'കുഞ്ഞിരാമന്റെ കുപ്പായം' ജൂണ്‍ 21ന് റിലീസ്
Malayalam Cinema
'കുഞ്ഞിരാമന്റെ കുപ്പായം' ജൂണ്‍ 21ന് റിലീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th June 2019, 8:06 pm

കൊച്ചി: സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്റെ കുപ്പായം’ റിലീസ് ജൂണ്‍ 21 ന്. കേരളത്തിലും തമിഴ്നാട്ടിലും റിലീസ് ചെയ്യാനിരുന്ന ചിത്രം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് റിലീസ് ചെയ്യരുതെന്ന ചില സംഘടനകളുടെ അപ്രഖ്യാപിത വിലക്കിനെ തുടര്‍ന്നാണ് ജൂണ്‍ 21 ലേക്ക് നീട്ടി വെച്ചത്.

എന്നാല്‍ ഒരു മതത്തേയും ഇകഴ്ത്താനോ പുകഴ്ത്താനോ സിനിമ ഉദ്ദേശിച്ചിട്ടെന്നും ടീസര്‍ മാത്രം കണ്ട് ഒരു സിനിമയെ വിലയിരുത്തരുതെന്നും സിനിമാ സംഘാടകര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. സിനിമക്കെതിരെ ശബ്ദമുയര്‍ത്തിയ ആര്‍ക്കുമെതിരെ നിയമനടപടിക്ക് പോയിട്ടില്ല.

ഇത് വരെ സിനിമാ ലോകം ചര്‍ച്ച ചെയ്യാത്ത കഥയാണ് കുഞ്ഞിരാമന്റെ കുപ്പായമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എന്തിനാണ് മതം മാറിയത്? ആരാണ് മതം മാറ്റിയത്? പ്രണയിച്ചാല്‍ മതം മാറ്റണമെന്നുണ്ടോ? മതം മാറിയാല്‍ ലഭിക്കുന്ന നേട്ടമെന്ത് തുടങ്ങി നിരവധി ചോദ്യങ്ങളിലൂടെയാണ് സിനിമ കടന്നുപോകുന്നതെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

തലൈവാസല്‍ വിജയ്, മേജര്‍ രവി, ശ്രീരാമന്‍, സജിതാ മഠത്തില്‍ , ലിന്റാ കുമാര്‍, ഗിരിധര്‍, അശോക് മഹീന്ദ്ര, പ്രകാശ് പയ്യാനക്കല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആരാം എന്റര്‍ടൈയ്മെന്റ്, സെഞ്ച്വറി വിഷ്വല്‍ മീഡിയ എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാജേഷ് രാജു നിര്‍വ്വഹിക്കുന്നു. സിദീഖ് ചേന്ദമംഗല്ലൂര്‍, ഹരിപ്രസാദ് കോളേരി എന്നിവര്‍ തിരക്കഥ, സംഭാഷണമെഴുതിയ ചിത്രത്തില്‍ പി.കെ ഗോപിയുടെ വരികള്‍ക്ക് സിറാജ് സംഗീതം പകരുന്നു.

മഖ്ബൂല്‍ മണ്‍സൂര്‍, സിതാര ബാലകൃഷ്ണന്‍ എന്നിവരാണ് ഗായകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നിസാര്‍ മുഹമ്മദ്, കല രാജേഷ് കല്പത്തൂര്‍, മേക്കപ്പ് ബോബന്‍ വരാപ്പുഴ, വസ്ത്രാലങ്കാരം രാധാകൃഷ്ണന്‍ മങ്ങാട്, സ്റ്റില്‍സ് അനില്‍ പേരാമ്പ്ര, പരസ്യകല സജീഷ് എം ഡിസൈന്‍, എഡിറ്റര്‍ സഫ്ത്തര്‍ മര്‍വ,അസോസിയേറ്റ് ഡയറക്ടര്‍ കെ ജി ഷൈജു, ആസിഫ് കുറ്റിപ്പുറം, നൃത്തം റജിന്‍ ജോയ്, അസോസിയേറ്റ് ക്യാമറമാന്‍ നാരായണ സ്വാമി, ശ്രീകുമാര്‍ കണ്ണാട്ട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ചെന്താമരാക്ഷന്‍. ടീം സിനിമയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്