കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണ സംഘം തിരയുന്ന സി.പി.ഐ.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തലശ്ശേരി സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കുഞ്ഞനന്തനാണ് ടി.പി വധത്തിനു പിന്നില്‍ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചതെന്നും മുന്‍കൂര്‍ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും പറഞ്ഞുകൊണ്ട് പ്രോസിക്യൂഷന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. ടി.പിയെ വധിക്കാനുള്ള ഗൂഢാലോചന നടന്നത് കുഞ്ഞനന്തന്റെ നേതൃത്വത്തിലാണെന്ന് പ്രോസിക്യൂഷന്‍ ഇന്നലെ വാദിച്ചിരുന്നു.
എന്നാല്‍ പൊതുപ്രവര്‍ത്തകനായ കുഞ്ഞനന്തന്‍ നിരപരാധിയാണെന്നും കസ്റ്റഡിയിലെടുത്തവരെ പൊലീസ് ക്രൂരമായി പീഡിപ്പിക്കുകയാണെന്നും അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണെന്നും അതിനാല്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗവും വാദിച്ചു.
എന്നാല്‍ പൊലീസിന്റെ വാദം കണക്കിലെടുത്ത് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. അതേസമയം കീഴടങ്ങാന്‍ തയ്യാറാണെന്ന് കുഞ്ഞനന്തന്‍ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ കീഴടങ്ങേണ്ടെന്നും തങ്ങള്‍ അറസ്റ്റ് ചെയ്‌തോളാമെന്നുമുള്ള നിലപാടിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍.
കണ്ണൂരിലും പാനൂരിലുമായി കുഞ്ഞനന്തനായി വ്യാപകമായ തിരച്ചിലാണ് പോലീസ് നടത്തുന്നത്.