|

ടി.പി വധം: കുഞ്ഞനന്തനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ സി.പി.ഐ.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗം പി.കെ കുഞ്ഞനന്തനെ കോടതി റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്റ്.  കുഞ്ഞനന്തന്റെ പോലീസ് കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് റിമാന്‍ഡ് ചെയ്തത്. വടകര സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്.

കഴിഞ്ഞ മാസം 23ന് കോടതിയില്‍ കീഴടങ്ങിയ കുഞ്ഞനന്തനെ  പത്തു ദിവസത്തേക്കായിരുന്നു നേരത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കുന്നുമ്മക്കര ലോക്കന്‍ കമ്മിറ്റിയംഗം കെ.സി രാമകൃഷ്ണന്‍ പിടിയിലായതോടുകൂടിയാണ് കേസില്‍ കുഞ്ഞനന്തന്റെ പങ്ക് വ്യക്തമായത്. കെ.സി രാമകൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും കുഞ്ഞനന്തനുമായി പലവട്ടം ബന്ധപ്പെട്ടതായി വ്യക്തമായിരുന്നു.

കേസില്‍ പിടിയിലായ മുഖ്യപ്രതി കൊടിസുനിയും കുഞ്ഞനന്തനെതിരെ മൊഴി നല്‍കിയിരുന്നു. ടി.പി ചന്ദ്രശേഖരന്‍ പാര്‍ട്ടിക്ക് ശല്യമാണെന്നും അതിനാല്‍ വധിക്കണമെന്നും കുഞ്ഞനന്തന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കൊടി സുനി മൊഴി നല്‍കിയത്. ടി.പിയെ വധിക്കാനുള്ള കണ്ണികളെ ബന്ധിപ്പിക്കുന്നതില്‍ പദ്ധതികള്‍ തയ്യാറാക്കിയത് കുഞ്ഞനന്തനാണെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.