കോഴിക്കോട്: കുറ്റിച്ചിറയില്‍ മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയയാളെ പൊലീസ് പിടികൂടി. സുന്ദരിയമ്മ കൊലക്കേസില്‍ കോടതി വെറുതെ വിട്ട ജയേഷിനെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞമാസം 26നായിരുന്നു കേസിനാസ്പദമായ സംഭവം.
ട്യൂഷന്‍ ക്ലാസിലേക്ക് പോയ പത്തും പന്ത്രണ്ടും എട്ടും വയസ്സുള്ള കുട്ടികളെ പ്രതി വളര്‍ത്തുമീനിനെ വാങ്ങിത്തരാം എന്നു പറഞ്ഞു കുറ്റിച്ചിറയില്‍നിന്ന് ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഇതില്‍ രണ്ടു കുട്ടികള്‍ ഗുജറാത്തി സ്ട്രീറ്റില്‍ നിന്ന് ഓടിരക്ഷപ്പെട്ടു. പത്തുവയസ്സുകാരനെ ഇയാള്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് വണ്ടിയില്‍ കയറ്റിയിരുത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
ഒരു കാര്‍ വരുമെന്നും ബീച്ചിലൂടെ കറങ്ങാം എന്നും പ്രതി പറഞ്ഞതോടെ ഈ കുട്ടി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
കുട്ടികളുടെ മൊഴിയുടേയും സി.സി.ടി.വി ദൃശ്യങ്ങളുടേയും സഹായത്തിലാണ് ജയേഷിനെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറയുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
2012 ജൂലൈ 21ന് വട്ടക്കിണറിനു സമീപം സുന്ദരിയമ്മ എന്ന വയോധിക വെട്ടേറ്റു കൊല്ലപ്പെട്ട കേസില്‍ ജയേഷിനെ ക്രൈംബ്രാഞ്ച് പിടികൂടുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. അന്ന് മീഞ്ചന്തക്കടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു ജയേഷ്.
പിന്നീട് ഈ സംഭവത്തെ ആസ്പദമാക്കി ടൊവിനോ തോമസിനെ നായകനാക്കി ‘കുപ്രസിദ്ധ പയ്യന്‍’ എന്ന പേരില്‍ മധുപാല്‍ ഒരു സിനിമ സംവിധാനം ചെയ്തിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kuprasidha Payyan Jayesh arrested for kidanapping