| Monday, 15th August 2022, 11:48 pm

കേസ് വാദിച്ച കോടതി മുഴുവന്‍ സെറ്റിട്ടത്; ന്നാ താന്‍ കേസ് കൊടിലെ അനുഭവങ്ങള്‍ പങ്കുവെച്ച് കുഞ്ഞികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ച നടനാണ് മജിസ്‌ട്രേറ്റിനെ അവതരിപ്പിച്ച പി.പി. കുഞ്ഞികൃഷ്ണന്‍. കാസര്‍ഗോഡ് പടന്ന ഗ്രാമപഞ്ചായത്ത് മെമ്പറായ കുഞ്ഞികൃഷ്ണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയപ്പെട്ട അധ്യാപകന്‍ കൂടിയാണ്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞികൃഷ്ണന്‍.

‘ഷൂട്ടിനിടയില്‍ ബുദ്ധിമുട്ട് തോന്നിയില്ല. കാരണം സംവിധായകന്‍ അത്രയും സ്വാതന്ത്ര്യം നല്‍കിയിരുന്നു. ആ സ്വാതന്ത്ര്യം തന്നു എന്നുള്ളതാണ് ആ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. സിനിമയിലുള്ള എല്ലാ നടന്മാരോടും അദ്ദേഹം അങ്ങനെ തന്നെയാണ് പെരുമാറിയത്. ഒരിക്കല്‍ പോലും റഫായി സംസാരിച്ചില്ല.

സംവിധായകന്‍ എന്ന നിലയില്‍ ഒരു ആജ്ഞാസ്വരം ഉണ്ടായിട്ടില്ല. അത് ഒരു പോസിറ്റീവാണ്. അല്ലെങ്കില്‍ സമ്മര്‍ദ്ദമായേനേ. സമ്മര്‍ദ്ദമായാല്‍ ചിലപ്പോള്‍ അഭിനയിക്കണമെന്ന് വിചാരിക്കുന്നത് പോലും കിട്ടില്ല. ആ രീതിയില്‍ ഒരു സമ്മര്‍ദ്ദവുമില്ലാതെ അദ്ദേഹം നമ്മളോട് സംസാരിച്ചു. അതിന്റെ ഗുണം ഈ സിനിമക്ക് ഉണ്ടായിട്ടുണ്ട്,’ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

‘ചായ കൊണ്ടുവരുന്ന ആളുകള്‍ മുതല്‍ ചിത്രത്തിന്റെ പുറകിലുള്ള ടെക്‌നിഷ്യന്‍സ് വരെയുള്ളവരുടെ അധ്വാനത്തിന്റെ ഫലമാണ് നമ്മുക്ക് കിട്ടുന്നത്. എന്നാല്‍ അവരൊന്നും ചിത്രത്തിലേ ഇല്ല. കോടതി ഒക്കെ ഉണ്ടാക്കാന്‍ കഷ്ടപ്പെട്ട ആളുകളുണ്ട്. കോടതി മുഴുവന്‍ സെറ്റിട്ടതാണ്. അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്. അതെല്ലാം ഓര്‍ക്കുമ്പോള്‍ നമ്മള്‍ ഒന്നുമല്ല.

സ്‌ക്രിപ്റ്റിലുള്ള ഡയലോഗുകള്‍ തന്നെയാണ് ഞങ്ങള്‍ പറഞ്ഞത്. പക്ഷേ പറയുമ്പോള്‍ ചെറിയ മാറ്റം വരുന്നുണ്ട്. അത് മതി കുഴപ്പമില്ലെന്ന് സംവിധായകന്‍ പറയും. സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുമില്ല. ഞാന്‍ അതിന് വേണ്ടി ശ്രമിച്ചിട്ടുമില്ല,’ കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായത്. ചിത്രം മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Content Highlight: Kunjikrishnan shared his experiences during the shoot of nna than case kodu 

Latest Stories

We use cookies to give you the best possible experience. Learn more