| Monday, 20th November 2023, 9:18 pm

പടയും നായട്ടുമെല്ലാം കണ്ട് ഇത്‌ ചോക്ലേറ്റ് ഹീറോയല്ലേയെന്ന് തോന്നിയാൽ അവിടെയെല്ലാം കഴിഞ്ഞു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. ഫാസിൽ ഒരുക്കിയ അനിയത്തിപ്രാവിലൂടെ കടന്നുവന്ന താരം പിന്നീട് ചെയ്ത വേഷങ്ങളെല്ലാം റൊമാന്റിക് ഹീറോ ഇമേജിലുള്ളതായിരുന്നു. എന്നാൽ കാലങ്ങൾക്കിപ്പുറം വ്യത്യസ്ത പ്രകടനങ്ങളിലൂടെ കയ്യടി നേടുന്നുണ്ട് താരം.

കഥാപാത്രത്തിന്റെ തെരഞ്ഞെടുപ്പിൽ താൻ വരുത്തിയ മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് ചാക്കോച്ചൻ.

ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചപ്പോൾ അതിനായി നന്നായി ശ്രമിച്ചുവെന്നും താൻ ചെയ്യുന്ന കഥാപാത്രങ്ങൾ അതേ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തുമ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ടെന്നും താരം മിർച്ചി മലയാളത്തോട് പറഞ്ഞു.

‘ ഒരു ഇടക്കാലത്ത് ഇടവേള എടുക്കുന്നതിന് മുൻപ് വരെയുള്ള സമയങ്ങളിൽ ഒരു ചോക്ലേറ്റ് ഹീറോ ഇമേജ് എന്നത് വലിയൊരു തടസം തന്നെ ആയിരുന്നു. ആ സമയത്ത് എന്നെ തേടി പുതിയ കഥാപാത്രങ്ങൾ എത്തുന്നതും പുതിയ വേഷങ്ങളിലേക്ക് സംവിധായകർ എന്നെ പരിഗണിക്കുന്നതുമൊക്കെ വളരെ കുറവായിരുന്നു.

പിന്നീട് തിരിച്ചുവരവിന് ഒരുങ്ങുമ്പോൾ മാറ്റങ്ങൾ വേണമെന്ന് ആഗ്രഹിച്ച് അതിനനുസരിച്ച് തന്നെ ശ്രമിക്കാൻ തുടങ്ങിയിരുന്നു. ആ ഒരു ചോക്ലേറ്റ് ഇമേജ് ഉണ്ടെങ്കിൽ തന്നെ കഥാപാത്രങ്ങളായി അല്ലെങ്കിൽ സിനിമയിൽ ആ രീതിയിൽ കാണാൻ പറ്റാത്തത് കൊണ്ടാണ് അങ്ങനെയുള്ള കഥാപാത്രങ്ങൾ വരുന്നതും പ്രേക്ഷകർ അത് അംഗീകരിക്കുന്നതും.

പടയിലും നായാട്ടിലും അറിയിപ്പിലുമെല്ലാം അഭിനയിക്കുമ്പോൾ എന്നെ കണ്ടിട്ട്, ഇത്‌ നമ്മുടെ ചോക്ലേറ്റ് ചാക്കോച്ചനല്ലേ എന്ന് പ്രേക്ഷകർ പറഞ്ഞാൽ അവിടെ എല്ലാം കഴിഞ്ഞില്ലേ.

സിനിമയ്ക്ക് പുറത്ത് ആളുകൾ എന്നെ സോ കോൾഡ് റൊമാന്റിക് ഹീറോ എന്ന് വിളിക്കുമെങ്കിലും സ്‌ക്രീനിൽ ഇപ്പോൾ ചെയ്യുന്ന വേഷങ്ങൾ കാണുമ്പോൾ ആ രീതിയിൽ അല്ല പരിഗണിക്കുന്നതെന്നത് ഒരു വലിയ ഭാഗ്യമാണ്. പിന്നെ ഓഫ്‌ സ്ക്രീൻ റൊമാന്റിക് ഹീറോ എന്ന് വിളിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്( ചിരി).

എന്നാൽ ഒരു നടൻ എന്ന നിലയിൽ ഞാൻ ഓൺ സ്‌ക്രീനിൽ ചെയ്യുന്ന കഥാപാത്രങ്ങൾ അതേ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട് എന്നതാണ് എനിക്ക് കൂടുതൽ ഊർജവും കുറച്ച് കാലം കൂടി നമുക്ക് പിടിച്ച് നിൽക്കാം എന്ന തോന്നലും ഉണ്ടാക്കുന്നത്,’ കുഞ്ചാക്കോ ബോബൻ പറയുന്നു.

Content Highlight: Kunjchako Boban Talk About His Character Selections

We use cookies to give you the best possible experience. Learn more