മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ കുഞ്ചന്‍. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിനെ താന്‍ ചെറുപ്പം മുതലേ കാണുന്നതാണെന്നും ആ ബഹുമാനം തന്നോടുണ്ടെന്നും കുഞ്ചന്‍ പറഞ്ഞു. തന്റെ കല്യാണം അടുത്തിരിക്കുന്ന ദിവസം പറയാതെ തന്നെ മമ്മൂട്ടി സഹായിച്ച കാര്യവും കുഞ്ചന്‍ പറഞ്ഞു. കാന്‍ചാനല്‍മീഡിയയിലെ അഭിമുഖത്തിലാണ് ഇദ്ദേഹം തന്റെ മനസുതുറന്നത്.
‘എനിക്ക് മമ്മൂക്കയുമായുള്ള ബന്ധം വലുതാണ്. അദ്ദേഹത്തിന്റെ ഭാര്യ സുലു എന്റെ ജ്യേഷ്ഠന്റെ കൂട്ടുകാരന്റെ മകളാണ്. ചെറുപ്പം മുതലേ ഞാന്‍ കാണുന്നതാണ്. ഞാന്‍ എടുത്തുകൊണ്ട് നടന്നതാണ് അവളെ. ഒരു ചേട്ടനെ പോലെ അതെ സ്‌നേഹ ബഹുമാനത്തോടെയാണ് എന്നെ കാണുന്നത്. നല്ല അടക്കവും ഒതുക്കവുമുള്ള കുട്ടിയയാണ് അവള്‍. അതുപോലെ തന്നെയാണ് മക്കളും.
ദുല്‍ഖറിനായാലും മകള്‍ക്കായാലും എന്തൊക്കെ അഹങ്കാരം വേണമെങ്കിലും കാണിക്കാം. ഞാന്‍ ഇപ്പോള്‍ റോഡില്‍ കൂടി പോവുകയാണെകില്‍ അവള്‍ വണ്ടി നിര്‍ത്തി കുഞ്ചന്‍ അങ്കിള്‍ എന്നും പറഞ്ഞു കെട്ടിപിടിച്ച് ഉമ്മ തന്നിട്ടേ പോവുകയുള്ളു. അത്രയും എളിമയുള്ളവരാണ് അവര്‍. അതിനു കാരണം വളര്‍ത്തിയതിന്റെ ഗുണമാണ്. എത്രയോ ആക്ടേഴ്സിന്റെ മക്കളെ നമ്മള്‍ കണ്ടിരിക്കുന്നു. ചിലര്‍ നന്നാകും ചിലര്‍ നന്നാകില്ല അതൊക്കെ അവരെ വളര്‍ത്തിയെടുക്കുന്നതിന്റെ ഗുണമാണ്. അതിപ്പോള്‍ നമ്മുടെ മക്കളായാലും നമ്മള്‍ വളര്‍ത്തുന്ന രീതി അനുസരിച്ചിരിക്കും,’ കുഞ്ചന്‍ പറഞ്ഞു.
‘ഞാന്‍ ആദ്യമായി മമ്മൂക്കയെ കാണുന്നത് വിദ്യ വാഹിനി സ്റ്റുഡിയോയില്‍ വെച്ചാണ്. അന്നദ്ദേഹം വേറെ ഏതോ സിനിമയുടെ ഷൂട്ടിങ്ങിനു വന്നതാണ്. അന്നെന്റെ കല്യാണം അടുത്തിരിക്കുന്ന സമയമായിരുന്നു. കല്യാണം ഒക്കെ അടുത്തുവരുന്നു, ഒരു പതിനായിരം രൂപ എങ്കിലും കയ്യില്‍ വേണമെന്ന് ഞാന്‍ സ്റ്റുഡിയോയില്‍ ഇരുന്നു പറഞ്ഞു. അദ്ദേഹം നില്‍ക്കുന്നത് കണ്ടിട്ടില്ല.
കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പറയാതെ തന്നെ ഒരു പതിനായിരം രൂപ എന്റെ കയ്യില്‍ കൊണ്ടുവന്നു തന്നു. കല്യാണം ഒക്കെ കഴിഞ്ഞിട്ട് നമുക്ക് ആലോചിക്കാം എന്ന് പറഞ്ഞ് പോയി. പിന്നീട് ഞാന്‍ രണ്ട് മാസം കഴിഞ്ഞപ്പോള്‍ തിരിച്ച് കൊടുത്തു. കാണുമ്പോള്‍ സംസാരിക്കുമെന്നതല്ലാതെ അന്നങ്ങനെ വലിയ സൗഹൃദം ഒന്നുമില്ല ഞങ്ങള്‍ തമ്മില്‍. അത്രയും നല്ല മനസിനുടമയാണ് അദ്ദേഹം,’ കുഞ്ചന്‍ പറഞ്ഞു.
പുഴുവാണ് അടുത്തിടെ പുറത്തിറങ്ങിയ ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രം. നവാഗതനായ റത്തിനയാണ് ചിത്രം സംവിധാനം ചെയ്തത്. പാര്‍വതി, അപ്പുണ്ണി ശശി, വാസുദേവ് സജീഷ്, നെടുമുടി വേണു, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlight: kunjan about mammootty and his family