കുന്ദമംഗലം: കരള്‍രോഗത്തിന് ചികിത്സ തേടുന്ന നടന്‍ വിജയന്‍ കാരന്തൂരിന് വേണ്ടി ധനസമാഹരണം നടത്തി കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല് കമ്മിറ്റി.
മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷമാണ് ധനസമാഹരണം നടന്നത്.
നേരത്തെ കരള്‍ മാറ്റി വെക്കുന്നതിനും ചികിത്സക്കും വേണ്ടി വിജയന്‍ കാരന്തൂര്‍ സമൂഹമാധ്യമങ്ങളിലൂടെ സഹായമഭ്യര്‍ത്ഥിച്ചതിന് പിന്നാലെ തന്നെ പള്ളിക്കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യുകയും വെള്ളിയാഴ്ച ധനസമാഹരണം നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
ആദ്യമായാണ് ഒരു പള്ളിക്കമ്മിറ്റി വിഷയത്തില്‍ ഇടപെടുന്നത്.
നടന്റെ ചികിത്സാ സഹായത്തിന് വേണ്ടി എം.എല്‍.എ അഡ്വ. പി.ടി.എ. റഹീമിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ രോഗാവസ്ഥ വിശദീകരിച്ചുകൊണ്ട് വിജയന്‍ കാരന്തൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി കരള്‍ രോഗത്തിന് ചികിത്സയിലാണ് നടന്‍. മൂന്ന് മാസം മുമ്പ് രണ്ടാം തവണയും കൊവിഡ് ബാധിതനായതിന് പിന്നാലെയായിരുന്നു രോഗം മൂര്‍ച്ഛിച്ചത്.
മരം എന്ന സിനിമയിലൂടെയായിരുന്നു വിജയന്‍ കാരന്തൂര്‍ മലയാള സിനിമയിലെത്തിയത്.
വേഷം, ചന്ദ്രോത്സവം, വാസ്തവം, ഇയ്യോബിന്റെ പുസ്തകം, മായാവി, നസ്രാണി, പാലേരി മാണിക്യം, രാജമാണിക്യം, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, അണ്ടര്‍ വേള്‍ഡ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
സിനിമകള്‍ക്ക് പുറമെ നാടകങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്.
Content Highlight: Kunnamangalam mahallu committee collects money for the treatment of actor Vijayan Karanthoor