുണ്ടെന്നും കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു.

Also read:ഭരണഘടനയുടെ ആമുഖം ഒന്നാം പേജില്‍; റിപ്പബ്ലിക് ദിനത്തില്‍ ദേശാഭിമാനി ദിനപത്രം

കൊളീജിയം സംവിധാനം ഏറ്റവും നല്ലതാണെന്നോ അത് മാത്രമാണ് ഏക മാര്‍ഗമെന്നോ അഭിപ്രായമില്ല. തമ്മില്‍ ഭേദം അതാണെന്ന അഭിപ്രായമാണുള്ളത്. ദേശീയ നിയമന കമ്മീഷന്‍ റദ്ദാക്കിയ ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്നു താന്‍. കൊളീജിയം കൂടുതല്‍ നന്നാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആ വിധിന്യായത്തില്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് സുപ്രീം കോടതിയിലെ കെടുകാര്യസ്ഥതകള്‍ ചൂണ്ടിക്കാട്ടി ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

We use cookies to give you the best possible experience. Learn more