| Friday, 26th July 2019, 8:17 pm

കുറച്ച് കുട്ടികള്‍

ഉണ്ണി.ആര്‍

വരിവരിയായി നിന്ന്, ഒച്ചയനക്കമില്ലാതെ, ഓരോ നോട്ടത്തിലും ഓരോ ശ്വാസത്തിലും ഓരോ ചുവടിലും അടക്കം അടക്കം വെച്ച കുറച്ചു കുട്ടികള്‍.വാക്കുകളെ ആട്ടിത്തെളിച്ച ഇടയനില്‍ നിന്ന് കണ്ട് പഠിച്ച്, കേട്ട് പഠിച്ച്, കുറിക്കിയെഴുത്തു വിദ്യയ്ക്ക് നിലത്തിരുന്ന കുറച്ചു കുട്ടികള്‍. പക്ഷിയെ, അതോ കണ്ണിനെ, എവിടെയാണ് ഉന്നം വെച്ചത് എന്ന് ആറു മുഴുവന്‍ നീന്തിയിട്ടും തിരിയാതെ പല പല അസ്ത്രങ്ങള്‍ എറിഞ്ഞ്, മുറിഞ്ഞ് ,തഴമ്പിച്ച കൈകളുമായി കുറച്ചു കുട്ടികള്‍.ഊരിത് മലയാളം ?ഊരത് തമിഴകം? ചിന്താവിഹീനാരായി പാലത്തിലൂടെ ഓടിയോടി തളര്‍ന്നു പോയ കുറച്ചു കുട്ടികള്‍. എത്ര ആഴത്തില്‍? എത്ര ഉയരത്തില്‍? കണക്ക് പിഴച്ച് സ്‌ക്കൂളിനു മുറ്റത്ത് നീളത്തില്‍, വട്ടത്തില്‍, ഓടുന്ന കുറച്ചു കുട്ടികള്‍.

ആറ്റിക്കുറുക്കും തോറും എത്ര വീര്യമിതെന്ന് നുണഞ്ഞ കുറച്ച് കുട്ടികള്‍. നുണഞ്ഞു മധുരിച്ചവര്‍,കയ്ച്ചവര്‍, പൊള്ളിയവര്‍ ,ആറ്റിലേക്ക്, ഊരിലേക്ക് കുറുക്കിയെടുക്കുമ്പോള്‍ ഊറുന്ന ആറ്റൂരിലെ സ്‌ക്കൂളിലെ കുറച്ചു കുട്ടികള്‍. ഇപ്പോള്‍ വരും മാഷെന്ന് കരുതി മഴ ,വെയില്‍ ദിക്കുകളില്‍ ചാരിയിരുന്ന് ഉറങ്ങുന്ന കുറച്ചു കുട്ടികള്‍.ചിന്തേരിടും പോലൊരു ഒച്ചയില്‍, ഉണര്‍ന്ന്,മിഴിച്ച്, കൊമ്പും വാലും തൊട്ട് ,പല പല രൂപങ്ങളായി വാക്ക് കുതറുമ്പോള്‍ ആറ്റിയെടുക്കുന്നതിന്റെ രഹസ്യ മറിഞ്ഞുവെന്ന് ,വിശ്വസിച്ച് ആശ്വസിച്ച്, വിടര്‍ത്തിയിട്ട താളുകളിലേക്ക് മടങ്ങുന്ന കുറച്ചു കുട്ടികള്‍. എത്രയെറിഞ്ഞിട്ടും ചൂണ്ടയില്‍ കൊരുങ്ങാതെ, ക്ലാസ്സ് മുറിക്കപ്പുറത്തേക്ക് ചാടിയ ചെറുവിരലോളം പോന്ന മീന്‍ .ആറ്റില്‍ നിന്നും സമുദ്രത്തിലേക്ക് നീന്തും തോറും കടല്‍പോലെ ,ഗാന്ധി പോലെ കുറുക്കിയെടുത്ത ഉപ്പ് .

കടപ്പാട്: സമകാലിക മലയാളം വാരിക

ഉണ്ണി.ആര്‍

We use cookies to give you the best possible experience. Learn more