| Monday, 5th December 2022, 8:30 am

ഞാന്‍ മമ്മൂക്കയെ വിളിച്ചില്ല, തരുണ്‍ എന്റെ കാര്യം പറഞ്ഞ് അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു, മറുപടി ഇതായിരുന്നു: കുര്യന്‍ ചാക്കോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക എന്ന ചിത്രത്തിന് മികച്ച അഭിപ്രായം ലഭിക്കുമ്പോള്‍ ഒപ്പം ശ്രദ്ധ നേടുന്ന താരമാണ് ചിത്രത്തില്‍ ജഡ്ജായി വേഷമിട്ട കുര്യന്‍ ചാക്കോ. മമ്മൂട്ടിയുടെ മനു അങ്കിള്‍ എന്ന സിനിമയില്‍ ഡാനി എന്ന ബാലതാരമായി വന്ന കുര്യന്‍ ചാക്കോയാണ് വര്‍ഷങ്ങള്‍ക്കിപ്പുറം സൗദി വെള്ളക്കയിലും തിളങ്ങിയത്.

ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ താന്‍ ആദ്യം മടിച്ചിരുന്നു എന്ന് പറയുകയാണ് കുര്യന്‍ ചാക്കോ. എന്നാല്‍ കഥ കേട്ടതിന് ശേഷം ചെയ്തില്ലെങ്കില്‍ നഷ്ടമാവുമെന്ന് തോന്നിയെന്നും കുര്യന്‍ ചാക്കോ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള പഴയ അനുഭവങ്ങളും കുര്യന്‍ പങ്കുവെച്ചിരുന്നു.

‘രണ്ട് കൊല്ലം മുമ്പേ ഒരു ഓണ്‍ലൈന്‍ മീഡിയയില്‍ എന്റെ ഒരു ഇന്റര്‍വ്യു വന്നിരുന്നു. ആ ഇന്റര്‍വ്യു കണ്ടിട്ടാണ് തരുണും ടീമും എന്നെ സമീപിക്കുന്നത്. എനിക്ക് പത്ത് മുപ്പത് കൊല്ലമായി ഫീല്‍ഡുമായി യാതൊരു ടച്ചുമില്ല. എനിക്ക് അത് ചെയ്യാന്‍ പറ്റുമെന്ന് യാതൊരു കോണ്‍ഫിഡന്‍സുമില്ല. അതുകൊണ്ടത് വേണ്ട, ചെയ്യുന്നില്ല എന്നാണ് ഞാന്‍ ആദ്യം തരുണിനോട് പറയുന്നത്. ഒരു പ്രശ്‌നവുമില്ല, ചെയ്യണമെന്നാണ് തരുണ്‍ എന്നോട് പറഞ്ഞത്.

സ്റ്റോറി ഒരു വണ്‍ലൈന്‍ എന്നോട് പറഞ്ഞു. കേട്ടപ്പോള്‍ ചെയ്തില്ലെങ്കില്‍ ജീവിതത്തില്‍ ഒരു നഷ്ടമായിരിക്കും എന്നെനിക്ക് തോന്നി. സൗദി വെള്ളക്ക നല്ലൊരു സിനിമയാണ്. പലര്‍ക്കും കണക്ട് ചെയ്യാന്‍ പറ്റുന്ന സിനിമയാണ്.

സിനിമയിലേക്ക് തിരിച്ച് വന്നപ്പോള്‍ ഞാന്‍ മമ്മൂക്കയെ വിളിച്ചില്ലായിരുന്നു. തരുണ്‍ മമ്മൂക്കയോട് എന്റെ കാര്യം പറഞ്ഞിരുന്നു എന്ന് തോന്നുന്നു. മനസിലായോ എന്ന് ചോദിച്ചപ്പോള്‍ മനസിലായി എന്ന് റിപ്ലെ കൊടുത്തിരുന്നു എന്ന് തരുണ്‍ പറഞ്ഞിരുന്നു. മനു അങ്കിള്‍ കഴിഞ്ഞ് ഞങ്ങള്‍ മൂന്നാല് തവണ പല സ്ഥലങ്ങളില്‍ വെച്ച് കണ്ടിട്ടുണ്ട്. എന്നെ പെട്ടെന്ന് റെക്കഗനൈസ് ചെയ്യും. വിശേഷങ്ങളൊക്കെ തിരക്കാറുണ്ട്.

മനു അങ്കിളിന്റെ സെറ്റില്‍ വെച്ച് ഞങ്ങള്‍ മമ്മൂക്കയുമായി ഭയങ്കര കമ്പനിയായിരുന്നു. മമ്മൂക്ക ഒരു ദേഷ്യക്കാരനാണെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. ഞങ്ങള്‍ പിള്ളേരാണ്. മമ്മൂക്ക ഞങ്ങളോട് വളരെയധികം ഫ്രണ്ട്‌ലിയായിട്ടാണ് സംസാരിക്കുകയും പെരുമാറുകയും ചെയ്തിട്ടുള്ളത്. എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. വട്ടത്തിലിരുന്ന് വര്‍ത്തമാനം പറയും. പിള്ളാരായതുകൊണ്ട് ഞങ്ങള്‍ ഓടിക്കളിക്കും. അല്ലാത്ത സമയങ്ങളിലെല്ലാം ഞങ്ങളെല്ലാം ഒരുമിച്ചാണ്,’ കുര്യന്‍ ചാക്കോ പറഞ്ഞു.

ഡിസംബര്‍ രണ്ടിനാണ് സൗദി വെള്ളക്ക തിയേറ്ററിലെത്തിയത്. ദേവി വര്‍മ, ലുക്മാന്‍ അവറാന്‍, ബിനു പപ്പു, സുജിത്ത് ശങ്കര്‍, ഗോകുലന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Content Highlight: kurian chacko about saudi vellakka and mammootty

We use cookies to give you the best possible experience. Learn more